Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാമലനാട്ടിലെ രുചിയുടെ മാലപ്പടക്കം

സപ്ന അനു ബി.ജോർജ്
Keranadu-entrence

പച്ചിലകളുടെ തണലും പച്ചപുതച്ചു നിലക്കുന്ന വലിയ മലനിരകളും അവയ്ക്കിടയിൽ ഒതുങ്ങി പറ്റിച്ചേർന്നു കിടക്കുന്ന, ലോകപ്രസിദ്ധമായ പല ഹോട്ടലുകളും റസ്റ്റോറന്റുകളും ഉണ്ട് ഒമാനിൽ. പല ഡിസ്ട്രിക്റ്റുകളായി വ്യാപിച്ചു കിടക്കുന്ന ഈ രാജ്യത്തിന്റെ കയ്യൊപ്പിന്റെ തന്നെ പ്രധാനഭാഗമാണ് ഇവിടുത്തെ വൈവിധ്യമാർന്ന, അതിവിശിഷ്ടമായ ഭക്ഷണരീതിയും ആതിഥേയത്വവും.

Mumthaz-Mahal

കഴിഞ്ഞ 8 വർഷമായി ലോകത്തെ ഏറ്റവും നല്ല ഹോട്ടലിനുള്ള ‘World’s Best Hotel”അവാർഡ് കിട്ടുന്നത്, മസ്കറ്റിലുള്ള ബാർ അൽ ജൈസ ഹോട്ടലിനാണ്. അത്യാധുനികതയിൽ അടങ്ങിയ ഈ  ഹോട്ടലിൽ ഇന്ത്യൻ ഭക്ഷണം ഒരു പ്രത്യേക വിഭാഗം തന്നെയാണ്. അൽ ബുസ്താൻ പാലസ് നിർമ്മിച്ചതു തന്നെ ജിസിസി സമ്മേളനത്തു വേണ്ടിയാണ്. സകലവിധ സുരക്ഷാ സന്നാഹങ്ങളോടും കൂടി ജിസിസി മീറ്റിങ്ങിനു വേണ്ടി 200 ഏക്കറിനുള്ളിൽ നിർമ്മിക്കപ്പെട്ടതാണ് ഈ ഹോട്ടൽ.250 മുറികളടങ്ങുന്ന ഈ ഹോട്ടലിലെ ഇന്ത്യൻ ബുഫെ, അതിവിശിഷ്ടമാണ്. 

ഏറ്റവുമധികം അനൗപചാരികതയും ഔപചാരികതയുമുള്ള എല്ലാത്തരം വിരുന്നുകളും  ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിൻ നടക്കുന്ന റസ്റ്ററന്റാണ് മുംതാസ്സ് മഹാൾ. എല്ലാ നല്ല കമ്പനികളുടെയും ബിസിനസ്സ് മീറ്റിങ്ങുകൾക്കും വിരുന്നുകൾക്കും എല്ലാവരും ആദ്യം റസ്റ്ററന്റിന്റെ പേരു പറയുന്നത് എപ്പോഴും മുംതാസ് മഹാളിന്റെ തന്നെയാണ്. കഴിഞ്ഞ അഞ്ചു വർഷം ആയി, മസ്കറ്റിലെ ഏറ്റവും ‘ബെസ്റ്റ് റെസ്റ്ററന്റ് അവാർഡ് കരസ്ഥമാക്കുന്ന, മനോഹരമായ കുന്നിൻ ചെരുവിൽ നീലാകാശത്തിന്റെ നീലിമയിൽ മുങ്ങിക്കിടക്കുന്ന മുംതാസ്സ് മഹാൾ.  മാനേജ്മെന്റ് ലെവലിൽ ഉള്ള ആൾക്കാരുടെ താൽപര്യവും ആദിത്യമര്യാദയുടെ കീഴ്‍വഴക്കങ്ങളും വളരെ നല്ല രീതിയിൽ നമുക്കിവിടെ കാണാം.

