Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയിലെ ക്ഷേത്രം സൗഹൃദത്തിന്റെ പ്രതീകം: സ്വാമി ബ്രഹ്മവിഹാരി

dub-must-3-cl അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക വ്യവസായ പ്രമുഖനും ക്ഷേത്ര ക്ഷേത്ര നിർമാണ സമിതി ഭാരവാഹിയുമായ ബി. ആർ. ഷെട്ടിയുടെ നേതൃത്വത്തിൽ മത പുരോഹിതർ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനു സമർപ്പിക്കുന്നു. പ്രധാന നരേന്ദ്ര മോദി സമീപം.

അബുദാബി ∙ ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ പ്രതീകമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ശിലാസ്ഥാപനം നടത്തുന്ന ക്ഷേത്രമെന്നു ബോചസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥയിലെ (ബാപ്സ്) സ്വാമി ബ്രഹ്മവിഹാരി.

അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മഹാമനസ്കതയാണ് ക്ഷേത്രം യാഥാർഥ്യമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർനടപടികൾ വേഗത്തിലാക്കി. സന്യാസി പ്രമുഖരെ ക്ഷണിച്ചുവരുത്തുകയും ചുമതലയേൽപിക്കുകയും ചെയ്തു. പൂർണമായും ശിലകൾകൊണ്ടു നിർമിക്കുന്ന ക്ഷേത്രം രണ്ടു വർഷത്തിനകം പൂർത്തിയാക്കുകയാണു ലക്ഷ്യം. സ്നേഹവും സഹിഷ്ണുതയും മതസൗഹാർദവും ഊട്ടിയുറപ്പിക്കാൻ കഴിയുന്ന കേന്ദ്രമായി ഇതുമാറും. ക്ഷേത്രസമുച്ചയം എന്നതിലുപരി സാംസ്കാരിക പഠനകേന്ദ്രങ്ങൾ ഉൾപ്പെടെ ഇവിടെയുണ്ടാകും.

സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠനമേഖലകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള കായിക കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാലകൾ, ഗ്രന്ഥശാല തുടങ്ങിയവ ക്ഷേത്രത്തോടനുബന്ധിച്ചുണ്ട്. ഹിന്ദു സമൂഹത്തിലെ എല്ലാ സമ്പ്രദായങ്ങളും പിന്തുടർന്നാകും ക്ഷേത്രം പ്രവർത്തിക്കുകയെന്നും മാധ്യമപ്രവർത്തകരോടു പറഞ്ഞു.

അബുദാബി - ദുബായ് ഹൈവേയിൽ അബു മുറൈഖയിൽ നിർമിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ദുബായ് ഓപ്പറ ഹൗസിൽ ടെലി കോൺഫറൻസിലൂടെ മോദി നിർവഹിക്കും. തുടർന്നു ക്ഷേത്രത്തിന്റെ മാതൃക പ്രകാശനം ചെയ്യും. ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് സ്വാമിമാരുടെ കാർമികത്വത്തിൽ നടക്കുന്ന ശിലാന്യാസ പൂജകൾ തൽസമയം ഓപ്പറ ഹൗസിൽ സംപ്രേഷണം ചെയ്യും. മധ്യപൂർവ ദേശത്ത് പരമ്പരാഗത രീതിയിലുള്ള ആദ്യത്തെ ക്ഷേത്രമായിരിക്കും ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.