Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാറ്റ്: അമിതവില ഈടാക്കുന്നവർക്ക് എതിരെയുള്ള നടപടി ഉൗർജിത‌മാക്കി, പരാതിപ്പെടാന്‍ ‘അഹ് ലന്‍ ദുബായ്’

uae-vat

ദുബായ് ∙ എമിറേറ്റില്‍  മൂല്യവർധിത നികുതിയുടെ (വാറ്റ്) മറവിൽ അമിതവില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി ഊര്‍ജിതമാക്കി. ജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 30 സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി സാമ്പത്തിക മന്ത്രാലയ അധികൃതര്‍ അറിയിച്ചു. അതേസമയം, മൂല്യവര്‍ധിത നികുതി സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്കെതിരെ പരാതികള്‍  വര്‍ധിച്ചതോടെ വിപണികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. കൂടാതെ എമിറേറ്റിലെ  വിപണികളെ സംബന്ധിച്ചു മന്ത്രാലയ കോള്‍സെന്‍ററായ ‘അഹ് ലന്‍ ദുബായ് സംവിധാനത്തിലേക്ക്  600545555 നമ്പറിലാണ് വിവരം നല്‍കേണ്ടത്.

മന്ത്രാലയത്തിൽ നിന്നും ലൈസൻസ് നേടിയ മുഴുവൻ സ്ഥാപനങ്ങളും നികുതി സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രാലയ മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്നു പണം പിടിച്ചെടുത്താല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മന്ത്രാലയ മുന്നറിയിപ്പ്. സ്ഥാപനങ്ങളുടെ വലുപ്പച്ചെറുപ്പമോ പ്രവർത്തനസ്വഭാവമോ പരിഗണിക്കാതെ നിയമ ലംഘകർക്കെതിരെ നടപടിയുണ്ടാകും.

ഒരാഴ്ചയ്ക്കുള്ളില്‍ മന്ത്രാലയ കാര്യാലയങ്ങളില്‍ 454 പരാതികളാണ് പൊതുജനങ്ങളില്‍ നിന്നു ലഭിച്ചത്.  ‘വാറ്റ്  നിലവിൽ വന്നശേഷം പ്രതിദിനം പരാതികള്‍ കൂടുകയാണ്. നിയമം നിർദേശിച്ചതിൽ കവിഞ്ഞു തുക നികുതി ഇനത്തിൽ പിടിക്കുന്നതായാണ് പരാതി. സ്ഥാപനങ്ങൾ നികുതി ഇനത്തില്‍ ഈടാക്കുന്ന തുക ബില്ലിൽ കാണിക്കാത്ത സ്ഥാപനങ്ങളുണ്ട്‌. പരാതികൾ പെരുകിയതോടെ ഇതുവരെ  77 വ്യാപാര സ്ഥാപന പ്രതിനിധികളെ മന്ത്രാലയ കാര്യാലയത്തിൽ വിളിപ്പിച്ചു വിശദീകരണം തേടി’– ദുബായ് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോകൃത സംരക്ഷണ വകുപ്പ് ആക്റ്റിങ്ങ് ഡയറക്ടര്‍ അഹ്മദ് അല്‍ സആബി അറിയിച്ചു. 

ബില്ലിലും ഉത്‌പന്നത്തിലും  വ്യക്തത വേണം 

സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നല്‍കുന്ന ബില്ലില്‍ ‘വാറ്റ്’ഇനത്തില്‍ ഈടാക്കിയ തുക വ്യക്തമായി കാണിക്കണം. വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിക്കുന്ന  സ്ഥാപന ഷെല്‍ഫുകളിലും വസ്തുക്കളുടെ വിലയും വാറ്റും വേറിട്ട്‌ രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വില്‍പ്പന വസ്തുക്കളുടെ വില, സേവന വില ,നികുതി എന്നിവ വെവ്വേറെ രേഖപ്പെടുത്തണമെന്നാണ് വിപണികളില്‍ സാധനങ്ങള്‍ എത്തിക്കുന്ന കമ്പനികള്‍ക്കു നല്‍കിയ അറിയിപ്പെന്നും അല്‍സആബി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പരാതി പ്രകാരമാണ് 77 ആളുകളോട് മന്താലയത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. പരാതികള്‍ സത്യസന്ധമാണെന്നു ബോധ്യപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. അഞ്ചു ശതമാനത്തിൽ കൂടുതൽ നികുതി ഈടാക്കിയവരെല്ലാം നിയമം ലംഘിച്ചതായി  കണക്കാക്കിയാണ് പിഴ അടക്കമുള്ള ശിക്ഷ നല്‍കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.