Shangri-La-Barr-Al-Jissah-Resort-Oman

ജീൻസ്  ഗ്രിൽ-സുൽത്താൻ  സെന്റർ പ്രത്യേകത മിഡിൽ ഈസ്റ്റേൺ ഏഷ്യൻ ആഹാരത്തിന്റെ ഒരു ഫ്യൂഷൻ ഇവിടെ ലഭ്യമാണ്.എല്ലാ വെള്ളിയാഴ്ചയും,ദോശ,ഇഡ്ഡലി,പലതരം ഓംലറ്റ്,എല്ലാത്തരം നോർത്ത് ഇന്ത്യൻ ആഹാരങ്ങൾ,  എല്ലാത്തരം ഇംഗ്ലീഷ് ആഹാരങ്ങൾ ഇവബുഫേ സ്റ്റൈലായി ഒരുക്കിവച്ചിരക്കും.ഓം ലറ്റ്,ഗീ റോസ്റ്റ്, ദോശ എന്നിവഅപ്പോൾ തന്നെ തവയിൽ നമ്മുടെ മുന്നിൽത്തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു. എല്ലാത്തരം ഇന്ത്യക്കാർക്കൊപ്പം തന്നെ എല്ലാ ജാതിമതസ്ഥരും രാജ്യക്കാരും പതിവായി ‘ബ്രഞ്ച് ‘നായി വെള്ളിയാഴ്ച രാവിലെ പതിവായി എത്തുന്ന സ്ഥലമാണിത്.

സ്പൈസി വില്ലേജ് ഇവിടുത്തെ ഏറ്റവും പഴയത് എന്നു വിശേഷിപ്പിക്കാവുന്ന റസ്റ്ററന്റുകളിൽ ഒന്നാണ്. ഒമാനിൽ എല്ലാ വില്ലേജുകളിലും ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്. വലിയ ഓഫിസുകൾക്ക് മെസ്സുകൾ,സ്ഥിരമായി വരുന്ന  മീറ്റിങ്ങുകൾ, ബെർത്ത് ഡേ ആഘോഷങ്ങൾ എന്നിങ്ങനെ,പല തരം പാർട്ടികൾക്ക് എന്നും വേദിയാവുന്ന റസ്റ്ററന്റുകളിൽ ഒന്നാണ് സ്പൈസി വില്ലേജ്.

റൂവിയിലുള്ള വുഡ്‍ലാൻഡ്സ് എന്ന റസ്റ്ററന്റ് എല്ലാ രാജ്യക്കാരുടെയും പ്രിയപ്പെട്ട സ്ഥലം ആണ്. ഇന്ത്യയിലെ എല്ലാത്തരം വിഭവങ്ങളും ഇവിടെ കിട്ടും എന്നുള്ളത് ഒരു പ്രത്യേകത തന്നെയാണ്.ബുക്കിങ് ഇല്ലാതെ ഇവിടെ ടേബിൾ കിട്ടാൻ പ്രയാസം ആണ്. ഒമാൻ കാണാനെത്തുന്ന വിരുന്നുകാർക്കും മറ്റും മിക്ക ഹോട്ടലുകാരുടെയും വിസിറ്റേഴ്സ് മെനുവിൽ പ്രത്യേകമായി നിർദ്ദേശിച്ചിരിക്കുന്ന പേരുകളിൽ ഒന്നാണ് വുഡ്‍ലാൻഡ്സ്. ഇവിടുത്തെ ചിക്കൻ ചെട്ടിനാട് കറി,ചില പ്രത്യേക കേരള വിഭവങ്ങൾ വളരെ പ്രസിദ്ധമാണ്.പ്രത്യേകമായി,കേരളം തമിഴ്നാട്,എന്നി വേണ്ടി മാത്രം ഇവിടെ ആഹാരത്തിനു വരുന്നവർ ഉണ്ട്.

അപ്പ്റ്റൗൺ സമ്മർകണ്ഡ്,ഗുജറാത്ത് ഭോജൻ ശാലയിൽ ഗുജറാത്തി സ്റ്റൈലിലുള്ള എല്ലാത്തരം വിഭവങ്ങളും സുലഭമാണ്. വളരെ ലളിതവും എന്നാൽ രുചിയുടെ കാര്യത്തിൽ അങ്ങേയറ്റം സുഷ്മതയും,കൃത്യമായ രുചി വൈവിധ്്യവും പാലിക്കപ്പെടുന്നു. മസ്കറ്റിന്റെ  ഒരു ഷോപ്പിങ് സ്ഥാപനങ്ങളുടെ അരികിലായിട്ടാണ് അപ്പ് റ്റൌൺ എന്നത് ,ഇവിടേക്ക് ആഹാരത്തിനായി എത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്നു എന്നത് ഒരു ശ്രദ്ധേയമായ  കാര്യമാണ്.

