Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവകാരുണ്യ പ്രവർത്തന മേഖലയിലെ ‘തണൽ’

THANAL-BAHRAIN

മനാമ ∙ 2012 ൽ ബഹ്‌റൈനിൽ രൂപീകൃതമായ ‘തണൽ - ബഹ്‌റൈൻ ചാപ്റ്റർ’ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തവിധം ഇന്ന് ജീവകാരുണ്യ പ്രവർത്തന രംഗത്ത് നാട്ടിലും പ്രവാസലോകത്തും ഒരു സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. അശരണർക്കും പാർശ്വവത്കരിക്കപ്പെടുന്നവർക്കും താങ്ങായി വർത്തിക്കാൻ ആരെങ്കിലുമൊക്കെ ആവശ്യമാണ് എന്നചിന്തയാണ് ഇത്തരം സംഘടനകളുടെ ജന്മങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്നത്. 

വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകിക്കൊണ്ടിരിക്കുന്ന വടകര തണലിനു താങ്ങായി പ്രവർത്തിക്കുക എന്ന ലക്ഷ്യവുമായാണ് 2012 ൽ ‘തണൽ ബഹ്‌റൈൻ ചാപ്റ്റർ’ നിലവിൽ വന്നത്. വിവിധ ഘട്ടങ്ങളിലായി തണൽ ഡയാലിസിസ് സെന്ററിന് 12 മെഷീനുകൾ നൽകിക്കൊണ്ട് ഈ കൂട്ടായ്‌മ സൗജന്യ ഡയാലിസ് യൂണിറ്റ് എന്ന സ്വപ്നത്തിനു പുതു ജീവൻ നൽകി. 72 വൃക്ക രോഗികൾ ഈ മെഷീനുകളിൽ നിന്നും സൗജന്യമായി ഡയാലിസ് ചെയ്യുന്നതോടൊപ്പം ഏകദേശം അഞ്ഞൂറോളം പേരുടെ ഒരു ദിവസത്തെ സൗജന്യ ഡിയാലിസിസിനുള്ള തുക ഈ സംഘടന മാസംതോറും തണലിൽ എത്തിക്കുകയും ചെയ്യുന്നു. 

‘ഒരു പെപ്സികുടിക്കാനുള്ള പണം ഒരു ദിവസം മാറ്റിവെക്കൂ, ഒരു ജീവൻ നിലനിർത്തൂ..’ എന്ന ക്യാംപയിൻ ബഹ്റൈനിലെ വ്യത്യസ്ത മേഖലകിൽ പ്രവർത്തിക്കുന്ന പ്രവാസികളിൽ വലിയ ചലനം സൃഷ്ടിച്ചു. ഇത്തരം മുന്നേറ്റങ്ങളിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള പണം സ്വരൂപിക്കുകയും വളരെ സുതാര്യമായ രീതിയിൽ അത് അർഹിക്കുന്നവരുടെ കരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകവഴി, നമ്മുടെ സമയവും സമ്പത്തും പ്രയാസപ്പെടുന്നവർക്കു കൂടെ അവകാശപ്പെട്ടതാണ് എന്ന മഹത്തായ സന്ദേശമാണ് ഈ കൂട്ടായ്മ ആളുകൾക്ക് നൽകുന്നത്.

