Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നല്ല ശമരിയക്കാരാ‘ ഇതിലെ ഇതിലെ ഇതിലെ

സപ്ന അനു ബി ജോർജ്
housework

തൊഴിലില്ലായ്മ എന്ന അടിസ്ഥാനപ്രശ്നം, പണത്തിന്റെ ആവശ്യകത, കുടുംബത്തിന്റെ പ്രാരാബ്ധം, ഇതെല്ലാം വിദേശത്ത് പോയി ജീവിച്ച് ജോലി ചെയ്യുക എന്ന തീരുമാനത്തിൽ പലരെയും എത്തിക്കുന്നു. എന്നാൽ വരും വരായ്കകളെക്കുറിച്ച് ആലോചിക്കാതെയുള്ള എടുത്തു ചാട്ടം ആയിരിക്കാം അതു പലപ്പോഴും. പത്രത്തിലും, ടിവിയിലും, ഇന്റർനെറ്റിൽ വരെ ഇന്ന് വിശദവിവരങ്ങളും, നിയമസംഹിതകളും വിവരിച്ചു വായിക്കാറുള്ളവർ പോലും, വിസ കാശിന്റെ കുറവും, ശമ്പളക്കൂടുതൽ എന്നും മറ്റും കാണിച്ചു പ്രലോഭിക്കുന്ന ഏജന്റുമാരുടെ വലയിൽ വീണുപോകാറും ഉണ്ട്. ഇതൊന്നുമല്ലെൻകിൽ പോലും വിധിക്കു വിപരീതമായി സംഭവിക്കുന്ന കാര്യങ്ങളും ഇല്ലാതില്ല.

ഇന്നത്തെ ദിവസം ആദ്യമായി കേൾക്കുന്നത്, എട്ട് തമിഴ് ജോലിക്കാർക്ക് ശമ്പളം ലഭിക്കാതെ സ്പോൺസറുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന വിവരം ആണ്. ആരുടെയൊക്കെയൊ സഹായത്താൽ ഇന്ത്യൻ എംബസിയിൽ എത്തിയ ഇവർ കഴിഞ്ഞ മൂന്നു മാസമായി എംബസി കയറിയിറങ്ങുന്നു. സ്പോൺസറുമായി എന്തെങ്കിലും ഒത്തുതീർപ്പിനായി എന്നു പറയുന്നു. ഇന്ത്യൻ എംബസി അധികൃധർ താമസത്തിനായി ഒരു ഫ്ളാറ്റിൽ എത്തിച്ചു. എന്നാൽ, അന്നു രാത്രിയിലേക്കുള്ള ഭക്ഷണം പോയിട്ട് ഇവരെപ്പറ്റി അന്വേഷിക്കാൻ ഒരു ഫോൺ വിളിപോലും ഉണ്ടായില്ല എന്നാണ്. നല്ല ശമരിയാക്കാർ ആരോ എത്തിച്ച ഭക്ഷണം കഴിച്ച്, കാലാവധി തീർന്ന വിസ പേപ്പറുകളുമായി എട്ടു പേർ ഒരു മുറിയിൽ കാത്തിരിക്കുന്നു.

ലോക്കൽ സ്പോൺസറുടെ ക്രൂരതകാരണം, കഷ്ടപ്പെടുന്ന ജോൺ കെന്നഡി, പത്മനാഭൻ, ശിവകുമാർ ( 2 വർഷവും 4 മാസവും)ഇന്ന്  ശിവകുമാറിന്റെ വിസകാലാവധി തീർന്ന റസിഡന്റ് കാർഡ് മാത്രം കയ്യിൽ ഉണ്ട്. വെല്ലപ്പൻ, രാമരാജ് ( മൂന്നു മാസത്ത ശമ്പളം കിട്ടി, പക്ഷേ, 10 മാസമായി ജോലിചെയ്യുന്നു) ശരവണൻ, സുധാകരൻ, പെരുമാൾ (10മാസമായി ശമ്പളം ഇല്ല) ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ ഒൻപതു മാസമായി ഇവർക്കാർക്കും തന്നെ ജോലി ഇല്ല. മൂന്നുമാസമായി ഇന്ത്യൻ എംബസി കയറിയിറങ്ങൂന്നു. യാതൊരു തീരുമാനവും ആകാതെ!! എംബസിക്ക് അവരുടെതായ നയതന്ത്രപരമായ പരിമിധികളും, സമയപരിധികളും ഉണ്ട് എന്നുള്ള കാര്യവും ശരിതന്നെ. ദയനീയമായ ജോലിയും കൂലിയും ഇല്ലാത്ത ഒൻപതു മാസം, മാനസികമായും ശാരീകമായും തളർന്ന ഇവർ ആകപ്പാടെ നിരുത്സാഹപ്പെട്ടു കഴിയുന്നു. നിവൃത്തികെട്ട്, എവിടെനിന്നും സഹായം കിട്ടുന്നില്ല എന്നു ഇവർ മനസ്സിലാക്കാതിരിക്കട്ടെ, എന്നു നമ്മുക്ക് ആശ്വസിക്കാം.   

