Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയില്‍ അറേബ്യൻ തഹ്രി കുഞ്ഞ് പിറന്നു

arabian-tahr

അബുദാബി∙ വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ തഹ്രി പശ്ചിമ അബുദാബിയിലെ സർ ബനിയാസ് ദ്വീപിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ടൂറിസം ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന വന്യജീവി സങ്കേതമായ സർബനിയാസ് ദ്വീപിലാണ് അറേബ്യൻ തഹ്രി പെണ്ണാട് പുതിയ പെൺകുഞ്ഞിനു ജന്മം നൽകിയത്. 

തഹ്രിയുടെ ഗർഭകാലം നാലര മാസം ആയിരുന്നു. നവജാതശിശുവിന്റെ സംരക്ഷണം അടുത്ത മൂന്നു മാസം വരെ അമ്മയുടെ സംരക്ഷണത്തിലായിരിക്കും. രണ്ടുവർഷം പ്രായമായാൽ തഹ്രിക്കുഞ്ഞ് സ്വയം പര്യാപ്തത കൈവരിക്കും. ഈ പുതിയ കുഞ്ഞിന്റെ പിറവിയോടെ രണ്ട് ആണും രണ്ട് പെണ്ണുമായി സർ ബനിയാസിലെ തഹ്രി കുടുംബത്തിൽ. അബുദാബി പരിസ്ഥിതി ഏജൻസിയുടെ സഹകരണത്തോടെ ടൂറിസം ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി നടപ്പാക്കിയ പുനരധിവാസ പരിപാടിയുടെ വിജയമാണിത്.

ഷാർജയിലെ അൽ ബുസ്റ്റാൻ സുവോളജിക്കൽ സെന്ററിൽ നിന്നുള്ള മൃഗങ്ങളെ ടൂറിസം ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ഏറ്റെടുത്തു. ലാഭേച്ഛയില്ലാതെ വന്യജീവി സംരക്ഷണം നടപ്പാക്കുന്നതിന് ഇരു സ്ഥാപനങ്ങൾ തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായി തഹ്രീർ ബ്രീഡിംഗിന് അവസരമൊരുക്കുകയായിരുന്നു. മൃഗങ്ങൾക്ക് സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് സമാനമായ ഒരു പരിസ്ഥിതിയാണ് സർബനിയാസ് വന്യജീവി സങ്കേതത്തിലുള്ളത്. 

പരിസ്ഥിതി സംരക്ഷണത്തിന് ടൂറിസം ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി മുൻഗണന നൽകുന്നതോടൊപ്പം വന്യജീവി സംരക്ഷണത്തിൽ ഗണ്യമായ സംഭാവനകൾ നൽകുന്നതിനുള്ള ശ്രമവും വിജയകരമായി നടപ്പാക്കുന്നു. യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദീർഘ വീക്ഷണമാണ് ഈ വിജയം സർബനിയാസ് ദ്വീപിൽ സാധ്യമാക്കിയത്. അപൂർവമായ പ്രാദേശിക ജീവജാലങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കാനും അനുയോജ്യമായ അന്തരീക്ഷം നൽകാനുമായി ഷെയ്ഖ് സായിദ് സ്ഥാപിച്ചതാണ് സർബനിയാസ് വന്യജീവി സങ്കേതം. വൈൽഡ് ലൈഫ് ബ്രീഡിംഗും പുനരധിവാസ പദ്ധതിയും സർ ബനിയാസ് ദ്വീപിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ എണ്ണം വർധിപ്പിക്കാനും സഹായിച്ചിട്ടുണ്ട്.

അറേബ്യൻ തഹ്രിന്റെ ബ്രീഡിംഗ് 1990ൽ സർ ബനിയാസ് ഐലൻഡിൽ ആദ്യമായി ആരംഭിച്ചു. അറേബ്യൻ മൃഗങ്ങളുടെ സംരക്ഷണത്തിനായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആരംഭിച്ച പശ്ചിമ അബുദാബിയിലെ പ്രകൃതി മനോഹരമായ സർബനിയാസ് ദ്വീപ് അദ്ദേഹത്തിന്റെ മരണം വരെ അതിഥികൾക്കു മാത്രം പ്രവേശനം അനുവദിച്ച സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രവുമായിരുന്നു.  യുഎഇയിലെയും ഒമാനിലെയും അൽ ഹജർ മലനിരകളിൽ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേകതരം ജീവികളാണ് അറേബ്യൻ തഹ്രി ആടുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.