Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നിരക്ഷരന്റെ ‘മുസരിസിലൂടെ’ എന്ന ചരിത്രയാത്ര

സ്വപ്ന അനു ബി.ജോർജ്
niraksharan--sep-11-4

ഉറൂബിന്റെ, തിക്കോടിയന്റെ അങ്ങനെ ഒരുപാടുപേരുടെ യഥാർഥ പേരെന്തെന്ന് അറിയാത്ത ഒരു തലമുറ ഇവിടെയുണ്ട്. നിരക്ഷരനും ആ ശ്രേണിയിലേയ്ക്കു വന്നേക്കാം. മനോജ് എന്ന പേരിന്റെകൂടെ വാലുപോലെ കൊണ്ടുനടക്കുന്നത് ‘നിരക്ഷരൻ‘ എന്ന തൂലികാനാമമുണ്ട് അദ്ദേഹത്തിനും. പല എഴുത്തുകാരുടെ  കാര്യത്തിലും, തൂലികാനാമം മാത്രമേ പലർക്കും അറിയൂ. 

ബ്ലോഗെഴുത്ത് ഒരു ഭ്രാന്തായി മാറിയ 2006, 07 കാലത്താണ് ഈ പഴയ എണ്ണപ്പാടം എഞ്ചിനീയർ ‘നിരക്ഷരൻ’ എന്ന എഴുത്തുപേര് സ്വീകരിച്ചത് എന്നാണ് കേട്ടറിവ്. ഇതുപോലുള്ള പേരുകളുടെ ഒരു കുത്തൊഴുക്കുകാലമായിരുന്നു അത്. വിശാല മനസ്കൻ, നിഷ്‌കളങ്കൻ, സഹയാത്രികൻ, ചിത്രകാരൻ, പ്രയാസി, പേരക്ക തുടങ്ങി കറിവേപ്പില എന്നുവരെ എഴുത്തുപേരായി സ്വീകരിച്ച ബ്ലോഗർമാരുണ്ടായിരുന്നു അക്കാലത്ത്. അക്കൂട്ടത്തിൽ ഒന്നു പറയട്ടെ, ബ്ലോഗ് ലോകത്തിന്റെ ഒരു ഭാഗമായിരുന്ന ഞാനടക്കം പലരുടേയും ബ്ലോഗുകൾ 2010 നു ശേഷം നാമമാത്രമോ അല്ലെങ്കിൽ നിർജ്ജീവമോ ആയിത്തിർന്നു. നിരക്ഷരൻ ബ്ലോഗ് അതിനും അപവാദം, ഇന്നും സജീവമാ‍യി പ്രവർത്തിക്കുന്നു.

നിരക്ഷരൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും അക്ഷരങ്ങളെടുത്ത് അമ്മാനമാടാനുള്ള ഈ കക്ഷിയുടെ കഴിവ് കുറെ വർഷങ്ങളായി പ്രവാസലോകവും,എഴുത്തുകാരും കണ്ടുകൊണ്ടിരിക്കുന്നു. യാത്രകൾ, അനുഭവം, പുസ്തകാസ്വാദനം തുടങ്ങി വിവിധ മേഖലകളിൽ വ്യാപരിക്കുന്നൂ ആ എഴുത്ത്. എഴുത്തിൽ മാത്രം ഒതുങ്ങുന്നുമില്ല നിരക്ഷരജീവിതം. ഒരു ആക്റ്റിവിസ്റ്റ് എന്ന നിലയിൽ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമാണ് നിരക്ഷരൻ. എന്നാൽ കേവലം ഒരു “Armchair Activist” അല്ലതാനും. ഉദാഹരണത്തിനു “മരം, ഭൂമിക്കൊരു പച്ചക്കുട ഭാവിക്കൊരു ശ്വാസക്കുട” എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന ‘ഗ്രീൻവെയിനിന്റെ‘ കേരളത്തിലെ മുഖ്യ സംഘാടകൻ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിലുടനീളം യാത്രചെയ്ത് വൃക്ഷത്തൈകൾ നട്ടുകൊണ്ടിരിക്കുന്നു ഇദ്ദേഹം. തിന്മകൾക്കെതിരെ പ്രതികരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന നിരക്ഷരൻ, സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട്. കായിക രംഗത്തേക്ക് ഓടിക്കയറിയ നിരക്ഷരൻ കുറേയേറെ മാരത്തോൺ മത്സരങ്ങളിൽ പങ്കെടുത്ത അനുഭവം, ഫെയ്സ് ബുക്ക് വഴി പോസ്റ്റിയിട്ടുള്ളതാണ്. 

