Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017ൽ റെക്കോർഡ് സഞ്ചാരികളുമായി ദുബായ്; രാജ്യങ്ങളിൽ ഒന്നാമത് ഇന്ത്യ

Dubai1

ദുബായ് ∙ തൊഴിൽ തേടി പോകുന്നവർക്കൊപ്പം തന്നെ വിനോദസഞ്ചാരത്തിനും ഏറെ പ്രശസ്തമാണ് ദുബായ്. ഇത്തരത്തിൽ അഭിമാനിക്കാവുന്ന മറ്റൊരു നേട്ടവുമായി ദുബായ് വാർത്തകളിൽ ഇടം നേടി. 2017ൽ രാജ്യം സന്ദർശിക്കാൻ എത്തിയത് 15.8 മില്യൺ വിനോദ സഞ്ചാരികള്‍. മുൻവർഷത്തേക്കാൾ 6.2 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2020ൽ 20 മില്യൺ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന ദുബായിക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ വാർത്ത. ദുബായ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് വിഭാഗം ആണ് കണക്ക് പുറത്തുവിട്ടത്. 

Dubai2

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നേതൃത്വത്തിൽ ദുബായ് പുതിയ നേട്ടങ്ങൾ കൈവരിക്കുകയാണ്. ലോകത്തെ സഞ്ചാര ഭൂപടത്തിൽ ദുബായ് ഒഴിവാക്കാൻ സാധിക്കാത്ത ഒരിടമായി മാറി. സഞ്ചാരികളുടെ വർധനവ് രാജ്യത്തിന്റെ ജിഡിപിയെ സ്വാധീനിക്കുന്നുവെന്നും അതിഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ശ്രമിക്കുമെന്നും ദുബായ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സയീദ് അൽമറി പറഞ്ഞു. ലോകമെമ്പാടുമുള്ള കണക്കെടുത്താൽ ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന നാലാമത്തെ നഗരമാണ് ദുബായ്. മികച്ച പ്രവർത്തനങ്ങളിലൂടെ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷയെന്നും അൽമറി വ്യക്തമാക്കി.

Dubai3

ദുബായ് പുതിയ നേട്ടം സ്വന്തമാക്കുമ്പോൾ അതിൽ ഇന്ത്യക്കാരുടെ പങ്കും വളരെ വലുതാണ്. ഇവിടെ എത്തിയ സഞ്ചാരികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുമാണ്, 2.1 മില്യൺ. ആദ്യമായാണ് ഒരു രാജ്യത്തു നിന്നുമാത്രം രണ്ട് മില്യണിൽ അധികം ആളുകൾ ദുബായിൽ സന്ദർശനത്തിന് എത്തുന്നത്. ഒരോ വർഷം കഴിയുമ്പോഴും ഇന്ത്യയിൽ നിന്നും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുന്നുവെന്നും കണക്കുകൾ പറയുന്നു.

dubai-new

1.53 മില്യൺ സഞ്ചാരികൾ എത്തിയ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. ഏഴു ശതമാനത്തിന്റെ കുറവാണ് സൗദിയിൽ നിന്നും ഉണ്ടായത്. 1.27 മില്യൺ സഞ്ചാരികളുമായി യുകെ മൂന്നാമതും എത്തി. മുൻ വർഷത്തേക്കാൾ രണ്ടു ശതമാനത്തിന്റെ വർധനവ്. ചൈനയിൽ നിന്നും 764,000 സഞ്ചാരികൾ, റഷ്യയിൽ നിന്നും 530,000, യുഎസ് 633,000, ജർമ്മനി 506,000, ഇറാൻ 503,000 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയവരുടെ കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.