Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രം കണ്ണൂര്‍ ടു ആര്‍ട്ടിക്ക്; മഞ്ഞുറഞ്ഞ ആര്‍ട്ടിക്കിലും മലയാളിയുടെ ആതുരസേവനം

cini-justin സിനി തോമസും ഭര്‍ത്താവ് ജസ്റ്റിന്‍ ആന്‍ഡ്രൂസും

ചന്ദ്രനില്‍ ചെന്നാല്‍ അവിടെയും ഒരു മലയാളിയുടെ ചായക്കട ഉണ്ടാകുമെന്നു തമാശയായി പറയാറുണ്ട്. എസ്‌കിമോകള്‍ വസിക്കുന്ന മഞ്ഞുറഞ്ഞ ആര്‍ട്ടിക്കും അതിനൊരു അപവാദമല്ല. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയും അവളുടെ ഭര്‍ത്താവും ആര്‍ട്ടിക്കില്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് അതിജീവനത്തിന്റെ മാതൃകയാവുകയാണ്. കേരളത്തില്‍ നിന്നല്ല ഇന്ത്യയില്‍ നിന്നു തന്നെ ആര്‍ട്ടിക്കിലെ ജോ ഹെവനില്‍ (Gjoa Haven) താമസിക്കുന്നത് ഇവര്‍ രണ്ടു പേര്‍ മാത്രമാണ്.

cini-017

അനന്യസാധാരണമായ കാലവസ്ഥയും നീണ്ടരാത്രിയും നീണ്ട പകലുകളുമുള്ള, ഭുഖണ്ഡങ്ങള്‍ക്കപ്പുറമുള്ള ആര്‍ട്ടിക്കെന്ന ദേശം സാഹസികരുടെ ഇഷ്ടഭൂമിയാണ്. ജീവിതം തണുപ്പിലാണ്ടുപോയ എസ്‌കിമോകളാണ് ആര്‍ട്ടിക്കിന്റെ അധിപര്‍. ഇവര്‍ക്കിടയില്‍, കൊടിയ മഞ്ഞിലും ഉറഞ്ഞ് പോകാത്ത മനസില്‍ കാരുണ്യത്തിന്റെ നീരുറവയുമായി സിനി തോമസ് എന്ന മലയാളി ആതുരസേവനം നടത്തുന്നു. ശരീരം മരവിച്ച് പോകുന്ന തണുപ്പില്‍ 1500 ഓളം എസ്‌കിമോകള്‍ക്കിടയിലാണ് സിനി ജോലി ചെയ്യുന്നത്.

cini-018

രാഷ്ട്രീയ ചൂട് നിറഞ്ഞ് നില്‍ക്കുന്ന കണ്ണൂര്‍ ജില്ലയിലെ ആലങ്കോടിനടുത്തുള്ള കാര്‍ത്തികപുരം എന്ന ചെറിയ ഗ്രാമത്തില്‍ നിന്നാണ് സിനിയും ഭര്‍ത്താവ് ജസ്റ്റിന്‍ ആന്‍ഡ്രൂസും ആര്‍ട്ടിക്കിലെ ജോ ഹെവനിലെത്തിയത്. നുനാവട്ടില്‍ ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന ജസ്റ്റിനും നഴ്‌സിങ് പരീക്ഷ പാസായി, ലൈസന്‍സിനായി കാത്തിരിക്കുന്നു. രാജ്യാന്തര നഴ്‌സിങ് ദിനത്തില്‍ സിനി തോമസ് തന്റെ അനുഭവം മനോരമ ഓണ്‍ലൈനുമായി  പങ്കുവയ്ക്കുന്നു..

