Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എട്ടു നോയമ്പ് : ലോകമാതാവായ കന്യാമറിയം

 സപ്ന അനു ബി.ജോർജ്
st-mary

ക്രിസ്ത്യൻ മുസ്‌ലിം വിശ്വാസപ്രകാരം യേശുവിന്റെ മാതാവാണ് മറിയം. ലോക രക്ഷകനായി ഭൂമിയില്‍ വന്നു പിറന്ന ദൈവ പുത്രന്‍, നസ്രേത്തിലെ യേശുവിന്‍റെ അമ്മയാണ് കന്യകയായ മേരി എന്ന മറിയ. ദൈവത്തിന്‍റെ ദിവ്യാത്ഭുതമായാണു മേരിയുടെ വിശുദ്ധ ഗര്‍ഭത്തെ ക്രിസ്ത്യാനികളും മുസ്‍ലിംകളും കാണുന്നത്. മേരിയോളജി എന്ന പേരില്‍ ഒരു ക്രിസ്തീയ ദൈവശാസ്ത്ര ശാഖ തന്നെയുണ്ട്. കന്യാമറിയം പല പേരുകളിലും അറിയപ്പെടുന്നു. കത്തോലിക്കരും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയും ദൈവത്തെ ഗര്‍ഭം ധരിച്ചവളെന്ന് ഗ്രീക്കില്‍ അര്‍ത്ഥമുള്ള ‘തിയോ ടോക്കോസ്’ എന്നും ‘സെന്‍റ്.മേരി’ എന്നും വിളിക്കുന്നു. 

പള്ളിയുടെ മാതാവ്, എല്ലാ വിശുദ്ധകളുടെയും രാജ്ഞി, ദൈവ മാതാവ്, മാലാഖമാരുടെ രാജ്ഞി, സ്വര്‍ഗ്ഗ രാജ്യത്തിലെ രാജ്ഞി എല്ലാം കന്യാമറിയത്തിന്‍റെ ദിവ്യ നാമങ്ങളാണ്. കേരളത്തില്‍ സഹായമാതാവ്, ആരോഗ്യമാതാവ്, വ്യാകുല മാതാവ്, ഫാത്തിമ നാഥ, അമലോല്‍ഭവ എന്നിങ്ങനെയും കന്യാമറിയത്തെ ആരാധിക്കുന്നുണ്ട്. തിന്മയുടെ  ഈ ലോകത്തിൽ ക്രിസ്തുവിനെ ദര്‍ശിക്കാൻ കഴിയാത്ത, തന്റെ മകന്റെ നന്മകളെയും മനസ്സിലാക്കാത്ത മക്കളെക്കുറിച്ചോര്‍ത്തു പരിശുദ്ധ അമ്മ എന്നും അസ്വസ്ഥയായിരുന്നു.

തന്റെ മകനിലേക്കുള്ള ഈ ലോകത്തിന്റെ വഴി കൂടുതൽ വ്യക്തമാക്കുക, വഴിനടത്തുക, എന്നിവയാണ് ഈ അമ്മക്ക് എൽപ്പിച്ചുകൊടുത്തിരിക്കുന്ന കർമ്മം! രക്ഷകനായി  ഈ ലോകത്തിൽ തന്നിലൂടെ പിറന്ന യേശു എന്ന മകനുവേണ്ടി തന്‍റെ മക്കളെ നേടിക്കൊടുക്കാനാണ് അമ്മ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.