മെന്റർ മാഗസിനിൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി പ്രസിദ്ധീകരിച്ചുവന്ന മനോജിന്റെ യാത്രാവിവരണ ലേഖനങ്ങൾ സമാഹരിച്ചതാണ് ‘മുസ്‌രീസിലൂടെ‘ എന്ന ഈ പുസ്തകം. വർഷങ്ങൾ നീണ്ട ഗവേഷണവും അദ്ധ്വാനവും ഇതിന്റെ പിറകിലുണ്ട്. അതിലുപരി ഈ പുസ്തകത്തിന്റെ സവിശേഷത ഇന്ത്യയിൽ Augmented Reality എന്ന സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ പുസ്തകംകൂടിയാണിത്. പുസ്തകം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യുന്ന കാര്യവും ഗൗരവപൂർവ്വം ആലോചിച്ചുവരുന്നു.

niraksharan--sep-11-1

അക്ഷരസ്നേഹികളായ നിരക്ഷര സുഹൃത്തുക്കളാൽ നിറഞ്ഞ സദസ്സിൽ വച്ച്, മനോജ് രവീന്ദ്രൻ, നിരക്ഷരൻ എന്ന എഴുത്തുപേരിൽ എഴുതിയ “മുസ്‌രീസിലൂടെ” എന്ന പുസ്തകത്തിന്റെ പ്രകാശനം 2015 ഡിസമ്പർ 11 തൃശ്ശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുകയുണ്ടായി. ഔപചാരിക പ്രകാശനം നേരത്തെ നടന്നതാണെങ്കിലും ജോൺ പോൾ പുസ്തകത്തിന്റെ ആദ്യപ്രതി കെ എ ബീനക്കു നൽകിയായിരുന്നു പ്രകാശനം നിർവ്വഹിച്ചത്. പൂയപ്പള്ളി തങ്കപ്പൻ പുസ്തക പരിചയം നടത്തി, സുസ്മേസ് ചന്ദ്രോത്ത്, വികെ ആദർശ്, സജിത മഠത്തിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രസാധകരായ മെന്റർ ബുക്സിലെ വിനോദ് കോട്ടയിൽ സ്വാഗതവും. നിരക്ഷരൻ നന്ദിയും പറയുകയുണ്ടായി.

നിരക്ഷരൻ എന്ന ഒരു സുഹൃത്ത് എന്റെയും, എന്നെപ്പോലെ എഴുത്തുശാലകളിൽ , എഴുത്തിന്റെ താൽപര്യം തേടിയെത്തുന്നവർക്ക്, ഒരു നല്ല സുഹൃത്തും വഴികാട്ടിയുമാണെദ്ദേഹം. ‘ബ്ലോഗിംഗ്’ നെക്കുറിച്ച് നിരക്ഷരന്റെ സ്വന്തം വിവരണങ്ങൾ, 2007 ഒക്‌ടോബർ 27 മുതൽക്കാണ് ബ്‌ളോഗുകൾ എഴുതിത്തുടങ്ങിയത്. യാത്രാവിവരണങ്ങൾ മാത്രം എഴുതിയിരുന്ന ചില യാത്രകൾ എന്ന ഈ ബ്‌ളോഗിന് പുറമേ നിരക്ഷരൻ, ചില ചിത്രങ്ങൾ, Niraksharan's Travelogues എന്നിങ്ങനെ മൊത്തം നാല് ബ്‌ളോഗുകൾ കൊണ്ടുനടന്നിരുന്നു ഇതുവരെ.എല്ലാ ബ്‌ളോഗുകളിലേയും ലേഖനങ്ങൾ ഒരു കുടക്കീഴിലേക്ക് കൊണ്ടുവന്നു. യാത്ര, Travelogues, സാമൂഹികം, പുസ്തകം, സിനിമ, ഓർമ്മ, പലവക എന്നിങ്ങനെ ലേഖനങ്ങളെ തരംതിരിച്ച് സൈറ്റിൽ ചേർത്തിട്ടുണ്ട്. 

