Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വദേശിവൽക്കരണം: കമ്പനികൾക്ക് യുഎഇയിൽ വീസാ ഫീസിളവ്

Visa

അബുദാബി ∙ യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയിൽ പങ്കാളികളാകുന്ന സ്വകാര്യ കമ്പനികൾക്ക് വീസ ഫീസിൽ ഇളവു നൽകാൻ തുടങ്ങിയെന്നു മന്ത്രി നാസർ ബിൻ താനി അൽ ഹാമിലി. സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കാൻ സ്വദേശിവൽക്കരണ ക്ലബ്ബുകൾ രൂപീകരിച്ചാണ് നടപടികൾ ഊർജിതമാക്കുക. ഇതിൽ കമ്പനികൾക്ക് അംഗത്വം നൽകുമെന്നും വ്യക്തമാക്കി.


ഒരു വിദേശ തൊഴിലാളിയെ കൊണ്ടുവരണമെങ്കിൽ 3000 ദിർഹം ഫീസ്‌ ഇനത്തിൽ കമ്പനികൾ നൽകണം. സ്വദേശിവൽക്കരണ ക്ലബ്ബിൽ അംഗത്വം നേടുന്നതോടെ ഈ നിരക്ക് 300 ദിർഹമായി കുറയും. മാത്രമല്ല ഈ കമ്പനികൾ മന്ത്രാലയത്തിലെ പ്ലാറ്റിനം വിഭാഗത്തിലേക്ക് മാറുകയും ചെയ്യും.

ഇതോടെ വീസാ അപേക്ഷകളുടെ നിരക്ക് കുത്തനെ കുറയും. സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കാൻ സ്വകാര്യ കമ്പനികൾക്കുള്ള ക്ലബ്ബ് കഴിഞ്ഞ വർഷമാണു നിലവിൽ വന്നത്. പ്ലാറ്റിനം, ഗോൾഡ്‌, സിൽവർ എന്നിങ്ങനെ മൂന്നായി കമ്പനികളെ വേർതിരിച്ചാണ് വീസ ഇളവുകൾ നൽകുക.

അംഗത്വം സ്വദേശി തൊഴിലാളികളുടെ എണ്ണം നോക്കി


ഓരോ സ്ഥാപനത്തിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണം നോക്കിയാണ് അംഗത്വം നൽകുന്നത്. കമ്പനികളിലുള്ള മൊത്തം തൊഴിലാളികളെയും അവരുടെ വിദ്യാഭ്യാസ യോഗ്യതയും സ്വദേശികളുടെ എണ്ണവും താരതമ്യം ചെയ്താണ് കമ്പനികൾക്ക് മന്ത്രാലയം ഇളവുനൽകുക.കമ്പനികളുടെ തൊഴിൽനിയമനം, പരിശീലനം, നടത്തിപ്പ്, തൊഴിൽ സാഹചര്യം എന്നിവയ്ക്കെല്ലാം തോത് നിശ്ചയിച്ചിട്ടുണ്ട്.
 ഇതുനോക്കി അംഗത്വ കമ്പനികൾക്ക് മന്ത്രാലയം പോയിന്റുകൾ നൽകും.

ക്ലബ്ബിൽ അംഗത്വം നേടിയ സ്ഥാപനങ്ങൾ യോഗം ചേരുകയും തൊഴിൽ പരിചയങ്ങളും നേട്ടങ്ങളും പരസ്പരം പങ്കുവയ്ക്കുകയും ചെയ്യും. ഇതുവഴി സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി നിയമനം ത്വരിതപ്പെടുത്താൻ സാധിക്കുമെന്നതു നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.