Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടര്‍ച്ചയായി മോഹന്‍ലാലിന്റെ നായികയാകാന്‍ കഴിയുന്നത് ഭാഗ്യം: മീന

munthirivallikal-thalirkkumpol മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ജിബു ജേക്കബ്, നടി മീന, നിർമാതാവ് സോഫിയാ പോൾ, തിരക്കഥാകൃത്ത് സിന്ധുരാജ്, ക്യാമറാമാൻ പ്രമോദ് കെ.പിള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ.

ദുബായ്∙മോഹന്‍ലാലിന്റെ നായികയായി തുടര്‍ച്ചയായി അഭിനയിക്കാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് നടി മീന. ലോകത്തെ മികച്ച 10 നടന്മാരിലൊരാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്ന ഓരോ നിമിഷവും വലിയ പാഠമാണെന്നും മീന പറഞ്ഞു. മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ പ്രിമിയര്‍ ഷോയുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ മീന മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും അഭിനയിക്കുന്നുണ്ടെങ്കിലും, മലയാളത്തിലാണ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നത്. മലയാളത്തില്‍ അഭിനയിച്ച ഹിറ്റ് ചിത്രങ്ങള്‍ ഇതര ഭാഷകളിലേയ്ക്ക് റീമെയ്ക്ക് ചെയ്യുമ്പോള്‍ അതേ കഥാപാത്രത്തെ അവതരിപ്പിക്കാനും അവസരം ലഭിക്കുന്നു. മലയാളത്തില്‍ പുതുതായി ഒരു ചിത്രത്തിലും കരാറായിട്ടില്ല. സിനിമയോടൊപ്പം കുടുംബത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നതിനാലാണ് സിനിമകള്‍ കുറയുന്നതെന്നും താരം പറഞ്ഞു.

മോഹന്‍ലാലിനും ബിജു മേനോനും അവരുടേതായ അഭിനയ ശൈലിയാണ് ഉള്ളതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞു. ആദ്യ ചിത്രമായ വെള്ളിമൂങ്ങയില്‍ ബിജു മേനോനായിരുന്നു നായകന്‍. പിന്നീട്, മോഹന്‍ലാലിനെ പോലുള്ള സൂപ്പര്‍ താരത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴും യാതൊരു വ്യത്യാസവും തോന്നിയിട്ടില്ല. നായക കഥാപാത്രത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന ബിജു മേനോന് വെള്ളിമൂങ്ങയുടെ വിജയം വലിയ ബ്രേക്കാണ് നല്‍കിയത്. പുതിയ തലമുറയിലെ ചിത്രങ്ങളില്‍ അച്ഛനുമമ്മയും ഒഴിവാകുകയാണെന്ന അഭിപ്രായത്തോട് പൂര്‍ണമായി യോജിപ്പില്ലെന്നും ജിബു ജേക്കബ് പറഞ്ഞു.

സമൂഹ മാധ്യമങ്ങള്‍ ഒരു ചിത്രത്തെ പ്രോത്സാഹിപ്പിക്കാനും നശിപ്പിക്കാനും ഉപയോഗിക്കുന്നതായി മുന്തിരിവള്ളികളുടെ തിരക്കഥാകൃത്തായ സിന്ധുരാജ് പറഞ്ഞു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ച് പറയുന്ന ചിത്രമാണിത്. ഇത്തരം ചിത്രങ്ങളുടെ പ്രസക്തി ഒരിക്കലും നഷ്ടമാകുന്നില്ല. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രവുമായി മുന്തിരിവള്ളികള്‍ക്ക് സമാനതകളുണ്ടെന്ന ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണ്. ആ ചിത്രം പുറത്തിറങ്ങുമ്പോഴേയ്ക്കും മുന്തിരിവള്ളികളുടെ ചിത്രീകരണം അവസാനിച്ചിരുന്നു. സിനിമ കണ്ടതിന് ശേഷം മാത്രമേ ഒരു ചിത്രത്തെ വിമര്‍ശിക്കാന്‍ പാടുള്ളൂ. ഫഹദ് ഫാസിലിനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് പുതുതായി രചന നിര്‍വഹിക്കുന്നതെന്നും സിന്ധുരാജ് പറഞ്ഞു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തെ സമൂഹ മാധ്യമങ്ങളിലൂടെ നശിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതായി ചിത്രത്തിന്റെ നിര്‍മാതാവും ദുബായ് സംരംഭകയുമായ സോഫിയാ പോള്‍ പറഞ്ഞു. ക്യാമറമാന്‍ പ്രമോദ് കെ.പിള്ളയും സംബന്ധിച്ചു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ യുഎഇയില്‍ പാഴ്‌സി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സാണു റിലീസ് ചെയ്തത്. ഇന്നലെ രാത്രി ദെയ്‌റ ഗലേറിയ തിയറ്ററില്‍ നടന്ന പ്രിമിയര്‍ ഷോയിലും അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.