ഫ്രം കണ്ണൂര്‍ ടൂ കാനഡ 

ആറു വര്‍ഷം മുമ്പ് ജസ്റ്റിനാണ് ആദ്യം കാനഡയിലെത്തിയത്. രണ്ടു വര്‍ഷത്തിനു ശേഷം സിനിയും എത്തി. ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിങില്‍ പിജി എടുക്കാനാണ് സിനി കാനഡയില്‍ എത്തുന്നത്. ലോകാത്ഭുതങ്ങളിലൊന്നായ നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തുള്ള നയാഗ്ര കോളജിലായിരുന്നു പഠനം. ഒന്റാറിയോയിലെ ലാംപ്ടന്‍ കോളജില്‍ നിന്നും ജസ്റ്റിന്‍ പിഎസ്ഡബ്ല്യുവിലും ബിരുദം നേടി. പഠനവും പാര്‍ട്ട് ടൈം ജോലിയുമായി ആദ്യത്തെ രണ്ടു വര്‍ഷം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. നഴ്‌സിങ് പഠനം വിരസത നിറഞ്ഞതും. എന്നാല്‍ പഠനത്തോടൊപ്പം തന്നെ ഇന്ത്യയിലെ ജനറല്‍ നഴ്‌സിങിന് തുല്യമായ എല്‍പിഎന്‍ നഴ്‌സിങ് പരീക്ഷ സിനി പാസായി.

cini-019

പിന്നീട് പെര്‍മനെന്റ് റസിഡന്‍സിക്കും ജോലിക്കും വേണ്ടി റെജീനയിലേക്ക് മാറി. അവിടെ ആരോഗ്യ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്തു. പെര്‍മനെന്റ് റസിഡന്‍സി ലഭിച്ചതിന് ശേഷം കാനഡയിലെ ജീവിതത്തെ കുറിച്ച് ഇരുവരും ചിന്തിച്ച് തുടങ്ങി.

സാഹസികതയും പ്രണയവും

15 വര്‍ഷത്തോളം നീണ്ട ബന്ധമാണ് ജസ്റ്റിനും സിനിയും തമ്മിലുള്ളത്. സ്‌കൂള്‍ പഠനകാലത്ത് മൊട്ടിട്ട പ്രണയം. കണ്ണൂരിലെ മണക്കടവ് ഗവണ്‍മെന്റ് സ്‌കൂളില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്. സിനി വാചാലയാകുന്നു. തന്റെ നല്ല പാതിയെകുറിച്ച് സംസാരിക്കാന്‍ സിനിക്ക് നൂറ് നാവ്.

cini-10

പതിവ് ജോലി, എല്ലാ ദിവസവും വീട്ടിലേക്കുള്ള മടങ്ങി വരവ് ഇതെല്ലാം ഞങ്ങളെ സംബന്ധിച്ചെടുത്തോളം മടുപ്പുളവാക്കുന്നതായിരുന്നു. വീടിന് പുറത്തുള്ള പ്രവൃത്തികള്‍ക്കായി സമയം ചെലവഴിക്കാനായിരുന്നു ജസ്റ്റിന് താല്‍പര്യം. സ്‌കൂള്‍-കോളജ് പഠനകാലത്തേ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രപോകുന്ന ആളായിരുന്നു ജസ്റ്റിന്‍. മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കുമൊപ്പമുള്ള ജീവിതം ജസ്റ്റിന്‍ സ്വപ്നം കണ്ടിരുന്നു.

ആര്‍ട്ടിക്കെന്ന സ്വപ്ന ഭൂമി..

കാനഡയുടെ വടക്കേയറ്റമായ ആര്‍ട്ടിക്കിനെകുറിച്ചുളള ഒരു ഡോക്യുമെന്ററി ജസ്റ്റിന്‍ കാണാനിടയായി. ഈ പ്രദേശം കാണാനും എസ്‌കിമോകളുടെ ജീവിതത്തെകുറിച്ച് മനസിലാക്കാനും ജസ്റ്റിന് ആവേശമായി.

ആര്‍ട്ടിക്കില്‍ എത്തിച്ചേരാനുള്ള മാര്‍ഗങ്ങള്‍ ജസ്റ്റിന്‍ തിരഞ്ഞു. കാനഡയുടെ ഭാഗമാണെങ്കിലും യാത്ര ബുദ്ധിമുട്ടേറിയതായിരുന്നു. റോഡില്ലാത്ത ആര്‍ട്ടിക്കിലേക്ക് എത്താനുള്ള ഏകമാര്‍ഗം വിമാനമാണ്. 10 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനമാണ് യാത്രയ്ക്കായുള്ളത്. താമസിക്കുന്ന സ്ഥലത്ത് നിന്നും ആര്‍ട്ടിക്കിലെത്താന്‍ ഒരാള്‍ക്ക് നാലു ലക്ഷം രൂപ ചെലവ് വരുമായിരുന്നു.