ബ്ലോളോഗിൽ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നെങ്കിലും ഞാനൊരു ബ്ലോഗർ അല്ലാതാകുന്നില്ല. Web+logger= Blogger എന്ന സൂത്രവാക്യം കണക്കിലെടുത്താൽ, ബ്ലോഗിലോ പോർട്ടലിലോ സൈറ്റിലോ ഫേസ്‌ബുക്കിലോ ഗൂഗിൾ പ്ലസിലോ, ഇതൊന്നുമല്ലാത്ത മറ്റേത് ഓൺലൈനിൽ ഇടങ്ങളിലോ ലേഖനങ്ങൾ എഴുതുന്ന  ഒരാൾ ബ്‌ളോഗർ തന്നെ ആണെന്നാണ് എന്റെ വിശ്വാസം.  ഇതുവരെ വായനയിലൂടെയും അഭിപ്രായങ്ങളിലൂടെയും പ്രോത്സാഹനം തന്നവർക്കെല്ലാം നന്ദിയും തുടർന്ന് വായിക്കാൻ താൽപ്പര്യമുള്ളവർക്ക് വിനയപൂർവ്വം ക്ഷണവും അറിയിക്കുന്നു. തുടർന്ന്  അദ്ദേഹത്തിന്റെ തന്നെ വാക്കുകലിലേക്ക് കടന്നു ചെല്ലാം.

1. നിരക്ഷരന്റെ ‘മുസരിസിലൂടെ’ എന്ന ചരിത്രയാത്ര പുസ്‌തകത്തിന്റെ തുടക്കം, ചിന്തകൾ എങ്ങിനെ എവിടുന്ന് തുടങ്ങി?

മുസ്‌രീസ് എന്ന് കരുതപ്പെടുന്ന ഇടം ഞാൻ ജനിച്ച് വളർന്ന നാടും അതിന്റെ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളുമൊക്കെയാണ്. അവിടെ നടക്കുന്ന ചില വ്യത്യസ്തവും ശ്രദ്ധയാകർഷിക്കപ്പെടേണ്ടതുമായ കാര്യങ്ങൾ ആരുമിതുവരെ പറയാതെ പോയപ്പോൾ ആ ദൌത്യം,അക്ഷരങ്ങൾക്ക് ദാരിദ്ര്യമുണ്ടെങ്കിലും ഞാനേറ്റെടുത്താലോ എന്നാലോചിച്ചു. ഉദാഹരണത്തിന്, 80ൽ‌പ്പരം വർഷങ്ങളായി കൊടുങ്ങലൂ‍രിൽ നടക്കുന്ന ‘സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം’ എന്ന മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കുന്ന ഉത്സവം. അത് നടത്തുന്നത് തമിഴകത്തുനിന്ന് എത്തുന്ന ഭക്തരാണ്. മലയാളി അതിൽ ഭാഗഭാക്കാകുന്നില്ല, അതിന്റെ ഒരു സമ്പൂർണ്ണ വാർത്തയോ ചാനൽ ദൃശ്യങ്ങളോ നൽകാൻ ആരും തയ്യാറാവുന്നില്ല. അങ്ങനെയുള്ള ചില പുതുമയുള്ള കാര്യങ്ങൾ പറയുന്നതിന്റെ കൂട്ടത്തിൽ പറയുന്ന ബാക്കിയുള്ള കാര്യങ്ങളും ചരിത്രവുമൊക്കെ എല്ലാവർക്കും അറിയുന്നത് തന്നെയാകാം. പക്ഷെ ഇതൊന്നും അറിയാത്തവർക്ക് ഈ പുസ്തകം മൊത്തത്തിൽ ഒരു പുതിയ ലോകവുമാകാം.

