Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംസിസി ബഹ്‌റൈൻ: ‘ജീവസ്പർശം’ ഇരുപത്തിയഞ്ചിന്റെ നിറവിൽ

jeevasparsham-press-meet

മനാമ ∙ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർഥം കെഎംസിസി ബഹ്‌റൈൻ നടത്തിവരുന്ന സമൂഹ രക്തദാന ക്യാംപ് ഇരുപത്തിയഞ്ചിന്റെ നിറവിലേക്ക്. പ്രമുഖ ജ്വലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ പത്താം തിയതി  സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്‌ ‘ജീവസ്പർശം’ ക്യാംപിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച  രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ട് വരെ സൽമാനിയ മെഡിക്കൽ സെന്ററിൽ വച്ചാണ് ക്യാംപ് നടക്കുന്നത് . ആരോഗ്യ മന്ത്രാലയ പ്രതിനിധികൾ ഉൾപ്പടെ പ്രമുഖർ ക്യാംപ് സന്ദർശിക്കുന്നതാണ്. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളും  രൂപീകരിച്ചിട്ടുണ്ട്. ബഹ്റൈന്റെ വിവിധ ഏരിയകളിൽ നിന്നായി ഇതിനകം അഞ്ഞൂറിലധികം പേർ ക്യാംപിൽ പങ്കെടുക്കാൻ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട് .

സമൂഹ രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ‘ജീവസ്പർശം’ എന്നപേരിൽ കെഎംസിസി നിരവധി വർഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യംപിന്റെ സവിശേഷത. ഇതിലൂടെ പൊതുസമൂഹത്തിൽ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസികളായ മലയാളികൾ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും സ്വദേശികളുൾപ്പടെ പാകിസ്ഥാൻ, ബംഗ്ലദേശ്, ഫിലിപ്പിൻസ് തുടങ്ങി വിവിധ രാജ്യക്കാരും രക്തദാന സന്നദ്ധരായി എത്താറുണ്ട്.

രോഗം ,അപകടം തുടങ്ങിയ കാരണങ്ങളാൽ രക്തം ആവശ്യമായി വരുന്ന അടിയന്തിര ഘട്ടങ്ങളിൽ ജീവരക്ഷക്കായി സഹായിക്കുക എന്നതാണ് ഇത്തരം സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ക്യാംപുകളിൽ ഇതിനകം മൂവായിരത്തിലധികം പേരാണ് കെഎംസിസിയുടെ ‘ജീവസ്പർശം’ വഴി രക്തദാനം നടത്തിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്‌ സൈറ്റും ജീവസ്പർശം എന്നപേരിൽ പ്രത്യേകം ആപ്പും  ആരംഭിച്ചിട്ടുണ്ട് .

ബഹ്റൈനിൽ രക്തദാനത്തിന്റെ സന്ദേശം ഇത്രയധികം പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിക്കുവാനായി വളരെ വിപുലമായ രീതിയിൽ വിവര ശേഖരണം നടത്തി ക്യാംപുകൾ സംഘടിപ്പിക്കുന്നത് കെഎംസിസി മാത്രമാണെന്ന് സംഘാടകർ പറഞ്ഞു. മികച്ച രക്തദാന പ്രവർത്തനത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെതുൾപ്പടെ നിരവധി അംഗീകാരങ്ങളാണ് കെഎംസിസി ബഹ്റൈന് ലഭിച്ചിട്ടുള്ളത്.  രക്ത ദാനത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 33226943, 33191235 36300291 എന്ന നമ്പരിലും  ഇതിനായി വാഹന സൗകര്യം ആവശ്യമുള്ളവർ 33189006, 38499146 എന്നീ നമ്പരിലും ബന്ധപ്പെടേണ്ടതാണ്.

നിർദ്ധനരായ ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കായി പ്രവാസി ബൈത്തുറഹ്മ, ജീവജലം കുടിവെള്ള പദ്ധതി, തണൽ ഭവന പദ്ധതി, സമൂഹ വിവാഹം, അൽ അമാന സാമൂഹ്യ സുരക്ഷാ പദ്ധതി, ശിഹാബ് തങ്ങൾ പ്രവാസി പെൻഷൻ പദ്ധതി, റിലീഫ് സെൽ, വിദ്യാഭ്യാസ സഹായങ്ങൾ, മയ്യിത്ത് പരിപാലന സേവനങ്ങൾ, ബിസിനസ് മീറ്റുകൾ, ഈദ് സംഗമങ്ങൾ, ദേശീയദിനാഘോഷ പരിപാടികൾ തുടങ്ങി വിവിധങ്ങളായ സേവന ഇതര പ്രവർത്തനങ്ങളാണ് പ്രവാസി സമൂഹത്തിനും മറ്റുമായി കെഎംസിസി ബഹ്‌റൈൻ നടത്തികൊണ്ടിരിക്കുന്നത്.

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് എസ്.വി. ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ക്യാംപ് ചെയർമാൻ കെ.കെ.സി.മുനീർ, ജനറൽ കൺവീനർ കെ.പി.മുസ്തഫ, ജോയ് ആലുക്കാസ് കൺട്രി മാനേജർ വിനോദ്, ഭാരവാഹികളായ സലാം മമ്പാട്ടുമൂല, ഒ.കെ.കാസ്സിം, സൂപ്പി ജീലാനി, മീഡിയ കോഡിനേറ്റർ തേവലക്കര ബാദുഷ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.