Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

13 പാസ്‌പോര്‍ട്ടുകൾ റദ്ദാക്കിയത്; തന്നെയും കമ്പനിയെയും തകർക്കാൻ ശ്രമം: ചിക്കിങ് ചെയർമാൻ

chiking-mansoor ചിക്കിങ് ചെയർമാനും എംഡിയുമായ എ.കെ. മന്‍സൂര്‍ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു. അഡ്വ. ഈശ്വരന്‍ സുബ്രഹ്മണ്യന്‍, പി.കെ.പ്രകാശ് എന്നിവർ സമീപം.

ദുബായ് ∙ തന്നെയും തന്റെ കമ്പനിയെയും സമൂഹ –ഒാൺലൈൻ മാധ്യമങ്ങളുപയോഗിച്ച് ചിലർ തകർക്കാൻ ശ്രമിക്കുകയാണെന്ന് ചിക്കിങ് ചെയര്‍മാനും എംഡിയുമായ എ.കെ. മന്‍സൂര്‍ പറഞ്ഞു. പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് എട്ടു പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഞാന്‍ യാത്ര ചെയ്‌തെന്നും എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ എന്നെ അന്വേഷിക്കുകയാണെന്നും ഞാന്‍ ഒളിവിലാണെന്നും മറ്റും തീര്‍ത്തും വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. യാഥാര്‍ഥ്യം ലോകത്തെ അറിയിക്കാനാണ് താന്‍ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എനിക്ക് 14 പാസ്‌പോര്‍ട്ടുകളുണ്ട്. എന്നാല്‍, അവയില്‍ പതിമൂന്നും റദ്ദാക്കിയവയാണ്. ഒന്ന് മാത്രമാണ് സാധുതയുള്ളത്. 24 വര്‍ഷമായി ദുബായില്‍ കഴിയുന്നു. ബിസിനസ് ആവശ്യാര്‍ഥം നിരന്തരം യാത്ര ചെയ്യുന്നതിനാല്‍ പാസ്‌പോര്‍ട്ടിലെ പേജ് തീരുമ്പോള്‍ പഴയത് റദ്ദാക്കി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ പുതിയത് വാങ്ങുകയാണ് ചെയ്യുന്നത്. 70 രാജ്യങ്ങളിലേക്കായി എഴുന്നൂറിലധികം തവണ യാത്ര ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇതു വരെ പാക്കിസ്ഥാനില്‍ പോയിട്ടില്ല. എന്റെ കൈയിലുള്ളതിൽ ഏതെങ്കിലും പാസ്‌പോര്‍ട്ടില്‍ പാക്കിസ്ഥാൻ സീല്‍ പതിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്ന് പാസ്‌പോര്‍ട്ടുകള്‍ മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു കൊണ്ട് മന്‍സൂര്‍ പറഞ്ഞു. ചിക്കിങ് ഫ്രാഞ്ചൈസി അനുവദിച്ചതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഒരു കമ്പനിയുമായി ഇടപാട് ഉണ്ടായിരുന്നു. എന്നാല്‍, താനോ തന്റെ കീഴിലുള്ള ഇന്ത്യയില്‍ നിന്നുള്ള ജീവനക്കാരോ ഇന്നു വരെ പാക്കിസ്ഥാനിൽ പോയിട്ടില്ല. കൂടാതെ, കഴിഞ്ഞ ഏതാനും മാസങ്ങളായി പാകിസ്ഥാനിലെ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.

2016 ജൂണില്‍ ഒരാള്‍ എറണാകുളം റേഞ്ച് ഐ.ജി മുമ്പാകെ വ്യാജ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ തനിക്കെതിരെ കേസുണ്ട്. ഇതിന്റെ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാസ്‌പോര്‍ട്ട് റദ്ദാക്കിയാലും അതിലെ വിസയുടെ കാലാവധി തീര്‍ന്നില്ലെങ്കല്‍ അതുകൂടി പുതിയ പാസ്‌പോര്‍ട്ടിനൊപ്പം സൂക്ഷിച്ചാണ് യാത്ര ചെയ്യാറുള്ളത്. ഇങ്ങനെ ഒരിക്കല്‍ നെടുമ്പാശ്ശേരിയില്‍ വന്നപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ തെറ്റായി പഴയ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുകയാണുണ്ടായത്. ഇത് അന്ന് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇതാണ് കേസിനാധാരം. എന്നാല്‍, മുമ്പും ഇതു പോലെ തെറ്റായി സീല്‍ ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തി താന്‍ തന്നെ തിരുത്തിച്ചിട്ടുണ്ട്. അത് നടപടിക്രമത്തിലെ പിഴവ് മാത്രമായാണ് ഉദ്യോഗസ്ഥര്‍ പോലും പറയുന്നത്. കേസില്‍ സൂചിപ്പിച്ച പിഴവ് കണ്ടയുടന്‍ എമിഗ്രേഷനെ അറിയിച്ചിട്ടുണ്ടെന്നും തന്നെയോ എമിഗ്രേഷന്‍ അധികൃതരെയോ ചോദ്യം ചെയ്യാതെയാണ് അന്നത്തെ ഐജി മേല്‍നടപടിക്ക് ശിപാര്‍ശ ചെയ്തതെന്നും മന്‍സൂര്‍ വിശദീകരിച്ചു.

ഇത്തരത്തില്‍ ഏതെങ്കിലും പരാതിയില്‍ സുരക്ഷാ വിഭാഗത്തിന് സംശയമുണ്ടെങ്കില്‍ എനിക്ക് എങ്ങനെയാണ് യാത്ര ചെയ്യാന്‍ കഴിയുക? എനിക്കെതിരെ പരാതി നല്‍കിയതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. നിയമ വിദഗ്ധരില്‍ നിന്നും ലഭിച്ച ഉപദേശത്തെ തുടര്‍ന്നാണ് അത്തരം കാര്യങ്ങള്‍ വ്യക്തമാക്കാത്തത്. പരാതിയിലെ നിജസ്ഥിതി കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കേസ് നിലനില്‍ക്കില്ലെന്നാണ് ക്രൈം ബാഞ്ച് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഇത് കോടതി പരിഗണിക്കാനിരിക്കവേയാണ് ‌വ്യാജ പ്രചാരണം നടത്തുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാം. താന്‍ ഒളിവിലല്ലെന്നും കഴിഞ്ഞാഴ്ചയും കൊച്ചിയില്‍ പോയിരുന്നുവെന്നും തനിക്കെതിരെ ഒരു അന്വേഷണവും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു വെടിയുണ്ടകള്‍ തന്റെ ബാഗില്‍ കണ്ടത്തെിയെന്ന, 2002ല്‍ കോടതി തള്ളിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടും മറ്റൊരു ഹർജി ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയിട്ടുണ്ട്. ഇത് സംശയാസ്പദമാണ്. അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമപരമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നിയമോപദേഷ്ടാവ് അഡ്വ. ഈശ്വരന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ പി.കെ. പ്രകാശും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.