niraksharan--sep-11-3

2.  ഇന്ത്യയിൽ ആദ്യമായ്‌ Augmented Reality ടെക്നൊളജി ഉപയൊഗിച്ച്‌ പുറത്തിറക്കുന്ന ഈ പുസ്തകം മണ്മറഞ്ഞ്‌ പോയ ഒരു കാലത്തിന്റെ ചരിത്രത്തിലേക്ക്‌ അക്ഷരങ്ങളൊടൊപ്പം ചിത്രങ്ങളുടെയും ദ്രിശ്യങ്ങളിലൂടെയും നിരക്ഷരൻ ഒരുക്കിയിരിക്കന്നു... വിശദമാക്കാമോ?

Augmented Reality എന്നാൽ യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന കൂടുതൽ വിവരങ്ങൾ നൽകുക എന്നാണ്. ഇന്റർ‌നെറ്റ് സൗകര്യമുള്ള ഒരു android ഫോണിൽ ഈ പുസ്തകത്തിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള Muzreesiloode എന്ന ആപ്പ്, playstore നിന്ന് ഡൗൺ‌ലോഡ് ചെയ്യണം. ഫോണിൽ ആപ്പ് തുറന്ന് ഈ പുസ്തകത്തിൽ പ്രിന്റ് ചെയ്തിരിക്കുന്ന പടങ്ങൾക്ക് മുകളിൽ പിടിച്ചാൽ നിങ്ങളുടെ മൊബൈൽ ഫോണിൽ അതാത് ചിത്രങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങളും വിഡിയോയും എല്ലാം തുറന്ന് വരും. അത്തരത്തിലുള്ള 40ൽ‌പ്പരം വിഡിയോകളും 300ൽ‌പ്പരം സ്റ്റിൽ ഫോട്ടോഗ്രാഫുകളുമാണ് പുസ്തകത്തിലൂടെ കാണാനാകുക. പുസ്തകരചനയ്ക്ക് റഫർ ചെയ്ത മറ്റ് ഗ്രന്ഥങ്ങളും ഓരോ സ്ഥലങ്ങളുടേയും G P S location നുമെല്ലാം ഇതേ മാർഗ്ഗത്തിലൂടെ തന്നെ കാണാനാകും.

3. ചേറ്റുവ കോട്ടയുടെ ചിത്രങ്ങൾ എന്നൊക്കെ വായിച്ചു കേട്ടു. എന്തൊക്കെയാണ്  ഈ പുസ്തകത്തിന്റെ പ്രാധാന തന്തു?