പലവഴികളും മുട്ടിനോക്കുന്നതുപോലെ, പല തമിഴ് സംഘങ്ങളെയും അവർ സമീപിച്ചിരുന്നുവെന്ന് ഫോൺ വഴി സമ്പർക്കം പുലർത്തുന്ന കെന്നടി പറയുന്നു. എന്നാൽ, ബെല്ലടിക്കുന്നതല്ലാത ആരും തന്നെ മറുപടിക്കായി പോലും സംസാരിച്ചില്ല. ഇപ്പോൾ ഈ ആഴ്ചയിൽ ആ നമ്പറും വെറും ഒരു നമ്പർ മാത്രമായിത്തിർന്നു. നല്ല വാക്കുകളും ആഹാരവും ആയി ആരെങ്കിലുമൊക്കെ അറിഞ്ഞു കേട്ടു വരുന്നു എന്നു കെന്നഡി പറയുന്നു. അതുകൊണ്ട് ഒരു നേരം എൻകിലും ആഹാരം ഉണ്ട്.

ഇന്ത്യൻ എംബസിയിൽ ചെന്നാൽ ഇതുപോലെത്തെ നൂറു കദനകഥകളും കണ്ണുനീരും കയ്യുമായുള്ള പലരെയും കാണാം. പേപ്പറുകളും മറ്റും ഇല്ലാത്തവരും കാലാവധി തീർന്നവർക്കുമായി ‘പൊതുമാപ്പ്’ നൽകിക്കൊണ്ട്  തിരികെപ്പോകാൻ രണ്ടു മാസം കാലയളവ്  അനുവദിച്ചു. അന്ന് 20000 ത്തിൽപരം ആളുകൾ  നാട്ടിലെത്തിയെന്ന് ഇന്ത്യൻ എംബസിയിൽ കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ അവസരവും പാഴാക്കിയവരായിരിക്കാം ഈ തമഴ് കൂട്ടം എന്നും കരുതാം. മാസം 70 റിയാൽ ശമ്പളം, ആഹാരം ഉൾപ്പെടെ എന്നുള്ള ഒരു കാരാറിൽ ഇവിടെ എത്തി ജോലിചെയ്തിരുന്ന ഇവർ, പല വഴികളും അടഞ്ഞപ്പോൾ നടത്തിയ അവസാന പടീയാകാം ഇന്ത്യൻ എംബസിയുടെ  സഹായം തേടിയത്.

പൊതുമാപ്പ് എന്ന ഒരു വഴി എംബസികൾക്കും സ്പോൺസർമാർക്കും സാവകാശം തരുന്ന അല്ലെങ്കിൽ നിയമത്തിന്റെ വഴി എല്ലാവർക്കുമായി  തുറന്നിടുന്ന ഒരു എളുപ്പവഴിയാകാം. എന്നാൽ, ഇവി‌ടെയത്താൻ നാട്ടിൽ നിന്നു വാങ്ങിയ കടം, ഇവിടെ ജോലിചെയ്തു കിട്ടുന്ന ശമ്പളം ഡ്രാഫ്റ്റായും വെസ്റ്റേൺ യൂണിയൻ വഴിയായും എത്താൻ കാത്തിരിക്കുന്ന മക്കളും ഭാര്യയും അഛനമ്മമാരും ബന്ധുക്കളുടെയും മുഖങ്ങൾ ഓർക്കുമ്പോൾ ഈ മാപ്പ് ഒക്കെ ഒരു തരം ഒളിച്ചുകളി നടത്താനെ ഇവരെ പ്രേരിപ്പിക്കയുള്ളു. ആഹാരമായി കിട്ടുന്ന ഉണങ്ങിയ കുബൂസും, ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച്, വലിച്ചു നീട്ടി  ജോലി ചെയ്യാവുന്നത്രടം വരെ പോകട്ടെ എന്നു വിചാരിക്കുന്നു ഇവരെപ്പോലെ പലരും. അല്ലാതെ പൊതുമാപ്പു കേട്ടപാതി ഏടുത്തു ചാടി ഈ ചൂടിൽ നിന്നും രക്ഷപെടാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എന്നു തീർത്തും പറയാം. 