വീനസ് റസ്റ്ററന്റ് എല്ലാവരുടെയും ഏറ്റവും ഇഷ്ടമുള്ള സ്ഥലം എന്നു വിളിക്കാവുന്ന,ചെറിയ ഭക്ഷണ ശാലയാണ്.എല്ലാത്തരം ദോശ, ഇഡ്ഡലി, ഉപ്പുമാവ്, പാവ് ബാജി, പൂരി മസാല എന്നു വേണ്ട എല്ലാത്തരം സൗത്ത് ഇന്ത്യൻ ഭക്ഷണം ലഭിക്കുന്നതിനാൽ എല്ലാവരുടെയും,വെള്ളിയാഴ്ച കാലത്തെ പ്രഭാതം മിക്കപ്പോഴും ഇവിടെത്തന്നെയാണ്. ഉച്ചയൂണിനും താലി മീൽസിനും ആയി ധാരാ‍ളം പേർ സ്ഥിരമായി ഇവിടെ എത്താറുണ്ട്. 

ഇവിടെ അമ്പലത്തിൽ പോയി വരുന്ന എല്ലാ ചൊവ്വാഴ്ചകളിലും വെജിറ്റേറിയൻ ഭക്ഷണത്തിനായി എത്തുന്ന വിജേഷും ഷബ്നവും മകനും ഒരു ദിവസം പോലും മറ്റൊരു റസ്റ്ററന്റിനെപ്പറ്റി ആലോചിക്കാറെ ഇല്ല. തനിയെ താമസിക്കുന്നവരും പ്രത്യേകിച്ച് ബാച്ചിലർമാരും അത്യധികം ഇഷ്ടപ്പെടുന്ന ഒരു റസ്റ്ററന്റ് ആണ് വീനസ്. സന്ധ്യക്കു ശേഷം മാത്രം തുറന്നു പ്രവർത്തിക്കുന്ന കബാബുകൾക്കായി ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. 

Kozhi-porichathu(keranadu)

ശരവണഭവൻ വാക്കുകൊണ്ടും ആഹാരം കൊണ്ടും തനി തമിഴ് ഭക്ഷണങ്ങൾ  മാത്രം ഉള്ള വെജിറ്റേറിയൻ റസ്റ്റോറന്റ് ആണ്. മസ്കറ്റിലെ റൂവിയിൽ  ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഏരിയായിലാണ് ശരവണഭവൻ. ഗൾഫിൽ മാത്രമല്ല, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്. റൂവിലെ ഒട്ടുമുക്കാൽ ജനങ്ങളുടെയും ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, 6 മണിക്കുള്ള ഭക്ഷണം,ഡിന്നർ എന്നിവക്ക്,ഇത്തിരി ദൂരെ നിന്നും പോലും ഇവിടെ എത്തുന്നവർ ധാരാളം ആണ്. ഓഫിസ്സ് വിട്ട് വീട്ടിലേക്കു പോകും വഴി ഒരു ‘സ്നാക്ക്’ എന്ന പേരിൽ,പൂരി/മസാല, ബട്ടൂര/ചെന,ദോശ വട എന്നീ വിഭവങ്ങൾക്കായി ഇവിടെത്തെന്നെ,എത്ര കണ്ട് തിരക്കിലും എത്തുന്നവർ ഉണ്ട്.ഏറ്റവും അധികം ആൾക്കാരെത്തുന്നത്.

ഉച്ചക്കുള്ള പലതരം താലി മീൽസിനു വേണ്ടിയാണ്.ഓർഡർ ചെയ്ത് മിനിട്ടുകൾക്കകം,എത്തുന്ന ഇവിടുത്തെ ഭക്ഷണം രുചിയിലും,ഭാവത്തിലും,വൃത്തിയിലും, ഏതൊരു വീട്ടിലും കിട്ടുന്നു ഭക്ഷണത്തിനോടു കിടപിടിക്കുന്നതാണ്.