cini-016

ജോ ഹെവന്‍ വിളിക്കുന്നു

പ്രതീക്ഷ കൈവിടാതെ ഇരുവരും കാത്തിരുന്നു. ഒടുവില്‍ ആര്‍ട്ടിക്കിലെ ഒറ്റപ്പെട്ട പ്രദേശമായ ജോ ഹെവനില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സിന്റെ വേക്കന്‍സി ഉണ്ടെന്നറിഞ്ഞ് സിനി അപേക്ഷ അയച്ചു. അപേക്ഷ അയച്ച് ഏഴുമാസം കാത്തിരുന്നു. ഒടുവില്‍ ഇന്റര്‍വ്യു നടന്നു. നൂറിലധികം അപേക്ഷകരില്‍ നിന്നും സിനിയെ തിരഞ്ഞെടുത്തു. NCLEX RN പാസായ ലൈസന്‍സ് ലഭിച്ച രജിസ്‌ട്രേഡ് നഴ്‌സായിരുന്നു സിനി.

ആര്‍ട്ടിക്കിലെ അതിജീവനം 

യാത്രയുടെ ചെലവ് സര്‍ക്കാര്‍ വഹിച്ചു. വിദൂര സ്ഥലമായതിനാല്‍ ശമ്പളം ഉയര്‍ന്നതായിരുന്നു. എന്നാല്‍ ആദ്യത്തെ കുറച്ച് മാസങ്ങള്‍ അതി കഠിനമായിരുന്നു. മൈനസ് 60 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ശരീരം മരവിച്ച് പോകുന്ന തണുപ്പിനെ വരുതിയിലാക്കാന്‍ ഇരുവര്‍ക്കും നാളുകള്‍ വേണ്ടി വന്നു. ഭീകരമായ ഹിമപാതം ആദ്യമായി കണ്ടത് പേടിയോടെയായിരുന്നു. കാലവസ്ഥ മോശമായതിനെ തുടര്‍ന്ന് ഒരാഴ്ചയോളം പുറത്തിറങ്ങാന്‍ പോലുമാകാതെ വീടിനുള്ളില്‍ തന്നെ കഴിയേണ്ടിവന്നു നോര്‍ത്തേണ്‍ ലൈറ്റ് അഥവ അറോറ ലൈറ്റ് (ദക്ഷിണധ്രുവദേശങ്ങളില്‍ രാത്രിയില്‍ ആകാശത്ത് കാണപ്പെടുന്ന പ്രഭാപടലം) കണ്ട് ഭയന്ന് ഇഗ്ലുവില്‍ (എസ്‌കിമോകളുടെ വീട്) ഓടി കയറി. ധ്രുവ പ്രദേശത്തിന്റെ അധിപരായ ഹിമക്കരടി, സീല്‍, ചെന്നായ ഇവരൊക്കെ പേടിപെടുത്തുന്ന കാഴ്ചകളായി.

cini-014

ക്രമേണ ഇവരെല്ലാം ചങ്ങാതിമാരായി മാറി. ധ്രുവപ്രദേശത്തെ ജീവികളെയെല്ലാം അടുത്ത് കണ്ടു. മീന്‍ പിടിക്കാനും കാട്ടു താറവുകളുടെ മുട്ട ശേഖരിക്കാനും തുടങ്ങി. ഇവിടുത്തെ പ്രദേശവും ജനങ്ങളും ഇരുവര്‍ക്കും രസകരമായി തോന്നി. എസ്‌കിമോകള്‍ക്കൊപ്പം പാചകം ചെയ്യാത്ത മാംസവും മല്‍സ്യവും ഭക്ഷിച്ചു.