ഇതിനു പുറമെ മഷ്യത്വം പോലും നാണിച്ചു പോകുന്ന അടിയും ദേഹോപദ്രവും സഹിക്കുന്നവർ ധാരാളം  ആണ്. എല്ലാ ഈ മേൽപ്പറഞ്ഞ, കടബാധ്യതകൾക്കും വീട്ടുകാർക്കും വേണ്ടിയാണ് എന്നു നമുക്ക്, ഒരു പക്ഷെ  മനസ്സിലാവില്ല. ഡ്രൈവർ എന്ന തസ്തികയിൽ ജോലിക്കായി എത്തുന്ന ഒട്ടു മിക്കവാറും ആൾക്കാരെ, കൊടും ചൂടിൽ ഒടിഞ്ഞ ഒരു കസേരയിലോ,അല്ലെങ്കിൽ കൂട്ടിയിട്ടിരിക്കുന്ന നാല് കല്ലുകളുടെ മുകളിലോ, ഗെയിറ്റിനും കാറിനും ഇടയിലായിത്തന്നെ ഇരിക്കുന്നതു കാണാം. 48 ഡിഗ്രി കൊടും ചൂടിലും,10 ഡിഗ്രി തണുപ്പിലും. കാറോടിക്കുമ്പോഴെങ്കിലും എസിയിൽ ഇരിക്കാം എന്ന സമാധാനം മാത്രം ബാക്കി ഡ്രൈവർമാർക്ക്.

പോർട്ടോ ക്യാബിനോ, അതും അല്ലെങ്കിൽ ജോലിക്കാരികൾക്കും എല്ലാവർക്കുമായുള്ള മുറിയിൽ രാത്രി കിടക്കാം ആഹാരം അടുക്കളയിൽ നിന്നും കഴിക്കാം, പിന്നെ ആവശ്യാനുസരണം തണുത്ത വെള്ളം കുടിക്കാം, വെളിയിലെ കോബൗണ്ട് ഭിത്തിയിലുള്ള കൂളറിൽ നിന്ന്. അതിന്റെ പൈപ്പ്  മതിൽക്കൂടെ തുളച്ച്, വെളിയിൽ പിടിപ്പിരിക്കുന്നതിനാൽ, വഴിപോക്കർക്കും വെള്ളം കുടിക്കാം, മുഖം കഴുകാം, വെള്ളം ശേഖരിക്കുകയും ആവാം. ഇടത്തരം പലചരക്കുകടകളിലും ചെറിയ ചായക്കടകളിലും എല്ലാവർക്കും  ജോലിക്കായി ആവശ്യം ഇത്തരം ഏജെന്റ് വിസയിൽ വരുന്നവരെയാണ്. 

ശമ്പളം ആഹാരം ചേർത്തു തീരുമാനിക്കാം തുച്ഛമായി, കൂടെ രണ്ടു വർഷത്തിലൊരിക്കൽ ടിക്കറ്റ്, എന്ന വാഗ്ദാനവും കൂടെയാകുമ്പോൾ നമ്മുടെ പ്രാരാബ്ധക്കാരൻ ‘ഫുൾ ഫ്ലാറ്റ്’ തലയും കുത്തി വീണുകൊടുക്കും അറബിയുടെ കയ്യിലേക്ക്. കൂടെ എയർപോർട്ടിൽ നിന്ന് വന്നപടി താമസത്തിനായുള്ള ഫ്ളാറ്റും ഉണ്ട് എന്നു വാക്കാൽ ഉള്ള പ്രലോഭവും കൂടെയയപ്പോൾ, അപ്പൊത്തന്നെ നാട്ടിലേക്ക് ഇഷ്ടൻ‘പബ്ലിക്ക് ഫോൺ കറക്കി” ഇവിടെ എത്തി സുഖമായി, അറബി എനിക്കു താമസത്തിനായി  ഫ്ളാറ്റും മറ്റും തരുന്നുണ്ട്. “നല്ല  അറബി“, വന്നപാടെ കൊടുത്ത അഞ്ചു റിയാൽ,  500 രൂപയാക്കി വീട്ടുകാരോടും പറഞ്ഞു. ചേട്ടൻ, അതോടേ  ഒരിക്കലും തിരിച്ചുകയറാൻ പറ്റാത്ത പടുകുഴി തോണ്ടിക്കഴിഞ്ഞു. സത്യവസ്ഥകൾ മനസ്സിലാക്കി ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും പ്രശനങ്ങളും ഒന്നൊന്നായി  മുന്നിലെത്തുമ്പോൾ, നാട്ടിൽ കാത്തിരിക്കുന്ന കടബാദ്ധ്യതകൾ, തലക്കുമുകളിൽ ആയിക്കഴിഞ്ഞിരിക്കും. ഒരു “പൊതുമാപ്പിനും“ തീർക്കാൻപറ്റാത്ത കടബാദ്ധ്യതകൾ. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ഗവണ്മെന്റ് തയ്യാറാക്കുന്ന പരിഹാരം ഇത്തരക്കാരെ, ജീവിതത്തിന്റെ  കടുത്ത പ്രതിസന്ധികളിൽ എത്തിക്കുന്നു. ഒളിച്ചോട്ടം അല്ലാതെ  മറ്റു നിവൃത്തിയൊന്നുമില്ലാത്ത ഒരു  വഴിത്തിരിവിൽ എത്തുന്നു