കാമത്ത് എന്നതും ഒരു ഗുജറാത്തി ചെയിൽ ഇൻഡ്യൻ റസ്റ്ററന്റിന്റെ ഭാഗമാണ്. വിവിധ രുചിരസം പകരുന്ന ഫലൂഡ,ബർഫി,പേട,ഗുലാബ് ജാമുന്‍ എന്നിങ്ങനെ എല്ലാ മധുര പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. ഇതിനു പുറമെ,ദോശ,ഇഡ്ഡലി,വട,പലതരം ചപ്പാത്തി, റോട്ടി,എല്ലാത്തരം വെജിറ്റബിൾ കറികൾ,പനീർ ടിക്ക,വെജിറ്റബിൾ റ്റിക്ക,എന്നിങ്ങനെ,എല്ലാത്തരം വെജിറ്റേറിയൻ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.വളരെ സഹൃദയരായ വെയിറ്റർമാരുള്ള കാമത്തിന്റെ എല്ലാവരുടെയും പ്രിയപ്പെട്ട ബ്രാഞ്ചാണ് റെക്സ് റോഡിലുള്ളത്. തമിഴ്,ബ്രാഹ്മൺ വിഭാഗത്തിൽ‌പ്പെട്ടവരായ ബാലാജിയുടെയും ശോഭയും കുടുംബവും റൂവിലുള്ള അമ്പലത്തിൽ പോയി വരുന്ന വഴി ഭക്ഷണം കഴിക്കാനായി സ്ഥിരമായി കയറുന്ന ഇടമാണ് കാമത്ത്.

റൂവി ഹൈസ്റ്റ്ടീറ്റിലെ  പഞ്ചാബി ഡാബ എല്ലാത്തരം പഞ്ചാബി ആഹാരങ്ങളും ലഭിക്കുന്ന  ഒരു  റസ്റ്ററന്റ് ആണ്. പലതരത്തിലുള്ള ലെസ്സി,ഇവിടുത്തെ ഒരു സ്പെഷൽ പാനീയമാണ്. ചിക്കൻ തന്തൂരികൾ,പല വലുപ്പത്തിലും രുചിയിലൂം ലഭ്യമാണ്. തന്തൂരി റോട്ടി, പഴയരീതിയുലുള്ള തന്തൂർ ചൂളയിൽത്തന്നെ  ചുട്ടെടുക്കുന്നു. എല്ലാത്തരം നോർത്തിന്ത്യൻ താലി മീൽസും ഇവിടെ സുലഭമായി ലഭിക്കുന്നു.ഡാബയിലെ എല്ലാവർക്കു ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്വീറ്റ് ലെസ്സി ഇവിടെ ചേർക്കുന്നു.

സ്വീറ്റ് ലെസ്സി

1.    തൈര്- ½  കപ്പ്

2.    പഞ്ചസാര – 4 ടേബിൾ സ്പൂൺ

3.    പെരുംജീരകം- 1 ടീ സ്പൂൺ,പൊടിച്ചത്,

4.    റോസ്സ് എസ്സൻസ്- 1/4 ടീ സ്പൂൺ,

5.    എസ്സ് കഷണങ്ങൾ   ആവശ്യത്തിന്

6.    പുതിന ഇല – 2 അലങ്കരിക്കാൻ

പുതിന ഇല ഒഴിച്ച് ബാക്കി എല്ലാ ചേരുവകകളും മിക്സിയിൽ  അടിച്ചെടുക്കുക, ഒരു  നീണ്ട ഗ്ലാസ്സിൽ പകർന്ന്, പുതിന ഇല മുകളിൽ വച്ച് അലങ്കാരിക്കുക.

