Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതിക്കും ജലത്തിനും ബഹ്റൈനിൽ വാറ്റ്

vat

മനാമ ∙ ബഹ്റൈനിൽ വൈദ്യുതിക്കും ജലത്തിനും അഞ്ചു ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്തി. ഈ മാസം 1നു പ്രാബല്യത്തിൽ വന്ന വാറ്റിന്റെ പരിധിയിലാണ് വൈദ്യുതി, ജലസേവനങ്ങളെ ഉൾപ്പെടുത്തിയത്. വാറ്റ് നടപ്പിലാക്കുന്നതിലെ വീഴ്ചകൾ കണ്ടെത്താൻ അധികൃതർ വിപണി പരിശോധനയും ശക്തമാക്കി. ജനുവരി ഒന്നു മുതലാണ് മൂല്യവർധിത നികുതി പ്രാബല്യത്തിൽ വന്നത്. സൗദിക്കും യുഎഇക്കും പിന്നാലെയാണ് ബഹ്റൈനും മൂല്യവർധിത നികുതി എർപ്പെടുത്തിയത്.

കൂടുതൽ മേഖലയിൽ ഇളവുകൾ

വാറ്റ് നടപ്പിലാക്കിയ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി അടിസ്ഥാന സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കും കൂടുതൽ ഇളവുകളോടെയാണ് വാറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. 1400 സർക്കാർ സേവനങ്ങളെ വാറ്റിന്റെ പരിധിയിൽ നിന്നു ഒഴിവാക്കാൻ ഭരണാധികാരി ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രത്യേക നിർദേശമനുസരിച്ച് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. വെള്ളം, ഇറച്ചി, മൽസ്യം, പച്ചക്കറി, ഉപ്പ്, പഞ്ചസാര, മുട്ട, ഗോതമ്പ് തുടങ്ങിയ അവശ്യഭക്ഷ്യവസ്തുക്കളെ ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയും പ്രധാന മരുന്നുകളും വാറ്റിന്റെ പരിധിയിൽ വരില്ലെന്ന് ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ സേവനങ്ങൾക്കു വാറ്റ് നൽകേണ്ടിവരില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രവാസികൾക്ക് പ്രയാസമാകും

പ്രവാസികൾക്കും ഒന്നിലധികം വീടുകളുള്ള സ്വദേശികൾക്കും 2016 മുതൽ വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്ക് വർധിച്ചുവരുകയാണ്. മാർച്ച് മുതൽ ഈ വർധനയുടെ അവസാനഘട്ടം നടപ്പിക്കാനിരിക്കെയാണ് വാറ്റ് കൂടി ഈ സേവനങ്ങൾക്ക് എർപ്പെടുത്തിയത്.

300 ദിനാർവരെ വിലയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരാം

300 ദിനാർ വരെ വിലയുള്ള സാധനങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്ന് വാറ്റ് ബാധകമാകാതെ കൊണ്ടുവരാനാകുമെന്നു കസ്റ്റംസ് അധിക്യതർ വ്യക്തമാക്കുന്നു. വായ്പ, പലിശ, പണം പിൻവലിക്കൽ, എ.ടി.എം ഇടപാടുകൾ തുടങ്ങിയവയെയും വാറ്റ് ബാധിക്കില്ല.
ടെലി കമ്മ്യുണിക്കേഷൻസ്, വസ്ത്രം, ഹോട്ടൽ, റസ്റ്ററന്റ്, വാഹനങ്ങൾ തുടങ്ങിയവയ്ക്ക് വാറ്റ് ഈടാക്കും.

അനധികൃതമായി വാറ്റ് ഈടാക്കിയാൽ നടപടി

വാറ്റിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉൽപന്നങ്ങൾക്കും അധിക നികുതി ഈടാക്കുന്നതായി പരാതി. ഇളവ് നൽകിയ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ഈടാക്കുന്നതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ നികുതി സമ്പ്രദായം
നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ നടപടിയുണ്ടാകുമെന്നു വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സായിദ് അസ്സയാനി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വാറ്റ് നടപ്പിലാക്കുന്നതിലെ വീഴ്ചകൾ കണ്ടെത്താൻ വിപണി പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. വാറ്റിനെക്കുറിച്ചു ബോധവത്കരണം നടത്താനും സംശയങ്ങൾ ദുരീകരിക്കാനും വ്യവസായ വാണിജ്യ വിനോദസഞ്ചാര മന്ത്രാലയങ്ങളുമായി സഹകരിച്ച് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് അധികൃതർ വിപണി സന്ദർശനം ഏകോപിപ്പിക്കുന്നുണ്ട്. ആദ്യത്തെ ആശങ്കകൾ ക്രമേണ മാറുമെന്നും വ്യവസായ മുന്നേറ്റത്തിനും സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിനും വാറ്റ് കാരണമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.