ഒരു വാക്കിൽ പറഞ്ഞവസാനിപ്പിക്കയാണെൻകിൽ, നാളെ ഈ ജോലിക്കാരെ പ്രശ്നങ്ങൾ പരിഹരിച്ച് നാട്ടിൽലയച്ചാൽ ധാരാളം പണവും സമ്മാനങ്ങളും പ്രതീക്ഷിച്ചിരിക്കുന്ന വീട്ടുകാർക്കു പച്ച ജീവിനോടേ ഇവരെ തിരിച്ചു കിട്ടിയാൽ ഭാഗ്യം എന്നുമാത്രം കരുതുക. അത്രകണ്ട് മനുഷ്യത്വത്തിനു നിരക്കാത്തതരം പ്രവർത്തികളും പെരുമാറ്റങ്ങളും സഹിച്ചാണിവർ ഇവി‌ടെ കഴിയുന്നത് എന്ന് ഇവരുടെയെല്ലാം  വീട്ടുകാരയാണ് അറിയിക്കേണ്ടത്. മാജിക് ബോക്സും, സംഗീതസഭകളും, കോംബറ്റീഷനുകളും നടത്തു സിനിമാക്കാരും  മറ്റും ഇതുപോലെ ഗൾഫിൽ നിന്ന് തിരിച്ചുവരുന്നവരെ വിളിച്ചു വരുത്തി, അല്ലെങ്കിൽ ഗൽഫിൽ തന്നെ പൊയി ടിവിയിലും മാധ്യമങ്ങളിലൂടെയും സത്യാവസ്ഥകൾ  പറഞ്ഞു മനസ്സിലാക്കിയാൽ വർഷത്തിൽ ഒരാളെയെങ്കിലും ഈ മരുഭൂലേക്ക് എഴുന്നള്ളിച്ചു വിടുന്ന വീട്ടുകാരെ തടയാൻ സാധിച്ചാൽ അത്രയെങ്കിലുമായി.

ഒറ്റക്ക് തടുക്കാൻ കഴിയാത്ത ഇത്തരം സാഹചര്യങ്ങൾ നേരിടുമ്പോൾ, സഹായത്തിനായി സർക്കാർ കാര്യാലയങ്ങൾ എന്നിവക്ക് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് പരാതി നൽകാം. പത്രങ്ങളിലും, ടിവിയിലും മറ്റുമാധ്യമങ്ങൾ വഴിയും, ജനങ്ങളെ കൂടുതൽ ജാഗരൂപർ ആക്കുക എന്നതാണു മറ്റൊരു വഴി.രാജ്യത്തെ എല്ലാ പത്രങ്ങള്‍ക്കും ക്ലിപ്പുകളും, ചിത്രങ്ങളും വിവരങ്ങൾ നൽകുക,അതുവഴി 100 ൽ 10 പേരെയങ്കിലും  രക്ഷിക്കാൻ സാധിച്ചാൽ അത്രയെങ്കിലും സമൂഹത്തിനു വേണ്ടിചെയ്യാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യം. 

അത്രമാത്രം,അതുകഴിഞ്ഞാൽ, വീണ്ടും പഴേപടി കഥകൾ: സ്ത്രീ പീഡനങ്ങൾ, നിയമംകിട്ടാതെ ജയിൽ വാസവും, നൂറു കുറ്റങ്ങളുമായി അടുത്ത ഒരു മന്ത്രിയുടെവിരുന്നിനായി ടിവി, ചാനലുകാരുടെ എക്സ്‍ക്ലൂസിവ് വാർത്തക്കായി കാത്തിരിക്കുന്ന ജീവിതങ്ങൾ ഏഴുകടലിനപ്പുറം.

അവസനമായി ഒരു കാര്യംകൂടി…. ഇന്നു രാത്രി അവർക്ക് ആഹാരം കിട്ടിക്കാണുമോ ആവോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.