ചേറ്റുവ കോട്ടയുടേത് ഇതിന്റെ നൂറ് കണക്കിന് ചിത്രങ്ങളിൽ ഒന്ന് മാത്രം. പുസ്തകത്തിന്റെ പ്രധാന തന്തു, പതിനാലാം നൂറ്റാണ്ടിൽ മൺ‌മറഞ്ഞുപോയ മുചിരി, മുയിരിക്കോട്, മുചിരിപ്പട്ടണം, മുസ്‌രീസ് എന്നൊക്കെ അറിയപ്പെട്ടിരുന്ന സൌത്ത് ഈസ്റ്റ് ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനവും വലുതുമായിരുന്ന തുറമുഖ നഗരത്തിന്റെ ചരിത്രത്തിലൂടെയും ഇപ്പോൾ അവിടെ അവശേഷിക്കുന്ന സ്മാരകങ്ങളിലൂടെയും അവിടെ ജീവിച്ചിരുന്ന മഹാത്മാക്കളുടെ ഓർമ്മകൾക്കിടയിലൂടെയും ഒരാൾ തന്റെ കുട്ടിക്കാലം മുതൽ അശ്രദ്ധമായും പിന്നീടിങ്ങോട്ട് കുറച്ചെങ്കിലും ശ്രദ്ധപതിപ്പിച്ചുകൊണ്ടും നടത്തിപ്പോന്ന ഒരു യാത്രയുടെ വിവരണമാണിത്. ചരിത്രസ്മരണകളിലൂടെയുള്ള ഒരു യാത്ര എന്ന് പറയുന്നതാകും കുറേക്കൂടെ അനുയോജ്യം. ചരിത്രത്തിനൊപ്പം ഐതിഹ്യങ്ങളും നാട്ടുകഥകളും എല്ലാം ഇതിൽ ഒരുപോലെ കടന്നുവരുന്നുണ്ട്. 

4. വിസ്മയ പുസ്തകം എന്നൊക്കെ വിളിപ്പേർ പറഞ്ഞു കേട്ടു. എന്തുകൊണ്ടാണ് ഇത്തരം ഒരു പുസ്തകത്തിനായി താങ്കൾ മുതിർന്നത് ? 

അങ്ങനെ പറയാമോ എന്ന് എനിക്കറിയില്ല. ആരാണ് പറഞ്ഞതെന്നും അറിയില്ല. ഓഗ്‌മെന്റഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യ, ഈ പുസ്തകത്തിലൂടെ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നുണ്ട് എന്നത് ശരിയാണ്. അതുകൊണ്ട് ഇതൊരു വിസ്മയമാണെന്ന് ഞാനവകാശപ്പെടുന്നില്ല. കാരണം, ഈ സാങ്കേതിക വിദ്യ രണ്ട് വർഷത്തിലേറെയായി ഇവിടത്തെ പല പത്രമാധ്യമങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു പുസ്തകത്തിൽ അത് വരുന്നത് ആദ്യമാണെന്ന് മാത്രം. ‌ഇക്കാര്യം ഇതുവരെ ശ്രദ്ധിക്കാതെ പോയവർക്ക് ചിലപ്പോൾ ഇതൊരു വിസ്മയമായി തോന്നിയിട്ടുണ്ടാകാം.

എന്റെ ദൗർബല്യങ്ങൾ നല്ല ബോധ്യമുള്ള ആളാണ് ഞാൻ. അക്ഷരങ്ങൾ കൊണ്ട് മായാജാലം കാണിക്കുന്ന എഴുത്തുകാർക്ക് ഒരു ക്ഷാമവുമില്ലാത്ത ഇന്നാട്ടിൽ പുതിയൊരു എഴുത്തുകാരൻ വരുമ്പോൾ അയാൾ കുറഞ്ഞത് നാലഞ്ച് ചെപ്പടി വിദ്യകളെങ്കിലും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ പിടിച്ചുനിൽക്കാൻ പറ്റിയെന്ന് വരില്ല. അങ്ങനെയെന്തെങ്കിലും ചെയ്യണമെന്ന തോന്നൽ തീർച്ചയായും ഉണ്ടായിരുന്നു. അപ്പോഴാണ് യാദൃശ്ചിയ ഓഗ്‌മെന്റേഷൻ ടെൿനോളജി സൌജന്യമായിത്തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിക്കാം എന്ന വാഗ്ദാനവുമായി ടെക്നിക്കൽ സപ്പോർട്ട് തരാൻ പ്യാരി സിങ്ങ് എന്നെ സമീപിക്കുന്നത്. അതാണിപ്പോൾ ഈ പുസ്തകത്തിൽ എത്തിനിൽക്കുന്നത്.

