Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസുഖം മാറാൻ മന്ത്രവാദം; മാതാവ് അയച്ച സാധനങ്ങൾ ഗൾഫിലുള്ള മകനെ കോടതി കയറ്റി

Alain

അൽഐൻ ∙ അസുഖം മാറാൻ മാതാവ് അയച്ചുകൊടുത്ത വസ്തുക്കൾ ഗൾഫിലുള്ള മകനു കുരുക്കായി. തപാലിൽ എത്തിയ വസ്തു കസ്റ്റംസ് പരിശോധിച്ചതിനെ തുടർന്നാണ് മകനോടൊപ്പം മന്ത്രത്തകിടുകളും അനുബന്ധ വസ്തുക്കളും കോടതി കയറിയത്. മുപ്പത് വയസ്സുള്ള പ്രവാസി നാട്ടിലുള്ള മാതാവിനെ വിളിച്ചു തന്റെ രോഗവിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. മകന്റെ രോഗം കേട്ടശേഷം മനസ്സലിഞ്ഞ  മാതാവ് അറിയാവുന്ന മന്ത്രവാദിയിൽ നിന്നും ഏലസ്സും തകിടും തുണിക്കഷണത്തില്‍ എഴുതി തയാറാക്കിയ വസ്തുക്കളും  മകന് തപാൽ വഴി അയച്ചു കൊടുത്തു.  

കടൽ കടന്നെത്തിയ കനമുള്ള പൊതിയില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ കൂടുതല്‍ പരിശോധയ്ക്ക് വിട്ടു. തുറന്നു നോക്കിയപ്പോൾ മന്ത്രവാദവും മാരണവും നടത്തുന്ന പലയിനം വസ്തുക്കൾ. അറബിക്കൽ തലങ്ങും വിലങ്ങും എഴുതിയ ലിഖിതങ്ങളുമുണ്ട്. പൊലീസ് വിലാസം നോക്കി കേസെടുത്തു. അൽഐൻ ക്രിമിനൽ കോടതിയിൽ എത്തിയ കേസിൽ ഉരുപ്പടി ഉടമയ്ക്ക് 5000 ദിർഹം പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.

ഉറക്കത്തിൽ ഞെട്ടി ഉണരുക, മാനസിക പിരിമുറുക്കം എന്നിവ അനുഭവിക്കുന്നതായി മകൻ മാതാവിനോട് പറഞ്ഞിരുന്നു. ഇതിനുള്ള പരിഹാരമായാണ് തപാൽ വഴി മന്ത്രിച്ചൂതിയ ‘രോഗ ശമനികള്‍’ നിയമം അറിയാത്ത മാതാവ് അയച്ചു കൊടുത്തത്. വിധിക്കെതിരെ പരാതിക്കാരൻ അപ്പീൽ കോടതിയെ സമീപിച്ചു. പാർസലായി എത്തിയ വസ്തുക്കൾ മതകാര്യ വകുപ്പിലെ പണ്ഡിതന്മാരുടെ സന്നിധ്യത്തിൽ പരിശോധിക്കാൻ കോടതി പ്രതിനിധിയെ നിയമിച്ചു.  

മാതാവ് അയച്ചുകൊടുത്ത വസ്തുക്കളിൽ മകൻ കുറ്റക്കാരല്ലെന്നും മറ്റു ലക്ഷ്യങ്ങൾ ഒന്നും ഇയാൾക്കില്ലെന്നും കോടതി പ്രതിനിധി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മകനെ അപ്പീൽ കോടതി കുറ്റവിമുക്തനാക്കി. ഇത്തരം പ്രവൃത്തികളും വസ്തുക്കളും രാജ്യത്ത് നിരോധിച്ചതാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഏഷ്യൻ വംശജനായ ഇയാൾ കോടതിയെ അറിയിച്ചിരുന്നു. തപാൽ വഴിയാണെങ്കിലും നിരോധിത വസ്തുക്കളുടെ ഇടപാട് അഴിയാകുരുക്കാകുമെന്ന കാര്യം പ്രവാസികളെ ഓർമിപ്പിക്കുന്നതാണ് സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.