st-marys-church

എല്ലാ വിധത്തിലും അമ്മ ആ മകന്റെ കൂടെ,മകന്റെ പുറകിൽ ,ഏതൊരമ്മമാരെയും പോലെ ശക്തമായി നിലനിന്നിരുന്നു എന്നു കാണിക്കുന്ന പല ഉദാഹരണങ്ങളും ഉണ്ട്. കാനായിലെകല്യാണ വിരുന്നിൽ വീഞ്ഞ് തീര്‍ന്നുപോയപ്പോൾ ഇടപെട്ട അമ്മ വീഞ്ഞിന്‍റെ പോരായ്‌മ്മ അനുഭവപ്പെടുമ്പോൾ, അതിനുള്ള പരിഹാരം കണ്ടെത്തുന്നു. ഇത് വലിയോരു സാക്ഷ്യം ആണ് അമ്മമാർക്ക്!  ഇല്ലായ്മ അല്ല, മറിച്ച്, അതിനുള്ള പരിഹാരം കണ്ടെത്തുക! എങ്ങനെ ,ആര് എവിടേ എന്നല്ല, ശാശ്വതമായ ഒരു പരിഹാരം, ഉത്തരം എതൊരു പ്രശ്നങ്ങൾക്കും നിർദ്ദേശിക്കാൻ അമ്മക്ക്  കഴിവുണ്ട്. മനുഷ്യമക്കളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നഷ്ടപ്പെട്ട്  ജീവിതത്തിന്റെ പലതരം പ്രശ്നങ്ങളിൽക്കൂടി കടന്നു പോകുംബോൾ , എവിടെയാണ് പരിഹാരം  എന്നു മനസ്സിലാവാത്ത അവസരങ്ങളിലെല്ലാം അമ്മ പ്രത്യശയുടെ കിരണങ്ങൾ മകനായി നല്‍കിയിട്ടുണ്ട്. അതേ അമ്മയാണ് ഇന്ന് ഈ ലോകത്തിന്റെ സകലത്തിലും ദേവനായ യേശുദേവനിലേക്കുള്ള വഴി അമ്മയുലൂടെ മാത്രം പോകുന്നു എന്നു കാണിച്ചുതരുന്നതും! പാപം ഇല്ലാത്ത, ശുദ്ധമായ ജീവിതശൈലിയിലൂടെ യേശുവിനെ അനുഗമിക്കാൻ,യേശുവിലേക്ക് തിരിച്ചെത്താന്‍ മാതാവിന്റെ പ്രാർത്ഥനകളുടെ ശക്തി ലോകം മുഴുവൻ വ്യാപിപ്പിക്കുവാൻ തുടങ്ങിയതിന്റെ ഉദാഹരണങ്ങൾ പലതാണ്. പരിശുദ്ധ  മറിയാമെന്ന അമ്മയുടെ ശക്തമായ പ്രത്യക്ഷപ്പെടലുകൾ ഇന്ന് ഈ ലോകത്ത് വ്യക്തമാണ്.

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ  ഭീകരമായ കാലം, യുദ്ധം കൊണ്ട് വിക്യതമായ ഈ  ലോകത്തിന് വീണ്ടും ദൈവത്തിന്റെ കൃപ ലഭിക്കാനായി പരിശുദ്ധ കന്യാമറിയത്തോട് എല്ലാവരും പ്രാര്‍ത്ഥിക്കണം എന്ന 1917 ൽ ബനടിക്റ്റ് പതിനഞ്ചാമന്‍ മാര്‍പാപ്പ ക്രിസ്തീയജനങ്ങളോട് ഉപദേശിച്ചു. മാര്‍പാപ്പയുടെ ഈ  നിർദ്ദേശത്തിനു ശേഷം എതാണ്ട് എട്ടു ദിവസം കഴിഞ്ഞപ്പോൾ പരിശുദ്ധ കന്യാമറിയത്തിന്‍റെ ദിവ്യദര്‍ശനം മൂന്ന് ഇടയക്കുട്ടികള്‍ക്ക് ലഭിച്ചു.ലോകത്തിന്‍റെ പാപം നിറഞ്ഞ ജീവിതരീതികൾ മാറ്റി, കലഹങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുകയും ,പ്രത്യേകിച്ച് ,യുദ്ധത്തിന്റെ ആ നാളുകളിൽ കൂടുതലായി പ്രാര്‍ത്ഥിക്കണം എന്ന സന്ദേശമാണ് തന്‍റെ ദര്‍ശനത്തിലൂടെ പരിശുദ്ധമാതാവ് ലോകത്തിന് നല്‍കിയത്. ഇത് ചരിത്രത്തിൽ  രേഖപ്പെടുത്തിയിതിലൂടെ ഇത് വെറും കഥ മാത്രമല്ല എന്നത് വ്യക്തമാണ്. 