Woodlands--interior

റാമീ ഗ്രൂപ്പ് ഹോട്ടലിൽ ഉള്ള ഒരു റസ്റ്ററന്റുകളീൽ ഒന്നാണ് കേരനാട്. കേരളത്തിന്റെ തനതായ ശൈലിയിലുള്ള ബുഫേകൾ, എല്ലാ ആഴ്ചവട്ടങ്ങളിലും വാരാന്ത്യങ്ങളിലും ലഭ്യമാണ്. ബുഫേ ലഞ്ചും ഡിന്നറും എല്ലാം തന്നെ കേരളത്തിന്റെ തനതായ ഭക്ഷണം ഉൾപ്പെടുത്തിയുള്ളവ മാത്രം ആണ്. ബുഫെയിൽ,അവിയൽ സാമ്പാർ, തോരൻ,മെഴുക്കു പുരട്ടി, മീൻ കറി, മീൻ വറുത്തത്, പ്രഥമൻ, എന്നിവയാണ്, ഡിന്നറിനു കോഴി പൊരിച്ചത്, കോഴി വറുത്തരച്ച കറി, താറാവ് കറി,കൊഞ്ച് ഫ്രൈ,കൊഞ്ച് തേങ്ങാ അരച്ചു കറി, എന്നിവ, എല്ലാ ബുധൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ ലഭ്യമാണ് . അവിടെപ്പോയി ആഹാരം കഴിക്കുന്നവരും, അതിഥികളായി വരുന്നവരെയും,ഇവിടെ കൊണ്ടുവരാൻ താൽപര്യം കാണിക്കുന്ന ധാരാളം മലയാളികൾ ഉണ്ട്. കേരളത്തനിമയുള്ള ആഹാരങ്ങൾക്കായി,സ്ഥിരമായി ഇവിടെ എത്തുന്നവർ ധാരാളമാണ്.ആഹാരം മാത്രമല്ല,എല്ലാവിധ സജ്ജീകരണങ്ങളും,വെയിറ്റർ ആയ സ്ത്രീകളുടെ  സെറ്റും മുണ്ടും വേഷങ്ങളും എല്ലാം തന്നെ,കേരളത്തെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഇവിടുത്തെ പ്രധാന ഷെഫുകളിൽ ഒരാളായ  വാസുദേവന്റെ അഭിപ്രായത്തിൽ ,കോഴി പൊരിച്ചത് ഇവിടുത്തെ ഏറ്റവും നല്ല വിഭവങ്ങളിൽ ഒന്നാണ്,

കോഴി പൊരിച്ചത്

ചേരുവകൾ

1.    കോഴിയിറച്ചി- 1 കിലോ 

2.    ചുവന്നുള്ളി -200 ഗ്രാം

3.    വെളുത്തുള്ളി- 8 അല്ലി 

4.    ഇഞ്ചി -1 കഷണം 

5.    മഞ്ഞള്‍പ്പൊടി -½ ടീസ്പൂണ്‍ 

6.    മല്ലിപ്പൊടി -3 ടേബിള്‍ സ്പൂണ്‍ 

7.    ഉണക്കമുളക് -10 എണ്ണം 

8.    കുരുമുളക് -½ ടീ സ്പൂണ്‍ 

9.    കറിവേപ്പില- 2 തണ്ട് 

10. വെളിച്ചെണ്ണ -3 ടേബിള്‍ സ്പൂണ്‍ 

അലങ്കരിക്കാൻ

1.    മുട്ട -ഒന്ന്

2.    ഇഞ്ചി- കനം കുറച്ച് നീളത്തിൽ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി ചെറിയ കഷണങ്ങളായി മുറിച്ച്, അതില്‍ ചുവന്നുള്ളി അരിഞ്ഞത്,പച്ചമുളക്,കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉപ്പ്, പാകത്തിനു വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക.വെന്തു കഴിയുമ്പോൾ ഇതിലേക്ക്, വറ്റൽമുളക് പൊടിയും,ഗരം മസാലയും ചേർത്തിളക്കുക.നന്നായി ഇളക്കി, വെള്ളം വറ്റാൻ തുടങ്ങുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത്  ഇളക്കി മൂപ്പിച്ച്,വാങ്ങുക. വിളമ്പാനുള്ള പ്ലേറ്റിലേക്ക് മാറ്റി വെക്കുക. മുട്ട ചിക്കിപ്പൊരിച്ച്, അതിലേക്ക് ഇഞ്ചി നീളത്തിൽ  അരിഞ്ഞതും ചേർത്ത്, വറുത്ത ചിക്കന്റെ  മുകളിലേക്ക് അലങ്കാരത്തിനായി ഇടുക.

