Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

താങ്ക്സ് ഗിവിങ് ഡേ- ദൈവത്തിന്റെ ജനനത്തിന്റെ തയാറെടുപ്പുകൾ

thanks-giving

ദൈവത്തിലേക്കുള്ള വഴി എന്നും വിശേഷിപ്പിക്കാവുന്ന താങ്ക്സ് ഗിവിംഗ്  ഡേയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ലക്ഷക്കണക്കിന് സന്ദേശങ്ങളാണ് ലോകമെമ്പാടും നിമിഷനേരം കൊണ്ട് ചെന്നെത്തപ്പെടുന്നത്. ബന്ധങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ചു, കുടുംബത്തിന്റെ ആവശ്യകതയെക്കുറിച്ച് വീണ്ടും നമ്മെ ഓരോരുത്തരെയും ഓർമ്മപ്പെടുത്താനുള്ള അവസരം കൂടിയാണിത്. ഈ ചിന്തയിൽനിന്ന് താങ്ക്സ് ഗിവിംഗ് ഡേ നമ്മെ പലതും പഠിപ്പിക്കുന്നത് എന്തൊക്കെയാണ്? നാം കാണുന്നതെല്ലാം നാം സ്വയം നേടിയതാണോ? ഭുമി, ജലം, അഗ്നി, വായു, ആകാശം ഇതെല്ലാം ഈശ്വരന്റേതാണ്. ഒന്നും നമ്മുടേതല്ല, എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കപ്പെടുന്നു. നാം പ്രകൃതിയിൽ നേടി, നിയന്ത്രണശക്തി കൈവശപ്പെടുത്തി എന്ന് അഹങ്കരിക്കതൊന്നും നമ്മുടേതല്ല, ദൈവം ദാനമായി തന്നതാണെന്ന് . നാം സ്വസ്തമായി, സമാധാനമായി ഇതെല്ലാം ചിന്തിക്കാനും മനസിലാക്കാനും നന്ദി പറയാനും ഉള്ള അവസരമാണ് താങ്ക്സ് ഗിവിംഗ് അഥവാ ധന്യവാദം.

ഭൂമിയിലുള്ളതെല്ലാം മനുഷ്യനുവേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്നുള്ള മിഥ്യാബോധം നാം പൂർണ്ണമായി മനസ്സിൽനിന്ന് മാറ്റിയെടുക്കണം. നാം പോലും നമ്മുടേതല്ല എന്ന ചിന്ത നമ്മിൽ ഓരോരുത്തർക്കും ഉണ്ടായാൽ നമ്മുടെ ജീവിതവും ജീവിതരീതിയും ദൈവം കാണിച്ചുതന്ന വഴിയിലൂടെയാണ് പോകുന്നത് എന്ന് തീർച്ചപ്പെടുത്താം. സ്നേഹത്തിന്റെ ഭാഷ നാം ഓരോരുത്തരരും പഠിക്കണം. ദൈവം നമ്മെ പഠിപ്പിച്ച സ്നേഹത്തിൽ നിലനിൽക്കുന്ന ജീവിതശൈലി, അതായത് നമ്മെ ദൈവം എത്രമാത്രം സ്നേഹിക്കുന്നുവോ അത്രമാത്രം നാം നമുടെ സഹോദരങ്ങളെയും കുടുംബത്തെയും സ്നേഹിക്കണം. ദൈവം നമ്മെ പഠിപ്പിച്ച സ്നേഹത്തിന്റെ ഭാഷ നമ്മുടെ ഉള്ളിൽ നിന്ന് ചോർന്നു പോകാൻ പാടില്ല. ഏതൊരു അവസരത്തിലും കാഴ്ചപ്പാടുകളിൽ നിന്നു പോലും ദൈവം ഉണ്ടാക്കിയതെല്ലാം ഒരു കാറ്റിലും മഴയിലും  മറഞ്ഞുപോകാവുന്നതേയുള്ളു. ശാശ്വതമായത് ഒന്നുമാത്രമേയുള്ളു ദൈവം എന്ന സത്യം. ഇന്ന് ഒരേഭാഷ സംസാരിക്കുന്ന മനുഷ്യരായ നമ്മൾ ഓരോരുത്തരും സ്നേഹത്തിന്റെ ഭാഷ മറന്നു പോയിരിക്കുന്നു. ഈ താങ്ക്സ് ഗിവിംഗ് ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നത് ഈ  സ്നേഹത്തിന്റെ ഭാഷയുടെ മഹത്വങ്ങൾ ആണ്. സ്നേഹത്തെ ഓർമ്മിപ്പിക്കാൻ നമുക്കൊരു ദിവസം വേണം എന്നല്ല, മറിച്ച് ഇത് ആ സ്നേഹത്തെ നാം വീണ്ടും ശക്തിപ്പെടുത്തുന്നു മനസ്സിലും ജീവിതത്തിലും. 

ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന്ന ക്രിസ്തുമസ്‌, ആഘോഷങ്ങളുടെയും പ്രതീക്ഷകളുടെയും പുതു പുത്തൻ അനുഭവങ്ങളുടെ കാലമാണ്‌. അതിന്റെ തുടക്കം മാത്രമാണ് ഈ താങ്ക്സ് ഗിവിംഗ് എന്ന ഈ മാസത്തിന്റെ 22, 30 തിയതികൾ.  മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കലും കൂടിയാണിത്. ആ സദ്‌വാര്‍ത്തക്കായി ലോകം കാതോർത്തിരിക്കുന്നതിന്റെയും തയാറെടുപ്പുകളുടെയും മാസം. ‘ലോകസമാധാനത്തിന്റെ മിശ്ശിഹായുടെ ജനനം’ ലോകത്തെ അറിയിക്കാൻ ചുമതലപ്പെട്ടവരാണ്‌ നമ്മൾ ഒരോരുത്തരും. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദീപശിഖയുമേന്തി ദൈവത്തിന്റെ ദൂതരായി നാം സ്വയം വരിക്കപ്പെടുന്നു. സമാധാനത്തിന്റെ സന്ദേശവുമായി എത്തുന്ന, തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിനു സമ്മാനിച്ച ദൈവം ആ ജനനത്തിന്റെ ഓര്‍മ്മയാണ് ക്രിസ്തുമസ്. 

ഈ ഭൂമിയിലെ പ്രവാസിയായ നമ്മെ, ജീവിതത്തിൽ നിന്നും നമ്മുടെ ഉറ്റവരുടെയും, ബന്ധുക്കാരുടെയും അടുത്തേക്ക് വിളിക്കുന്ന ആ പ്രചോദനം. നമ്മെ നയിക്കുന്ന ഭൂജാതനവന്റെ ഓർമ്മ, ബന്ധങ്ങൾ പുതുക്കാൻ സഹായിക്കുന്നു. വര്‍ഷത്തിലൊരിക്കൽ എത്തുന്ന ക്രിസ്മസിനു നാട്ടിലെത്തി ബന്ധുക്കളെയും കൂട്ടുകാരെയും വീട്ടുകാരെയെയും കണ്ടു കേട്ട്‌, അവര്‍ക്കുള്ള ഉപഹാരങ്ങളും നല്‍കി ഒരു വര്‍ഷത്തെ സ്നേഹം മുഴുവൻ കോരിനിറച്ച മനസ്സുമായി തിരിച്ചു പോരാൻ വിധിക്കപ്പെട്ട പ്രവാസി. ഇതിനിടയിൽ നഷ്ടപ്പെടുന്ന ഒരു പിടി ബന്ധങ്ങൾ കോര്‍ത്തിണക്കി സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സമയം നമ്മൾ നേടിയെടുക്കുന്നു. ക്രിസ്മസ് ആഘോഷത്തിനു മധുരം പകരനായി ഒരു മാസത്തിനു മുന്‍പേ തയാറാക്കപ്പെടുന്ന ക്രിസ്മസ് കേക്കുകൾ. 