5. ചരിത്രപുസ്തകങ്ങൾ എഴുതാൻ താൽപര്യപ്പെടുന്നവർ ഇന്നുണ്ടോ? 

ചരിത്രം, സത്യം പറഞ്ഞാൽ കൊട്ടത്തേങ്ങ പോലുള്ള ഒരു സംഭവമാണ്. പൊതിച്ചെടുക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാലും ചരിത്രപുസ്തകങ്ങൾക്ക് വായനക്കാർ കുറവൊന്നുമല്ല. വായനക്കാരുണ്ടെങ്കിൽ എഴുത്തുകാരും ഉണ്ടാകാതെ തരമില്ലല്ലോ ? വായിക്കുമ്പോഴും എഴുതുമ്പോളും അത് തരുന്ന ചില രസകരമായ സമസ്യകളും ഊരാക്കുടുക്കുകളുമൊക്കെയുണ്ട്. അതിലങ്ങനെ പിണഞ്ഞ് കിടക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ്. എഴുതിക്കൊണ്ടിരിക്കുമ്പോഴും എഴുതിക്കഴിഞ്ഞാലും ചിലപ്പോൾ  ആ സുഖം നമ്മെ ഒരു ലഹരിപോലെ വിടാതെ കൂടെനിൽക്കും. ലളിതമായ ഭാഷയിൽ പറയാമെങ്കിൽ എത്ര കടുകട്ടി ചരിത്രം വായിക്കാനും വായനക്കാർ കൂടെയുണ്ടാകുമെന്ന് എനിക്കനുഭവമുണ്ട്. ഞാൻ ബോധപൂർവ്വം ഭാഷ ലളിതമാക്കിയതല്ല. എന്റെ പത്തായത്തിൽ കടുപ്പിച്ചെഴുതാനുള്ള അക്ഷരക്കൂട്ടുകൾ ഇല്ലാത്തതുകൊണ്ടാണ്.  

niraksharan--sep-11-2 മനോജ്

6. എന്താണ് അതിനുള്ള താല്പര്യവശങ്ങൾ?

എന്റെ താൽ‌പ്പര്യവശങ്ങളെപ്പറ്റി പറയാനേ എനിക്കാവൂ. ഇന്ന് ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ‌പ്പോലും ചരിത്രം വക്രീകരിക്കപ്പെടുന്നുണ്ട്, സ്വാർത്ഥ താൽ‌പ്പര്യപ്രകാരം തെറ്റായ വസ്തുതകൾ എഴുതിച്ചേർക്കപ്പെടുന്നുണ്ട്. ആരെങ്കിലുമൊക്കെ ശരിയായ വശങ്ങൾ എവിടെയെങ്കിലും കോറിയിട്ട് പോയില്ലെങ്കിൽ അത് വരും തലമുറയോട് ചെയ്യുന്ന പാതകമായിരിക്കും. നമ്മുടെ പഴയ തലമുറയ്ക്ക് അന്നത്തെ ചരിത്രം രേഖപ്പെടുത്തി വെയ്ക്കാനുള്ള കൃത്യമായ സങ്കേതങ്ങൾ ഇല്ലാതെ പോയതിന്റെ ബുദ്ധിമുട്ടാണ് ഇന്ന് നാമനുഭവിക്കുന്നത്. എല്ലാ സൌകര്യങ്ങളും സാങ്കേതിക വിദ്യയുടെ സഹായവുമുള്ള ഈ കാലത്ത് അത് പൂർണ്ണമായും പ്രയോജനപ്പെടുത്തുക എന്നത് മാത്രമേ നാം ചെയ്യേണ്ടതുള്ളൂ. പിടികിട്ടാതെ പോയ ചരിത്രം ചർച്ച ചെയ്യപ്പെടുകയും നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യപരമായ നിഗമനങ്ങളിൽ എത്തിച്ചേരുകയും വേണം. ചർച്ചയിൽ പങ്കെടുക്കുന്ന ചരിത്രകാരന്മാരും പണ്ഡിതന്മാരും അവരവരുടെ താൽ‌പ്പര്യങ്ങൾ മുറിക്ക് പുറത്ത് അഴിച്ച് വെച്ചിട്ട് വേണം ചർച്ച ചെയ്യാനെന്ന് മാത്രം.  