ദാർസൈറ്റിലുള്ള ബോളിവുഡ് ചാട്ട് എന്ന പേരിൽ വളരെപ്പെട്ടെന്നു പേരെടുത്ത മറ്റൊരു  വെജിറ്റേറിയൻ റസ്റ്ററന്റ്  ആണ് ബോളിവുഡ് ചാട്ട്. എല്ലത്തരം ചാട്ട് ,പാനിപൂരി,ബേൽ‌പ്പൂരി, ദഹി വട,പല നിറത്തിലും രുചിയിലും ഉള്ള ദോശകൾ,എല്ലാത്തരം പഴങ്ങൾ കൊണ്ടുള്ള കോക്റ്റൈലുകൾ, ഐസ്ക്രീം ഇട്ടുണ്ടാക്കുന്ന ഫ്രൂട്ട്ഷെയ്ക്കുകൾ എന്നിവക്കായി ആളുകൾ ഇവിടെ വരാറുണ്ട്. ഈ റസ്റ്ററന്റിന്റെ  പ്രത്യേകത, ഇവിടത്തെ രംഗാലങ്കാരങ്ങളാണ്. ഇന്ത്യയിലുള്ള എല്ലാ സിനിമാ നടന്മാരുടെയും നടികളുടെയും  ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നവയാണ് ഇവിടുത്തെ എല്ലാ ഭിത്തികളും. ബോളിവുഡ് എന്ന വാക്കിനെ പ്രതിനിധാനം ചെയ്യുന്ന വിധത്തിൽ,ആശയവിനിമയം നടത്തുന്നവയാണീ ഉചിതമായ ചുവരുകൾ ചിത്രങ്ങൾ.

മസ്കറ്റ് ഡാർസിസ് കിച്ചൺ എന്നത് ചൈനീസും മറ്റു ഏഷ്യൻ വിഭവങ്ങൾ കിട്ടൂന്ന, ഇന്ത്യൻ വംശജ നടത്തുന്ന റസ്റ്ററന്റ് ആണ്. സമുദ്രതീരത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ  റസ്റ്ററന്റ് എല്ലാവർക്കും വളരെ ഇഷ്ടവുമാണ്, പ്രസിദ്ധവുമാണ്. കടലിന്റെ  തിരമലകളും കാറ്റും ഈ സ്ഥലത്തിന്റെ  ആകർഷണികത  വർധിപ്പിക്കുന്നു. എല്ലാ സ്റ്റാഫും വളരെ വിന്യത്തോടെയുള്ള പെരുമാറ്റം ആണ്. ഇവിടുത്തെ വില ന്യായമാണ്. 

ടേസ്റ്റ് ഓഫ് ഇന്ത്യ  എല്ലാത്തരം രുചികളുടെ ഒരു സമ്മിശ്രണം ആണ് .ഈ ഇന്ത്യൻ റസ്റ്ററന്റിൽ.കാബാബുകളുടെ ഒരു നീണ്ട പട്ടിക തന്നെ ഇവിടെ ലഭ്യമാണ്.ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വിശിഷ്ടമായ ഇന്ത്യൻ ഭക്ഷണങ്ങളുടെ  നീണ്ട പട്ടിക ലഭ്യമാണ്.പലതരം റോട്ടികൾ, ബട്ടർ പോറോട്ട, ബട്ടർ നാ‍ൻ,സാദാ ചപ്പാത്തി(റോട്ടി).എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ഒരു വിഭവമാണ് കൊഞ്ചു കൊണ്ടുള്ള ഈ ചെട്ടിനാട് വിഭവം. അധികം എരിവും,മസാലയും ഇല്ലാത്ത എന്നാൽ വളരെ  രുചികരമായ ഈ കൊഞ്ച് കറി.