ഉണക്കമുന്തിരിയും, പറങ്കിയണ്ടിയും, എല്ലാം കുതിര്‍ത്തുവെച്ച്‌ വല്ല്യമ്മച്ചിയുടെ ആ പഴയ കീറിപ്പറിഞ്ഞ പുസ്തകത്താളുകളിൽ നിന്ന് നാം വായിച്ചുണ്ടാക്കുന്ന ‘വല്യമ്മച്ചിയുടെ’ കേക്കിന്റെ മധുരം ഇന്നും നാവിൻ തുമ്പിൽ മായാതെ നില്‍ക്കുന്നു. പിന്നെ വീഞ്ഞ്‌, ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക്‌ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു വിഭവമാണ്‌. വീര്യം കുറഞ്ഞ മുന്തിരിച്ചാറിൽ നിന്നും മാത്രം ഉണ്ടാക്കിയെടുക്കുന്ന വീഞ്ഞ്‌. പണ്ട്‌ ഒക്ടോബർ മാസത്തിൽ, മണ്‍ഭരണികളിൽ, ചേരുവകൾ എല്ലാം ചേര്‍ത്ത്‌ മൂടിക്കെട്ടി വക്കുന്നു. താങ്ക്സ് ഗിവിംഗ് മാസങ്ങളിൽ ഊറ്റിയെടുത്ത് കുപ്പികളിലാക്കുന്ന വീഞ്ഞ്‌, ക്രിസ്തുമസ്‌ രാത്രിയിൽ മാത്രമേ തുറക്കുകയുള്ളു. പിന്നെ കുരുമുളകു തേച്ചു പൊള്ളിച്ച താറാവിറച്ചിയാണ്  താങ്ക്സ് ഗിവിംഗ് ദിവസത്തിന്റെ മുഖ്യതാരം. അങ്ങനെ, വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണും എല്ലാ അമേരിക്കൻ ഇംഗ്ലണ്ട് വീടുകളിൽ. നമ്മുടെ കേരളത്തിൽ അത്ര പ്രചാരമായി ആഘോഷിക്കപ്പെടാറില്ലെങ്കിൽ പോലും കിസ്തുമസ് സ്റ്റാറുകളും മറ്റെല്ലാ അലങ്കാരങ്ങളും ക്രിസ്തുമസ് ട്രീയും തയാറാക്കുന്നു.  

ഈ മണലാരണ്യ ദേശത്ത്‌ നമ്മൾ നാട്ടിലെ പോലെ എല്ലാം ആഘോഷിക്കുമ്പോഴും പങ്കെടുക്കുമ്പോഴും നമ്മുടെ നാടിനെക്കുറിച്ചും മലയാളത്തെക്കുറിച്ചും വിദേശത്തു ജനിച്ച നമ്മുടെ കുട്ടികൾക്കും വരും തലമുറയ്ക്കും ഇങ്ങനെയുള്ള ആഘോഷങ്ങൾ ഒരു അവബോധം ആയിത്തീരട്ടെ. വരും കാലങ്ങളിൽ വിദേശത്തു വസിക്കുന്ന പുതിയ തലമുറ നമ്മുടെ നാട് വെറുമൊരു അവധിക്കാല റിസോർട്ട് ആക്കി മാറ്റാതിരിക്കട്ടെ. ഈ മണലാരണ്യത്തിൽ കുറെ നഷ്ടങ്ങളുടെയും, തെറ്റിപ്പോയ മനക്കോട്ടകളുടെയും കണക്കു കൂട്ടലുകളുടെയും ഇടയിൽ ക്രിസ്തുവിന്റെ സ്നേഹസമ്പൂര്‍ണ്ണമായ ഈ ദിവസങ്ങൾ വീണ്ടും ഒരു സ്നേഹത്തിന്റെ വൻമഴ പെയ്യിക്കട്ടെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉടനീളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.