Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശതൊഴില്‍ അന്വേഷകരെ ചതിച്ച് നോര്‍ക്ക വകുപ്പ്; നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ഗുരുതര വീഴ്ച

norka-logo

തിരുവനന്തപുരം∙ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്നതില്‍ നോര്‍ക്ക വകുപ്പിന് ഗുരുതര വീഴ്ച. കുവൈത്ത് സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് വാഗ്ദാനം ചെയ്ത 1,000 തൊഴിലവസരങ്ങള്‍ നോര്‍ക്ക കളഞ്ഞുകുളിച്ചു. ഗള്‍ഫിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്താനുള്ള ലൈസന്‍സ് നേടുന്നതിലും വീഴ്ചവന്നു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം എത്ര റിക്രൂട്ട്‌മെന്റുകള്‍ നടന്നു എന്ന് അടിയന്തിരമായി വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.


വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക ഏജന്‍സി നോര്‍ക്കയാണ്. സ്വകാര്യ ഏജന്‍സികള്‍ വിദേശ ജോലിക്കായി ഉദ്യോഗാര്‍ഥികളെ പിഴിഞ്ഞ് ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോഴാണ് നടപടിയെടുക്കാതെ നോര്‍ക്കയുടെ ഒളിച്ചു കളി.

നോര്‍ക്കയുടെ വന്‍ വീഴ്ച

തൊഴില്‍തട്ടിപ്പ് വ്യാപകമായപ്പോഴാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള( ഇ.സി.ആര്‍) രാജ്യങ്ങളിലെ നിയമനങ്ങള്‍ ഔദ്യോഗിക ഏജന്‍സികളിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂയെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. കേരളത്തില്‍ നോര്‍ക്കയ്ക്കും ഒ.ഡി.ഇ.പി.സി(ഓവര്‍സീസ് ഡെവലെപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കന്‍സള്‍ട്ടന്‍സ്) ക്കുമാണ് ചുമതല. ഒ.ഡി.ഇ.പി.സി ഭംഗിയായി ചുമതല നിര്‍വ്വഹിച്ചപ്പോള്‍ നോര്‍ക്ക ഗുരുതര വീഴ്ച്ച വരുത്തുകയായിരുന്നു.

കുവൈത്ത്് അധികൃതര്‍ നഴ്‌സുമാരുടെ 1,000 തൊഴിലവസരങ്ങള്‍ നികത്താനാണ് നോര്‍ക്കയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിനോ നടപടിയെടുക്കുന്നതിനോ വകുപ്പ് തയ്യാറായില്ല. ഇതോടെ കുവൈത്ത് അധികൃതര്‍ പിന്‍വലിഞ്ഞു. കുവൈത്തിലെ എണ്ണ കമ്പനികളില്‍ 50 ജീവനക്കാരെ ആവശ്യമുണ്ടെന്ന അറിയിപ്പും നോര്‍ക്ക പരിഗണിച്ചില്ല.

ഗള്‍ഫിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റിക്രൂട്ട് നടത്തുന്നതിന് ആരോഗ്യമന്ത്രാലയത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് നേടുന്നതിലും നോര്‍ക്ക പരാജയപ്പെട്ടു. ഒരുതവണ അപേക്ഷിച്ചെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അപേക്ഷ നിരസിച്ചു. വീണ്ടും കഴിഞ്ഞമാസം അപേക്ഷ അയച്ചു. എന്ന് കിട്ടുമെന്നോ, എന്താണ് നിലവിലെ അവസ്ഥയെന്നോ നോര്‍ക്കയ്ക്ക് അറിവില്ല. രാജ്യത്തെ 11 സ്വകാര്യ ഏജന്‍സികള്‍ക്ക് വിദേശ നഴ്‌സിങ് നിയമനം നടത്താന്‍ കേന്ദ്രം അടുത്തിടെ അനുവാദം നല്‍കിയതും നോര്‍ക്കയ്ക്ക് തിരിച്ചടിയാകും.


നോര്‍ക്ക ചെയ്തത്

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശമനുസരിച്ച് കഴിഞ്ഞയാഴ്ച്ച ശേഖരിച്ച കണക്കനുസരിച്ച് 342 റിക്രൂട്ട്‌മെന്റുകളാണ് എട്ടു മാസത്തിനിടെ നോര്‍ക്ക വഴി നടന്നത്. യുഎഇ,സൗദി, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കായിരുന്നു റിക്രൂട്ട്‌മെന്റ്. കഴിഞ്ഞവര്‍ഷം നടത്തിയ മൊത്തം റിക്രൂട്ട്‌മെന്റിന്റെ കണക്കുകള്‍ നോര്‍ക്കയിലില്ല. വിദേശരാജ്യങ്ങള്‍ ചൂണ്ടിക്കാണിച്ച ഒഴിവുകളുടെ പകുതിപോലും നികത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നോര്‍ക്ക വകുപ്പിലെ ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.

നോര്‍ക്കയുടെ വിശദീകരണം

ആരോപണങ്ങള്‍ നോര്‍ക്ക ഉദ്യോഗസ്ഥര്‍ നിഷേധിക്കുന്നു. റിക്രൂട്ട്‌മെന്റ് ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്നാണ് അവകാശവാദം. കഴിഞ്ഞയാഴ്ച്ച സ്വകാര്യ ആശുപത്രികളിലേക്കുള്ള ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ മാസം 20ന് സൗദിയിലെ നാല് സ്വകാര്യ ആശുപത്രികളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിക്കും. ജൂണ്‍ മുതല്‍ ഇതുവരെ ഒന്‍പത് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതായും അവര്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റില്‍ മാത്രം 80 റിക്രൂട്ട്‌മെന്റ് നടന്നു. എന്നാല്‍, ആകെ എത്ര റിക്രൂട്ട്‌മെന്റ് നടത്തി എന്നതിന് മറുപടിയില്ല. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ ലൈസന്‍സ് കിട്ടാത്തതെന്താണെന്നതിനും മറുപടിയില്ല.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.