ജിങ്ക ചെട്ടിനാട്( ചെട്ടിനാട് കൊഞ്ച്)

ചേരുവകൾ

1.    കൊഞ്ച് - 1/2 കിലോ 

2.    തേങ്ങാപാൽ- 300 മില്ലി (കുറുകിയ ഒന്നാം പാല്) 

3.    പച്ചമുളക് 6 (നെടുകെ പിളർന്നത്) 

4.    ഇഞ്ചി-ഒരു ഇടത്തരം കഷണം (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്) 

5.    സവാള ഒരെണ്ണം (വലുത് – കൊത്തിയരിഞ്ഞത്) 

6.    തേങ്ങപ്പീര- ¼ കപ്പ്

7.    വെളിച്ചെണ്ണ- 2 ടീസ്പൂണ്‍ 

8.    കടുക് -1 ടീസ്പൂണ്‍ 

9.    ഉലുവ -1 ടീസ്പൂണ്‍ 

10. മഞ്ഞള്പ്പൊടി- 1 ടീസ്പൂണ്‍ 

11. കറിവേപ്പില -3 കതുപ്പ് 

12. കുരുമുളക് -1 ടീസ്പൂണ്‍ 

13. മല്ലിയില -ഒരു പിടി 

പാകം ചെയ്യുന്ന വിധം

കൊഞ്ച് ഇത്തിരി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പകുതി വേവിക്കുക. മിക്സിയിലിട്ട് ഇഞ്ചിയും സവാളയും മുളകും, തേങ്ങാപ്പീരയും കുറച്ച് വെള്ളമൊഴിച്ച് അടിച്ച് പേസ്റ്റാക്കിയെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുപൊട്ടിക്കുക. അതിലേക്ക് ഉലുവയും കറിവേപ്പിലയുമിട്ട് നന്നായി ഇളക്കുക. അതിലേക്ക് മിക്സിയിലിട്ട് അടിച്ച പേസ്റ്റ് ചേർത്തിളക്കി, അടുപ്പിന്റെ തീ കുറച്ച് വച്ച് 5 മിനിട്ട് വേവിക്കുക. 5 മിനിട്ട് കഴിഞ്ഞ് അതിലേക്ക് മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ഇട്ട് ഇളക്കുക. അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കൊഞ്ച് ഇടുക. കൊഞ്ച് വെന്തുവരുമ്പോൾ അതിൽ തേങ്ങാപാൾ ഒഴിച്ച് ഒരു മിനിട്ട് നേരം നന്നായി ഇളക്കിയതിനു ശേഷം,മല്ലിയില, നീളത്തിലരിഞ്ഞ ഇഞ്ചി ഇവ മുകളിൽ അലങ്കരിച്ച് വിളമ്പുക.

ഗസിത്ത് റാം, പലതരം മധുരപലഹാരങ്ങൾക്കും വളരെ പ്രസിദ്ധമാണ്.എല്ലാ ആഘോഷങ്ങൾക്കും മറ്റുമായി എല്ലാവരും മധുരപലഹാരങ്ങൾ വാങ്ങാനായി എത്തുന്ന സ്ഥാപനമാണ് ഗസിത്ത്റാം. ദീപാവലി, ഈദ് ആഘോഷങ്ങൾക്കു മുന്നോടിയായി ഒന്നു രണ്ടു ദിവസത്തേക്ക് ഈ കട മുടക്കം ആയിരിക്കും,അത്രമാത്രം ഡിമാൻഡ് ഓഡർ തീർത്തു കൊടുക്കാൻ മാത്രം ഉണ്ട്.എല്ലാ കമ്പനികളുടെയും മൊത്താമായ  ദീപാവലി സ്വീറ്റ് പാക്കറ്റുകളുടെ ഓർഡർ ഇവിടെ നേരത്തെ തന്നെ  കൊടുത്തിരിക്കും. ഇന്ത്യക്കാർ മാത്രമല്ല , മറ്റു രാജ്യക്കാരും ഇവിടെ മധുരപലഹാരങ്ങൾ വാങ്ങാനായി എത്താറുണ്ട്. ഒരു ഉത്തരേന്ത്യൻ മധുരപലഹാരക്കട എന്നതിനു പുറമെ, കച്ചോരി,ചാട്ട്, മിക്സ്ചർ,എന്നിവകളും ഇവിടെ  ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.