7. താങ്കളുടെ സ്വന്തം വാക്കുകളിൽ സ്വയം അന്തർമുഖൻ എന്നു വിശേഷിപ്പിച്ചു കണ്ടു, എന്താണിതിന്റെ കാരണം ഉദ്ദേശം, വ്യക്തിത്വം, ഒന്നു സ്വയം വിശകലനം പറയൂ.

ഇംഗ്ലീഷിലെ Introvert ആണ് മലയാളത്തിലെ അന്തർമുഖൻ. കൂടുതൽ ആൾക്കാരുള്ളിടത്ത് അയാൾ കൂടുതൽ കൂടുതൽ തന്നിലേക്കൊതുങ്ങിക്കൊണ്ടിരിക്കും. ഞാനൊരിക്കലും ബഹിർ‌മുഖൻ(Extrovert) ആയിരുന്നില്ല. ആൾക്കൂട്ടങ്ങളെ ഞാനിപ്പോഴും ഭയക്കുന്നു. പ്രത്യേകിച്ചും ഞാനാ കൂട്ടത്തിന്റെ കേന്ദ്രബിന്ദുവാകുന്ന ഒരു സന്ദർഭം ഉണ്ടാകുമ്പോൾ. അങ്ങനെ സംഭവിക്കാനുള്ള കാരണം ചിലപ്പോൾ ജനിതകമാകാം, അല്ലെങ്കിൽ ആത്മവിശ്വാസക്കുറവ് ആകാം, അതുമല്ലെങ്കിൽ ആവശ്യത്തിനുള്ള പരിശീലനമോ സ്വയം പാകപ്പെടുത്തലോ നേടാത്തതുകൊണ്ടാകാം. പ്രത്യേകിച്ച് ഉദ്ദേശമെന്തെങ്കിലും വെച്ച് മനപൂർവ്വം അങ്ങനെ ആകുന്നതല്ല. സ്വന്തം നിയന്ത്രണത്തിലല്ലാത്ത ഒരു അവസ്ഥ മാത്രമാണത്. അതുകൊണ്ട് മറ്റുള്ളവർക്ക് അപകടമൊന്നും ഇല്ലാത്തിടത്തോളം കാലം, ഉദ്ദേശത്തെ ഭയപ്പെടേണ്ടതുമില്ല. എന്റെ വ്യക്തിത്വം സ്വയം വിശകലനം ചെയ്യാൻ ഞാനാളല്ല. അതത്ര എളുപ്പമുള്ള കാര്യവുമല്ല. ഒന്ന് മാത്രം പറയാം. മനുഷ്യന്മാർക്ക് പറ്റാൻ സാദ്ധ്യതയുള്ള എല്ലാ തെറ്റുകുറ്റങ്ങളും എനിക്കും ബാധകമാണ്. 