തുടക്കത്തില്‍ എല്ലാവരെയും പോലെ എസ്‌കിമോകളുടെ താമസം ഇഗ്ലുവിലാണെന്നാണ് തങ്ങളും കരുതിയിരുന്നതെന്ന് സിനി പറയുന്നു. എന്നാല്‍ ഇവര്‍ക്കിവിടെ വീടുകളുണ്ട്. പുറത്ത് വേട്ടയാടന്‍ പോകുമ്പോള്‍ മാത്രമാണ് ഇവര്‍ ഇഗ്ലു നിര്‍മിക്കുന്നത്. പുറത്തെ തണുപ്പിനെ അപേക്ഷിച്ച് ഇഗ്ലുവിന്റെ അകം ചൂടുള്ളതായിരിക്കും. എസ്‌കിമോകളുടെ പെരുമാറ്റത്തെ കുറിച്ച് സിനിക്ക് നല്ലതു മാത്രമേ പറയാനുള്ളു. 1200 മുതല്‍ 1500 വരെ എസ്‌കിമോകള്‍ മാത്രമാണ് ജോ ഹെവനില്‍ താമസിക്കുന്നത്.

cini-013

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ആര്‍ട്ടിക്കിലെ വേനല്‍ക്കാലം. അര്‍ദ്ധരാത്രിയിലും സൂര്യനസ്തമിക്കില്ല എന്നതാണ് വേനലിന്റെ പ്രത്യേകത. 24 മണിക്കൂറും പകല്‍ പോലെ വെളിച്ചം. എന്നാല്‍ ശീതകാലത്താകട്ടെ 20 മണിക്കൂറോളം ഇരുട്ടായിരിക്കും. ആഹാര സാധനങ്ങളുടെ വില കേട്ടാല്‍ ഞെട്ടും. ക്യാബേജിന്റെ ചെറിയ കഷണത്തിന് 20 ഡോളറാണ് വില. അതായത് 1000 രൂപ.

പൊരുതി നേടിയ വിജയം

1960 കളിലും 70 കളിലും കോട്ടയത്ത് നിന്നും പത്തനംതിട്ടയില്‍ നിന്നും മലബാറിലേക്ക് കുടിയേറിയവരുടെ മൂന്നാമത്തെ തലമുറയില്‍പ്പെട്ടവരാണു ജസ്റ്റിനും സിനിയും. കാട്ടുമൃഗങ്ങളോട് പൊരുതി, കടുത്ത ജീവിത സാഹചര്യങ്ങളോട് പടവെട്ടിയ കഠിനാധ്വാനികളായിരുന്നു ഇവരുടെ മാതാപിതാക്കളും അവരുടെ മുന്‍ഗാമികളും. ആര്‍ട്ടിക്കിലെ കാലവസ്ഥയെയും പ്രതികൂലമായ ജീവിത സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് ഇവരുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതും ഈ കുടിയേറ്റക്കരുത്തില്‍നിന്നു തന്നെ. ആര്‍ട്ടിക്കിലെ കൊടിയ തണുപ്പിനോട് പൊരുതി ജയിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് സിനി പറയുന്നു. സിനിയുടെ വാക്കുകളില്‍ ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുന്നു.

cini-11

ആര്‍ട്ടിക്കിലെ നഴ്‌സിങ് ജോലി

ആര്‍ട്ടിക്കില്‍ നഴ്‌സായി ജോലി ലഭിക്കാന്‍ രണ്ടു മാര്‍ഗമാണുള്ളത്. നേരിട്ട് ഗവണ്‍മെന്റ് ജോലിക്കായി അപേക്ഷിക്കുക. അല്ലെങ്കില്‍ സ്വകാര്യ തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി ജോലിക്ക് ശ്രമിക്കുക. ഏജന്‍സികള്‍ ഹ്രസ്വകാലത്തേക്ക് തൊഴില്‍ നല്‍കും. സ്വകാര്യ ഏജന്‍സിവഴി ജോലി ലഭിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ജോലിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കുറവായിരിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. ഉദ്യോഗാര്‍ഥികള്‍ കൂടുതലും ഇന്റര്‍വ്യൂ കഠിനവുമാണെന്നതാണ് കാരണം.