സുവിശേഷത്തിലോ, ലേഖനങ്ങളിലോ,വെളിപാടു ഗ്രന്ഥത്തിലോ ‘ഈശോയുടെ അമ്മ’യെ മറിയം എന്നു ആരും വിളിക്കുന്നില്ല. അവന് അവൾ സ്വന്തം അമ്മയാണ്. തന്റെ അമ്മയോടുള്ള സ്‌നേഹവും ആദരവും ആണ് അവിടെ വ്യക്തമായി പറയുന്നത്! തന്റെ അമ്മ എന്നു പറയുന്നതിനെക്കാൾ ഈശോയുടെ അമ്മ എന്നു പറയാനാണ് പലയിടത്തും , ബൈവിളിലും കൂടുതൽ കണ്ടുവരുന്നത്. പിതാവായ ദൈവം പരാമർശിക്കുന്ന ഈ സ്ത്രീ തന്റെ അമ്മയെന്നു വ്യക്തമാക്കാൻ തന്റെ ആദ്യത്തെ അത്ഭുതം തന്നെ അമ്മയിലൂടെയാണ്  യേശു  നടത്തിയത്. തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നതിനു പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായിലെ ഈ അത്ഭുതം. അവന്റെ ശിഷ്യന്മാർ അന്നുമുതൽ അവനിൽ വിശ്വസിച്ചു. രക്ഷാകരമായ പലപ്രവർത്തങ്ങൾക്കും അമ്മയ്ക്കുള്ള സഹവർത്തിത്വവും ദൗത്യവും തന്റെ രക്ഷാവേളകളിൽ അമ്മയിലൂടെ തനിക്കുള്ള കടപ്പാടും, ശക്തിയും ഒപ്പം അമ്മക്കുള്ള  മധ്യസ്ഥതയും  വ്യക്തമാക്കുന്ന സംഭവം കൂടിയായിരുന്നു കാനായിൽ വെള്ളം വീഞ്ഞാക്കുന്ന സംഭവം. വീണ്ടും വീണ്ടും  തന്നിലേക്കുള്ള വഴി , തന്റെ അമ്മയിലൂടെയും സാധ്യമാണെന്ന് യേശു ഉദാഹരണത്തിലൂടെ സ്പഷ്ടമായി പറയുന്നു.

അമ്മ സഹരക്ഷകയായിരിക്കണമെന്നുള്ളത്  യേശുവിന്റെ  തർക്കമില്ലാത്ത തീരുമാനമാണ്. മറിയത്തിന്റെ മാധ്യസ്ഥ്യത്തിന്റെ  പ്രഭാവം വളരെ വ്യക്തമായി  ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.  അതിന്റെ അടിസ്ഥാനവും ശക്തിയും ഇന്നുവരെ എവിടെയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല, തീർച്ച!  വിശ്വാസികൾക്ക് യേശുവുമായി നേരിട്ടുണ്ടായിരിക്കേണ്ട വിശ്വാസത്തിന്, മാതാവിന്റെ  മധ്യസ്ഥതയുടെ സ്വാധീനവും, അവരുടെ  വഴിയെ കൂടുതൽ ശക്തമാക്കുന്നു .മറിയത്തിലൂടെ ഈശോയിലേയ്ക്ക് ഈ വഴി സുനിശ്ചിതവും സ്ഥിരപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അതിലൂടെ, അവൾ ലോകരക്ഷകന്റെ വത്സലമാതാവും, സഹപ്രവർത്തകയായും യേശുവിന്റെ എളിയ ദാസിയുമായി എന്നും ജീവിക്കുന്നു. ദേവാലയത്തിൽ വച്ചു പിതാവിനു തന്റെ മകനെ ആ അമ്മ സമർപ്പിക്കുന്നു. കുരിശിൽ പിടഞ്ഞു പിടഞ്ഞു മരിച്ചപ്പോൾ ആ പീഡകളിലും ,പ്രയാസങ്ങളിലു ,മറിയം എന്ന അമ്മ, തന്റെ മകനോടൊപ്പം പൂർണ്ണമായി പങ്കുചേരുന്നു. തന്റെ അനുസരണം, വിശ്വാസം, ശരണം,പരസ്‌നേഹം എന്നിവ വഴി, തികച്ചും സാധാരണമായ വിധത്തിൽ,  മകന്റെ ജീവനും രക്ഷാകയായി പരിശുദ്ധ അമ്മ മറിയം  ജീവിച്ചു കാണിക്കുന്നു. 