niraksharan--sep-11-3

ഷീന രാജൻ ടീച്ചർ:‌ കേരളത്തിന്റെ പ്രാചീന ചരിത്രത്തിൽ അറബിക്കടലിനുള്ള സ്ഥാനം അനിഷേധ്യമാണ്. ഗ്രീക്കുകാരും ചീനക്കാരും അറബികളും ലന്ത - പോർച്ചുഗീസ്- കാരും കടല കടന്നു ഈ തീരത്ത് എത്തിയിട്ടുണ്ട്. ഒരുപാട് ആദാന പ്രദാനങ്ങൾ. പലതും ഇവിടെ നിന്ന് കടൽ കടന്നു മറുകരയെത്തി. അതുപോലെ മറുകരയിൽ നിന്ന് ഒരുപാട് ഈ കരയിലേക്കും.. ആ കൂട്ടത്തിൽ ഇവിടെ വേരുറപ്പിച്ചു ശക്തിനേടിയ വിശ്വാസങ്ങളും.ഇവിടെയാണ് മുസിരിസ് /കൊടുങ്ങല്ലൂർ തുറമുഖം ശ്രദ്ധേയമാകുന്നത്... കോഴിക്കോട് കടൽത്തീരം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അദ്ധ്യായങ്ങൾ കുറിച്ചതുപോലെ അതിനും ഒരുപാട് മുമ്പ് തന്നെ കൊടുങ്ങല്ലൂർ ഇന്ത്യയുടെ മത സാമൂഹ്യ രംഗത്ത്‌ ഒരു മാറ്റത്തിന്റെ ചരിത്രവും കുറിച്ചു. 

ക്രിസ്തു കാലത്തിനു മുമ്പ് ലോകത്തിലെ തന്നെ പ്രമുഖമായ തുറമുഖങ്ങളിൽ ഒന്നായിരുന്ന മുസിരിസ്സിനു- ഇന്നത്തെ കൊടുങ്ങല്ലൂരിനു- ഒരു പാട് ചരിത്രം പറയാനുണ്ട്. അടുത്ത കാലത്തായി അതിനു വേണ്ട ഉദ്ഖനനങ്ങളും ഗവേഷണങ്ങളും നടന്നുവരുന്നുമുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ ഈ ചരിത്ര ഭൂമികകളെ സ്പർശിച്ചുകൊണ്ട് ഒരു യാത്ര വളരെ പ്രസക്തമാണ്. പ്രത്യേകിച്ചും അത് ജലയാത്രയാണെങ്കിൽ. ഇനിയും ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷതയിലേക്ക് എത്തിയിട്ടില്ല.. യാത്രാ വിവരണങ്ങളിൽ ചിത്രങ്ങൾ അനിവാര്യമാണ്. യാത്രികന്റെ അനുഭവം വായനക്കാരിലേക്ക് വളരെ കുറഞ്ഞ അളവിലെങ്കിലും പകരാൻ ചിത്രങ്ങൾക്ക് - ഫോട്ടോകൾക്ക് കഴിയും. ഈ കൃതി അതിനെയെല്ലാം മറികടന്നിരിക്കുന്നു. 

യാത്രയുടെ, യാത്രാപഥത്തിന്റെ കൃത്യമായ വീഡിയോ ദൃശ്യങ്ങൾ ഓരോ പേജിലുമെന്നവണ്ണം ഇവിടെ സന്നിവേശിപ്പിച്ചിരിക്കുന്നു. വാക്കുകൾക്കപ്പുറം യാത്രാ നേരിട്ട് അനുഭവിക്കുന്ന ഒരു അനുഭൂതി. ഒരു യാത്രാ വിവരണത്തിന്റെ പൂർണ്ണത.ഈ ഒരു അനുഭവം ഒരുപാട് വായനക്കാർക്ക് ഇതാദ്യമായിരിക്കും. ഭൂരിപക്ഷമലയാളിയുടെ യാത്രാവിശേഷങ്ങൾ ഒഴിഞ്ഞ ബീയർ ക്യാനുകളും ഈച്ചയാർക്കുന്ന പേപ്പർ പ്ലേറ്റുകളുമായി നമ്മളെ അലോസരപ്പെടുത്തുന്ന ഈ കാലത്ത് ഇത്തരം യാത്രാ പദ്ധതികൾക്ക് ഒരുപാട് പ്രസക്തിയുണ്ട്,ഒപ്പം യാത്രാനുഭവ വിവരണങ്ങൾക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.