സിനി ഗവണ്‍മെന്റ് ജോലിക്ക് നേരിട്ട് അപേക്ഷിക്കുകയായിരുന്നു. ഗവണ്‍മെന്റ് നഴ്‌സായതിനാല്‍ ജോലി ചെയ്യുന്നതിനും അവധി എടുക്കുന്നതിനും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സിനി പറയുന്നു.

cini-12

ആര്‍ട്ടിക്കില്‍ നഴ്‌സായി ജോലി നോക്കുന്നതിന് നല്ല മാനസികരോഗ്യം വേണം. കടുത്ത വെല്ലുവിളികളെ നേരിടേണ്ടിവരുന്ന സാഹചര്യമുണ്ടാകാറുണ്ട്. ചികില്‍സിക്കാന്‍ എപ്പോഴും ഡോക്ടറുണ്ടാകാറില്ല. മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഡോക്ടറുടെ സേവനം ആര്‍ട്ടിക്കില്‍ ലഭിക്കുന്നത്. അടിയന്തര സാഹചര്യത്തിലും നഴ്‌സാണ് രോഗികളെ പരിചരിക്കുന്നത്. ഹിമപാതമോ കൊടുങ്കാറ്റു പോലുള്ള മോശം കാലവസ്ഥയോ വൈദ്യുതി തകരാറോ മൂലം ദിവസങ്ങളോളം അല്ലെങ്കില്‍ ആഴ്ചകളോളം ജോലി സ്ഥലത്ത് തന്നെ തങ്ങേണ്ടി വരാറുമുണ്ട്.

ജസ്റ്റിനും താനും ഏതു പരിതസ്ഥിതിയും നേരിടാന്‍ പ്രാപ്തരാണെന്ന് സിനി പറയുന്നു. ചിലപ്പോള്‍ സൂപ്പര്‍വൈസറായും മറ്റു ചിലപ്പോള്‍ അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിക്കുന്നു. സാധാരണ നഴ്‌സുമാര്‍ ചെയ്യാത്ത പ്രവര്‍ത്തികളാണ് താന്‍ ചെയ്യുന്നത്. 13 പേരാണ് സിനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ മേല്‍നോട്ടം സിനിക്കാണ്. ഇവരുടെ ശമ്പളപേപ്പറുകള്‍ ശരിയാക്കണം, രോഗികളെ പരിചരിക്കണം. ചിലപ്പോള്‍ പാചകം ചെയ്യേണ്ടിയും വരാറുണ്ട്. മറ്റു ചിലപ്പോള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ചങ്കൂറ്റവും അതിജീവിക്കാനുള്ള കരുത്തും സിനിയെന്ന മലയാളി നഴ്‌സിനെ എസ്‌കിമോകളുടെ പ്രിയങ്കരിയാക്കിയിരിക്കുന്നു.

cini-1

നിരവധി അത്ഭുതങ്ങള്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ട് ആര്‍ട്ടിക്ക്. തണുപ്പിലാണ്ട് പോകാത്ത നിരവധി ഓര്‍മകളും അനുഭവങ്ങളുമാണ് ആര്‍ട്ടിക്കെന്ന അത്ഭുതം സിനിക്കും ജസ്റ്റിനും സമ്മാനിക്കുന്നത്. ആര്‍ട്ടിക്കിലെ ഓരോ ദിവസവും സാഹസികത നിറഞ്ഞതാണ്. മലിനമാകത്ത വായു ശ്വസിക്കാം. നോക്കത്താ ദൂരത്തോളം മഞ്ഞു പുതച്ച് കിടക്കുന്ന വീഥികളിലൂടെ തെന്നിനീങ്ങാം.. മനസില്‍ കുറച്ചെങ്കിലും സാഹസികയുണ്ടെങ്കില്‍ വരൂ ആര്‍ട്ടിക്കിനെ കൂടുതല്‍ അറിയൂ.. സിനി ക്ഷണിക്കുകയാണ്. ജീവിതം ഒരിക്കലേ ഉള്ളു. അതിന് നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ ദൈര്‍ഘ്യം കുറവാണ്. വരൂ ലോകത്തെ അറിയൂ.... സ്വയം വെല്ലുവിളിക്കു, രസകരമായ കാര്യങ്ങള്‍ ചെയ്യൂ. സാഹസികത ഇഷ്ടപെടുന്ന, വെല്ലുവിളികളെ നേരിടാന്‍ മനസുള്ളവര്‍ക്ക് വഴിവിളക്കാവും സിനിയും ജസ്റ്റിനും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.