ക്രിസ്തീയഗ്രന്ഥങ്ങളിൽ  മറിയമിന്റെ മാതാപിതാക്കൾ യുയാക്കിമും ഹന്നയുമായിരുന്നു. ഗലീലയിലെ നസറത്ത് ദേശക്കാരനായ ജോസഫ് എന്ന പുരുഷനുമായി വിവാഹനിശ്ചയം നടത്തപ്പെട്ട ഒരു കന്യകയുമായിരുന്നു മറിയം എന്നാണു സുവിശേഷങ്ങളിൽ മറിയത്തെപ്പറ്റി എടുത്തു പറയുന്നത്. "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന്‌ ദൈവം നമ്മോടു കൂടെ എന്നർത്ഥം വരുന്ന ഇമ്മാനുവേൽ എന്ന പേർ വിളിക്കണം" എന്നുള്ള പ്രവചനത്തിലൂടേ  മറിയം ഒരു മകനെ പ്രസവിക്കുമെന്നുമുള്ള അറിയിപ്പ് സുവിശേഷങ്ങളിലുണ്ട്. റോമൻ കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭകളും മറിയത്തെ നിത്യകന്യകയായ ദൈവമാതാവായി കണക്കാകുകയും ,ദൈവകൃപയാൽ പ്രത്യേകമായ അനുഗ്രഹം  ലഭിച്ചവളായി കണക്കാക്കുകയും ചെയ്യുന്നു.  ജീവിതത്തിന്റെ അവസാനം  മറിയം സ്വർഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടതായും ,ക്രൈസ്തവർക്കിടയിൽ എന്നെന്നും ആദരിക്കപ്പെടേണ്ടവളായി അംഗീകരിക്കുകയും ചെയ്യുന്നു. മറിയത്തെ വിശ്വാസികൾ വിശുദ്ധ കന്യകമറിയം എന്നാണ് വിളിക്കുന്നത്. ഈ വാക്കിന്റെ അർത്ഥം  ദൈവമാതാവ് അല്ലെങ്കിൽ ദൈവത്തെ പ്രസവിച്ചവൾ എന്നാണ്.

ഒരടിക്കുറിപ്പ്. സെപ്റ്റംബർ 8  എന്നദിവസം  മറിയത്തിന്റെ ജനനപ്പെരുന്നാളായി ആഘോഷിക്കപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പ്രസിദ്ധമാണ്. കോട്ടയത്തിനടുത്തുള്ള മണർകാട് പള്ളി ഈ  എട്ടു നോയമ്പിന് പ്രസിദ്ധമാണ്. ഈ 8 ദിവസവും, പള്ളിയിൽത്തെന്നെ പ്രാർഥനയോടെ ഉപവാസം എടുത്തു മുടക്കാതെ വർഷംതോറും പ്രാത്ഥിക്കുന്നവർ ധാരാളം ആണ്. മറിയം എന്ന ദൈവത്തിന്റെ പരിശുദ്ധയായ അമ്മ എന്ന് വിശ്വാസം അന്നും ഇന്നും ലോകത്തിൽ ശക്തമായി നിലകൊള്ളുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.