ഇതു കൂടാതെ പ്രവാസികളിൽ കിഡ്‌നി രോഗ സാധ്യത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ബഹ്‌റൈൻ ആരോഗ്യ മന്ത്രായലയവുമായി ചേർന്ന് നടത്തിയ ‘വൃക്കയ്ക്കൊരു തണൽ’ എന്ന മെഗാ എക്സിബിഷൻ ആരോഗ്യ ബോധവൽക്കരണ രംഗത്ത് പുതു മാതൃകയായി. മൂന്നു ദിവസം നീണ്ടു നിന്ന പ്രദർശനത്തിൽ ഇരുപതിനായിരത്തോളം പേർ പങ്കെടുക്കുകയും പരിശോധനകളിലൂടെ കിഡ്നിയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു. തണൽ ചെയർമാൻ ഡോ. വി. ഇദ്‌രീസിനോടൊപ്പം വിദഗ്ധ നെഫ്രോളജിസ്റ്റുകളായ ഡോ. ശ്രീലത, ഡോ. ഫിറോസ് അസീസ് തുടങ്ങിയവർ എക്സിബിഷന് നേതൃത്വം നൽകി. വിജ്ഞാനവും പരിശോധനാ സൗകര്യങ്ങളും ഒത്തുചേർന്ന ഈ എക്സിബിഷൻ തദ്ദേശീയർക്കും പ്രവാസികൾക്കും വേറിട്ടൊരു അനുഭവമായിരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഷയത്തിലും തണൽ ബഹ്‌റൈൻ ചാപ്റ്റർ ഇടപെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ വൈസ് ചെയർമാൻ തെരുവത്ത് അബ്ദുൽ മജീദ് കുറ്റിയാടി പാലേരിയിൽ നൽകിയ സ്ഥലത്തു ഏറെ സൗകര്യങ്ങളോടെ ഭിന്നശേഷി സ്‌കൂൾ കെട്ടിട സൗകര്യങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഒന്നരക്കോടി രൂപ ചിലവിൽ ഈ കെട്ടിട സമുച്ചയങ്ങളിൽ ഒന്ന് നിർമ്മിച്ച് നൽകുന്നത് ഒരു ബഹ്‌റൈൻ സ്വദേശിയാണ്.‌

എടച്ചേരിയിൽ പ്രവർത്തിക്കുന്ന തണൽ സ്‌കൂളിലെ കുട്ടികൾക്ക് വേണ്ടി ‘തണൽ ബഹ്‌റൈൻ ചാപ്ടർ’ നൽകുന്ന വാഹനം സെപ്റ്റംബർ 14 വ്യാഴാഴ്ച വൈകിട്ട് വടകരയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഭാരവാഹികൾക്ക് കൈമാറുന്നതാണ്. അതോടൊപ്പം തന്നെ 12 ഡയാലിസിസ് യൂണിറ്റുകൾ അടങ്ങിയ തണൽ ബഹ്‌റൈൻ ബ്ലോക്കിന്റെ കൈമാറ്റവും നടക്കും. എടച്ചേരിയിൽ പ്രവർത്തിക്കുന്ന സ്‌കൂളിലെ ഒരു ക്ലാസ്സ് മുറി തണൽ ബഹ്‌റൈൻ വനിതാ വിങ്ങിന്റെ പേരിലാണുള്ളത്. ഇന്ത്യൻ സ്‌കൂൾ ഫെയറിൽ തണൽ വനിതാ വിഭാഗം നടത്തിയ ‘തണൽ തട്ടുകടയുടെ’ വരുമാനത്തിൽ നിന്നുരുത്തിരിഞ്ഞ ആശയമായിരുന്നു അത്. 

പ്രവർത്തന മേഖല കൂടുതൽ വ്യാപിപ്പിച്ചുകൊണ്ടു പ്രയാസമനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി സജീവമായി ഇടപെടുവാനാണ് തണലിന്റെ ഭാവി പ്രവർത്തനങ്ങൾ ലക്ഷ്യമാക്കുന്നത്. ചെയർമാൻ റസാഖ് മൂഴിക്കൽ, ജനറൽ സെക്രട്ടറി റഷീദ് മാഹി, ട്രഷറർ യു. കെ. ബാലൻ എന്നിവരാണ് തണലിന്റെ ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

റഷീദ് മാഹി (ജെ. സെക്രട്ടറി), ഇബ്രാഹിം ഹസ്സൻ പുറക്കാട്ടേരി (വൈ. ചെയർമാൻ), യു. കെ. ബാലൻ ( ട്രഷറർ), ആർ. പവിത്രൻ (രക്ഷാധികാരി), അബ്ദുൽ മജീദ് തെരുവത്ത് (രക്ഷാധികാരി), റഫീഖ് അബ്ദുല്ല (എക്സിബിഷൻ കമ്മിറ്റി കൺവീർ), എ. പി. ഫൈസൽ (ചീഫ് കോഡിനേറ്റർ), ലത്തീഫ് ആയഞ്ചേരി (വൈ. ചെയർമാൻ), ജാഫർ മൈദാനി (ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.