Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്‌സിഎ മന്നം ഫെസ്റ്റും അവാര്‍ഡ് വിതരണവും നടത്തി

KSCA

ബഹ്റൈൻ ∙ കേരള സോഷ്യൽ ആന്‍റ് കൾച്ചറൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ മന്നം ഫെസ്റ്റും അവർഡ് വിതരണവും വിപുലമായി ആഘോഷിച്ചു. മന്നം ജയന്തിയുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ചുനടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകനും മുൻ സൈനികനുമായ മേജർ രവി മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി മനോജ് കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് പമ്പാവാസൻ നായർ അധ്യക്ഷത വഹിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിസ്വാർഥ സേവനം നടത്തുന്ന പ്രഗത്ഭ വ്യക്തികളേയും സ്ഥാപനങ്ങളേ​യും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അസോസിയേഷൻ ഏർപ്പെടുത്തിയ മന്നം അവാർഡ് യുഎസിൽ മൂന്ന് സർവകലാശാലകൾ സ്ഥാപിച്ച് വിദ്യാഭ്യാസ മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ കെ.ജി.മന്മഥൻ നായർക്ക് സമ്മാനിച്ചു. ഇന്‍റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് സെയിന്‍റ് വിൻസന്‍റ്, സൗത്ത് വെസ്റ്റ് കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റി എന്നിവയുടെ പ്രസിഡന്റും സിഇഒയുമായ കെ.ജി മന്മഥൻ നായർ വ്യവസായമേഖലയിലും തന്‍റെ കഴിവു തെളിയിച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ്‌ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഫോക്കാന) പ്രസിഡന്‍റ്, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, ഗ്രേറ്റര്‍ ഡാലസ് ഇന്തോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്‌ എന്നിവയുടെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ഡോ.വില്യംസ് എസ്. ഹാരിസ് മെമ്മോറിയല്‍ ഗോള്‍ഡ്‌ അവാര്‍ഡ്, ഫോക്കാന മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, മെല്‍വിന്‍ ജോണ്‍സ് ഫെല്ലോഷിപ്പ് അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

ഗൾഫ് ബിസിനസ് ഐക്കൺ അവാര്‍ഡ് ബഹ്റൈനിൽ ബിസിനസ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിയും ബ്രോഡൻ കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ ചെയർമാനുമായ ഡോ.കെ.എസ്. മേനോന് സമ്മാനിച്ചു. എഡുക്കേഷണൽ ഫിലോസഫി, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഡോക്ടറേറ്റടക്കം നിരവധി ബിരുദ ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുള്ള അദ്ദേഹം മികച്ച ഒരു അധ്യാപകൻ കൂടിയായിരുന്നു. ഗോവ ഐറിഷ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ, സിബിഎസ്‌സി ബോർഡ് ചീഫ് എക്സാമിനർ,സെക്കണ്ടറി ആന്‍റ് ഹയർ സെക്കണ്ടറി എഡുക്കേഷൻ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്. ഒറ്റപ്പാലം ഭാരതീയ വിദ്യാഭവൻ ചെയർമാൻ, സിഎസ്എൻ ട്രസ്റ്റ്, സർവ മത മൈത്രി പ്രതിഷ്ടാന്‍ എന്നിവയുടെ രക്ഷാധികാരിയുമാണ്‌ അദ്ദേഹം. 

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ വി.കെ രാജശേഖര പിള്ളക്കാണ് പ്രവാസി രത്ന അവാര്‍ഡ് നല്‍കി ആദരിച്ചത്. നാഷനൽ ഫയർ ഫൈറ്റിംഗ് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അദ്ദേഹം വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഉന്നമനത്തിനായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്‌. 

പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കല്ലയിൽ രാധാകൃഷ്ണനെ ഇന്റർനാഷണൽ ബിസിനസ് ഐക്കൺ അവാർഡ് നല്‍കി ആദരിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം സൗദി അറേബ്യയിലെ അൽ ഔഫി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ, ബഹ്റൈൻ അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടർ, ഇന്ത്യയിലെ കാപ്പിറ്റൽ റിട്രീറ്റ്, സർഗം ഹോളിഡേസ്, ആർപിഎംജി ഡെവലപ്പേഴ്സ് എന്നിവയുടെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ, യുഎസ്എ ന്യൂ ജഴ്സിയിലെ ഒമേഗ ഇന്റർനാഷണലിന്‍റെ ഡയറക്ടർ, ആക്സിസ് എഞ്ചിനീയറിംഗ് കോളേജിന്റെ ട്രസ്റ്റി എന്നിങ്ങനെ നിരവധി പദവികൾ വഹിക്കുന്നു. 

അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി ചെയര്‍മാന്‍ ബാലചന്ദ്രന്‍ കൊന്നക്കാട് ജൂറി അംഗങ്ങളായ പ്രവീണ്‍, രതീഷ്‌, ശ്രീജന്‍ എന്നിവരാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

പിന്നണി ഗായകരായ രതീഷ് കുമാർ, ജാനകി നായർ എന്നിവർ അവതരിച്ച സംഗീത നിശയും അംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും അത്താഴ വിരുന്നും ഉണ്ടായിരുന്നു. സന്തോഷ്‌ കയറാട്ട്, രമ്യ പ്രമോദ് എന്നിവര്‍ അവതാരകരായിരുന്നു. ജനറല്‍ കണ്‍വീനര്‍ മഹേഷ്‌, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്‍റ് ജയകുമാര്‍ നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.