Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർദേശങ്ങൾ പാലിക്കുന്നില്ല; അബുദാബിയിൽ പാർക്കുകൾ മലിനമാക്കിയാൽ പിടിവീഴും

Park

അബുദാബി∙ തലസ്ഥാന എമിറേറ്റിലെ  പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്നവര്‍ പരിസ്ഥിതി സുരക്ഷയില്‍ ശ്രദ്ധിക്കുന്നില്ലെന്നു റിപ്പോര്‍ട്ട്. വന്‍തുകയും വിഭവശേഷിയും വിനിയോഗിച്ചു സര്‍ക്കാര്‍ പരിപാലിക്കുന്ന പാര്‍ക്കുകളില്‍ പാഴ്‍വസ്തുക്കള്‍ വലിച്ചെറിഞ്ഞു വികൃതമാകുന്നവരെ നിരീക്ഷിച്ചു പിടികൂടുമെന്ന് അധികൃതര്‍ അറിയിച്ചു. തണുപ്പുകാലമായതോടെ പാര്‍ക്കുകളിലേക്ക് ജനങ്ങളുടെ പ്രവാഹമാണ്. കുടുംബങ്ങള്‍ ഒരു പകല്‍ മുഴുവനും രാത്രിയുടെ നല്ലൊരു ഭാഗവും പാര്‍ക്കില്‍ പാര്‍ത്താണ് തിരിച്ചുപോകുന്നത്. സന്ദര്‍ശകരില്‍  പലരും നഗരസഭകളുടെ ശുചിത്വ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. പാര്‍ക്കിലെ പുല്‍മേടുകളും മരങ്ങളും നശിപ്പിക്കുന്നവരുണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അതു പ്രയോജനപ്പെടുത്താതെ പലയിടങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂട്ടുന്ന വിധമാണ് ചവറുകള്‍ തള്ളുന്നത്. 

പാര്‍ക്കിലെ തൊഴിലാളികള്‍ രാവും പകലും പണിയെടുത്തിട്ടും പല പാര്‍ക്കുകളിലും ജോലികള്‍ യഥാവിധം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. തൊഴിലാളികള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിച്ചാണ് പലരും പാര്‍ക്കുകളില്‍ നിന്നും തിരിച്ചുപോകുന്നത്. കാലാവസ്ഥയുടെ അനുകൂലാവസ്ഥ പ്രയോജനപ്പെടുത്തുന്നതിനാല്‍ അവധി ദിനങ്ങളില്‍ പാര്‍ക്കുകള്‍ സന്ദര്‍ശകരെ കൊണ്ട് നിറയുകയാണ്. ചവറുകള്‍ നിറച്ച കവറുകള്‍ ഭദ്രമാക്കാതെ പാര്‍ക്കുകളില്‍ തള്ളുന്നത് ഹരിതപ്രദേശങ്ങള്‍ നശിപ്പിക്കുന്നതിനു പുറമേ ചവറുകള്‍ പലയിടങ്ങളിലെക്ക് പരക്കാനും ഇടയാക്കുന്നു. ബാര്‍ബിക്യൂ തായാറാക്കുന്നവര്‍ തീ കനലുകള്‍ കെടുത്താതെയും കരിയായും മരച്ചുവട്ടിലിട്ടു പോകുന്നതും കണ്ടെത്തിയിട്ടുണ്ട്. വന്‍തുക ചെലവിട്ടാണ് പാര്‍ക്കുകള്‍ ഹരിതവല്‍ക്കരിക്കുകയും തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നത്. കുട്ടികള്‍ക്ക്  കളിക്കാനും പാചകത്തിനുമെല്ലാം വെവ്വേറെ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ പെരുമാറുകയാണ് ചെയ്യുന്നത്. പാര്‍ക്കുകളുടെ മനോഹാരിതയ്ക്കും  പ്രകൃതിഭംഗിക്കും ഭംഗംവരുത്തുന്ന പ്രവണത ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

മാര്‍ഗനിര്‍ദേശങ്ങള്‍ വായിക്കുന്നില്ല 

ഓരോ പാര്‍ക്കുകളിലും പാലിക്കേണ്ട കാര്യങ്ങള്‍ നഗരസഭ വ്യക്തമായി എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് വായിക്കുകയോ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കുകയോ ചെയ്യാത്ത രീതിയിലാണ് പാര്‍ക്കുകളിലെ സന്ദര്‍ശനം.  കുട്ടികളില്‍ പരിസ്ഥിതി ബോധം നട്ടുപിടിപ്പിക്കാന്‍ സാധിക്കുന്നതാണ് പാര്‍ക്കുകള്‍ എങ്കിലും അതിനു  വിപരീതമായാണ് രക്ഷിതാക്കളുടെയും കുട്ടികളുടെയും പെരുമാറ്റം.  പ്ലാസ്റ്റിക് കവറുകള്‍ പാര്‍ക്കുകളിലെ ചെടികളുടെ വളര്‍ച്ച മുരടിപ്പിക്കും എന്നറിഞ്ഞിട്ടും അവ അലക്ഷ്യമായി എറിയുന്നവരുണ്ട്.  പാര്‍ക്കുകളില്‍ മാത്രമല്ല, ജനം ഉല്ലസിക്കാന്‍ എത്തുന്ന കടല്‍തീരങ്ങളിലും ശുചിത്വനിയമങ്ങള്‍ നിര്‍ദയം ലംഘിപ്പെടുകയാണ്. 

