Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിൽ ഫ്ലെക്സിബിൾ വർക് പെർമിറ്റിന് തുടക്കം

workers

മനാമ ∙ അനധികൃത തൊഴിലാളികൾക്കു വ്യവസ്ഥകൾക്കു വിധേയമായി ജോലികൾ ചെയ്യാനും രാജ്യത്തു തങ്ങാനും അനുവാദം നൽകുന്ന ഫ്ലെക്സിബിൾ വർക് പെർമിറ്റിനു ബഹ്റൈനിൽ തുടക്കം. ഈ മാസം 23 മുതൽ അപേക്ഷകരുമായുള്ള കൂടിക്കാഴ്ചകളും പെർമിറ്റ് വിതരണവും ആരംഭിക്കും.

പ്രഫഷനൽ ഇതര മേഖലകളിൽ പ്രത്യേക സ്പോൺസറുടെ കീഴിൽ അല്ലാതെ ജോലി ചെയ്യാമെന്നതാണു പ്രത്യേകത. ഒന്നിലധികം ജോലികൾ ചെയ്യാനും മുഴുവൻസമയമോ പാർട് ടൈം സൗകര്യമോ തിരഞ്ഞെടുക്കാനും അനുവാദമുണ്ട്. രണ്ടുവർഷമാണു പെർമിറ്റ് കാലാവധി. പിന്നീടു പുതുക്കാം. പെർമിറ്റ് നേടുന്നവർക്കു സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിൽസ, നാട്ടിൽ പോയി വരാനുള്ള അവധി, തൊഴിലവകാശം ഉറപ്പാക്കാനുള്ള നടപടികൾ തുടങ്ങിയ സേവനങ്ങളും ലഭിക്കും.

ഓരോമാസവും 2000 പേർക്കു വീതമാണു പെർമിറ്റ് നൽകുക. ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് കൈവശമുണ്ടെങ്കിലേ അപേക്ഷിക്കാനാകൂ. 449 ദിനാറാണു (ഏകദേശം 76,725 രൂപ) ഫീസ്. രാജ്യത്തെ യോഗ്യരായ മുഴുവൻ അനധികൃത തൊഴിലാളികളും പുതിയ ഫ്ലെക്​സിബിൾ വർക്​ പെർമിറ്റ്​ ഉപയോഗപ്പെടുത്താൻ തയാറാകണമെന്നു ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) സിഇഒ ഉസാമ അൽ അബ്​സി അഭ്യർഥിച്ചു.

ആനുകൂല്യം ഉപയോഗപ്പെടുത്താനുള്ള നിശ്ചിത യോഗ്യതയുണ്ടോ എന്നത് എൽഎംആർഎ വെബ്സൈറ്റിൽ പരിശോധിക്കാം. അല്ലെങ്കിൽ സ്വന്തം മൊബൈൽ ഫോണിൽനിന്ന് 33150150 എന്ന നമ്പരിലേക്കു സിപിആർ നമ്പർ സഹിതം മെസെജ് അയയ്ക്കാം. മറുപടിയായി രണ്ട്​ മെസേജുകൾ ലഭിക്കും. ഒന്നാമത്തെ മെസേജിൽ​ അപേക്ഷിക്കുന്ന ആൾ ഇതിനു യോഗ്യനാണോ എന്ന കാര്യം വ്യക്തമാക്കും. രണ്ടാമത്തെ മെസേജിൽ പെർമിറ്റ്​ എടുക്കാനായി സിത്രയിലെ എൽഎംആർഎ ഓഫിസിൽ എത്തേണ്ട തീയതിയും സമയവും അറിയിക്കും. പെർമിറ്റ്​ ലഭിക്കുന്നവർക്കു​ തിരിച്ചറിയൽ കാർഡ്​ നൽകും.

ഇത് ആറുമാസം കൂടുമ്പോൾ സൗജന്യമായി പുതുക്കാം. വീസ കാലാവധിക്കുള്ളിൽ ഇഷ്​ടമുള്ള സമയത്ത്​ നാട്ടിൽ പോകാനും തിരിച്ചുവരാനും പെർമിറ്റുള്ളവർക്കു സാധിക്കും. തൊഴിലാളികൾക്കുള്ള എല്ലാ അവകാശങ്ങളും ഇവർക്കും ബാധകമായിരിക്കും. തൊഴിൽ ചൂഷണങ്ങളിൽനിന്നുള്ള സംരക്ഷണവും ലഭിക്കും. ഫ്ലെക്​സിബിൾ വർക്​ പെർമിറ്റി​​ന്റെ സന്ദേശം തൊഴിലാളികൾക്കിടയിൽ എത്തിക്കാൻ വിവിധ എംബസികളും സംഘടനകളുമായി കൈകോർക്കുമെന്നും ഉസാമ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ എൽഎംആർഎ വെബ്​സൈറ്റ്​ സന്ദർശിക്കുകയോ 17103103 എന്ന നമ്പറിലേക്കു വിളിക്കുകയോ ചെയ്യാം.

പിഴയിൽ ഇളവ് നൽകിയേക്കും

അനധികൃത താമസക്കാർ ഫ്ലെക്​സിബിൾ വർക്​ പെർമിറ്റിന്​ അപേക്ഷിക്കുക​യാണെങ്കിൽ അവരിൽനിന്നു​ വലിയ പിഴ ഇൗടാക്കില്ലെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. പെർമിറ്റിന്​ അപേക്ഷിക്കും മുമ്പ്​ അവർ റെസിഡൻസി എക്​സ്​റ്റൻഷൻ ഡിലേ ഫീസ് ആയി ഒരുവർഷത്തിൽ താഴെ കാലയളവിലേക്കുള്ള ​തുക നൽകിയാൽ മതിയാകും.

ആഭ്യന്തര മന്ത്രി ലഫ്​.ജനറൽ ഷെയ്ഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല അൽ ഖലീഫ ഇതുസംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചതായും റിപ്പോർട്ട്​ പറയുന്നു. പുതിയ പെർമിറ്റ്​ എടുക്കാൻ അനുമതി ലഭിക്കുന്നവർക്കു​ മാത്രമാകും ഇൗ ഇളവ്​. ഇതുമായി ബന്ധപ്പെട്ട ഫീസ്​ എൽഎംആർഎ ആണു സ്വീകരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.