സൗജന്യ പ്രവേശനം 

പലപാര്‍ക്കുകളിലും കുടുംബങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. എന്നിട്ടുപോലും നഗരസഭയുടെ സന്ദര്‍ശന നിയമങ്ങള്‍ പാലിക്കുന്നില്ല. ഇത്തരക്കാരെ പിടികൂടി കനത്ത പിഴ ചുമത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്രകൃതിസൗന്ദര്യവും സൗരഭ്യവും ആസ്വദിക്കാന്‍ കഴിയാത്തതും പാര്‍ക്കുകള്‍ക്ക് പരുക്കേല്‍പ്പിക്കുന്നതിന് ഇടയാക്കുന്നതായാണ് വിലയിരുത്തല്‍. കുടുംബങ്ങള്‍ കുട്ടികളെ ശുചിത്വ ബോധവും പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യവും ബോധ്യപ്പെടുത്തണം. അവരെ പ്രകൃതി സംരക്ഷണത്തില്‍ പങ്കാളികളാക്കണമെന്നും  അധികൃതര്‍ നിര്‍ദേശിച്ചു. 

പിഴ ആയിരം ദിര്‍ഹം 

എമിറേറ്റിലെ പാർക്കുകളിലും കടല്‍തീരങ്ങളിലും നഗരസഭകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ആയിരം ദിര്‍ഹം ആയിരിക്കും. അബുദാബിയിലെ പാര്‍ക്കുകളില്‍  സന്ദര്‍ശകര്‍ അറിഞ്ഞിരിക്കേണ്ടേ കാര്യങ്ങളെ കുറിച്ചുള്ള ബ്രോഷറുകള്‍ വിതരണം ചെയ്തിട്ടുണ്ട്.  ചവറുകളും പാഴ്വസ്തുക്കളും വിതറി പാര്‍ക്കുകള്‍ വൃത്തിഹീനമാക്കുന്നവരെ നിരീക്ഷകര്‍ പിടികൂടും.അബുദാബിയിൽ നിയമം തെറ്റിച്ചുള്ള പാചകത്തിനും സൈക്കിള്‍ സവാരിക്കും ഇതേ തുക പിഴ കിട്ടും.  2012 ലെ പൊതു ശുചിത്വനിയമം അനുസരിച്ചാണ് നിയമ ലംഘകരെ ശിക്ഷിക്കുക. പുല്‍മേടുകളില്‍ പന്ത് കളിക്കുന്നവര്‍ക്കും പൂ പറിക്കുന്നവര്‍ക്കും മരച്ചില്ലകള്‍ നശിപ്പിക്കുന്നവര്‍ക്കും പിഴ ആയിരം ദിര്‍ഹമാണ്. 

റാസല്‍ഖൈമയില്‍ പിഴ വര്‍ധിപ്പിക്കാന്‍ ആലോചന

വിനോദ സഞ്ചാര മേഖലകള്‍  നിയലംഘനങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ പിഴ കൂട്ടാന്‍ അധികൃതര്‍ ആലോചിക്കുന്നു. വിനോദ സഞ്ചാരികളും കുടുംബങ്ങളും കൂടുതലായി എത്തുന്ന ശൈത്യ കാലത്ത് നിയമ ലംഘനങ്ങളും കൂടുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ്  പാര്‍ക്കുകളിലെ പരിധിവിട്ട പെരുമാറ്റങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നത്. പാര്‍ക്കുകള്‍ക്ക് പുറമേ എമിറേറ്റിലെ ജബല്‍ ജൈസ് അടക്കമുള്ള പ്രകൃതിഭംഗിയുള്ള വിനോദ മേഖലകളിലെ നിയമ ലംഘനങ്ങള്‍ക്കും പിഴ കൂട്ടും.  ഇപ്പോള്‍ പരിസ്ഥിതി നിയമ ലംഘനങ്ങള്‍ക്ക് 500 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. 

റാസല്‍ഖൈമയിലെ മലകളിലും മരുഭൂമികളിലും താഴ്‍വരകളിലും പാര്‍ക്കുകളിലും കഴിഞ്ഞവര്‍ഷം അധികൃതര്‍ നടത്തിയ പരിശോധനയില്‍ 7815 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ജബല്‍  ജൈസില്‍ നിന്നുമാത്രം 2153 നിയമ ലംഘങ്ങള്‍ പിടികൂടി. ഈ വര്‍ഷം ഇതുവരെ 137 പേരുടെ നിയമലംഘനം ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. 

ദുബായ് കടല്‍തീരം  

കഴിഞ്ഞ വര്‍ഷം ദുബായ് കടല്‍തീരം സന്ദര്‍ശിച്ചവര്‍ 1.2 കോടി ജനങ്ങളെന്നു നഗരസഭ. മുനിസിപ്പാലിറ്റിയിലെ പാരിസ്ഥിതി വകുപ്പ് മേധാവി എഞ്ചി. അല്‍യാ അല്‍ഹര്‍മൂദിയാണ് ഇക്കാര്യം അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.