Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമങ്ങളിൽ താരമായ 6 വയസുകാരൻ വിമാനം പറത്തി; സ്വപ്നങ്ങൾക്ക് ചിറകു നൽകിയത് ഇത്തിഹാദ്– വിഡിയോ

Adam Mohammed Amer

ദുബായ് ∙ കോക്ക്പിറ്റിലിരുന്ന് പൈലറ്റിനോട് വളരെ ആധികാരികമായി വിമാനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ആറു വയസുകാരന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പൈലറ്റിനെ പോലും അതിശയിപ്പിക്കുന്നതായിരുന്നു കൊച്ചുമിടുക്കന്റെ അറിവും വിഷയത്തിലെ താൽപര്യവും. ഇത്തിഹാദ് വിമാനക്കമ്പനി ഈ മിടുക്കന്റെ ആഗ്രഹങ്ങൾക്ക് ചിറകുകൾ നൽകിയിരിക്കുകയാണ് ഇപ്പോൾ. ഒരു ദിവസത്തേക്ക് ആറു വയസുകാരനെ ഇത്തിഹാദ് വിമാനത്തിന്റെ സ്റ്റിമുലേറ്ററിന്റെ പൈലറ്റാക്കിയാണ് സ്വപ്നം യാഥാർഥ്യമാക്കിയത്.

Adam-Mohammed-Amer-Etihad

ആദം മുഹമ്മദ് അമീർ എന്ന ഈജിപ്ഷ്യൻ–മൊറോകൻ വംശജനായ ആറു വയസുകാരനെ ഇത്തിഹാദിന്റെ ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിച്ചുവരുത്തി എയർബസ് എ380 സ്റ്റിമുലേറ്ററിന്റെ പൈലറ്റാക്കുകയായിരുന്നു. ഏതാണ്ട് അഞ്ചു മണിക്കൂറിലധികം സമയം കുട്ടിപൈലറ്റായി ആദം തിളങ്ങി. ഇതിന്റെ വിഡിയോയും ഇത്തിഹാദ് പുറത്തുവിട്ടു. ക്യാപ്റ്റൻ സമീറിനും മറ്റുപൈലറ്റുകൾക്കുമൊപ്പമുള്ള യാത്ര മകൻ ഏറെ ആസ്വദിച്ചുവെന്ന് ആദത്തിന്റെ പിതാവ് മുഹമ്മദ് അമീർ പറഞ്ഞു.

മറ്റുപൈലറ്റുമാരും ക്യാബിൻ ക്രൂ മെംബർമാരും നേരിട്ടെത്തി ആദമിനെ സ്വീകരിച്ചു. അവന് ശരിക്കും വിമാനം പറത്തുന്ന അനുഭവമായിരുന്നു ഉണ്ടായിരുന്നത്. അടിയന്തരസമയങ്ങളിൽ എങ്ങനെയാണ് വിമാനം ലാൻഡ് ചെയ്യുക ഈ സമയത്ത് എങ്ങനെയാണ് പ്രതികരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ആദം ചോദിച്ചതെന്നും പിതാവ് പറഞ്ഞു.

ഒരു യാത്രയിൽ കോക്ക്പിറ്റിൽ വച്ച് ഞങ്ങളുടെ ക്രൂവിനോട് സംസാരിച്ച ആദം ഞെട്ടിച്ചുവെന്ന് ഇത്തിഹാദ് പത്രക്കുറിപ്പിൽ പറഞ്ഞു. അവന്റെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കണമെന്നാണ് ‍ഞങ്ങളുടെ ആഗ്രഹം. മൊറോക്കോയിൽ നിന്നും അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആദം എന്ന കുട്ടി ശ്രദ്ധയിൽപ്പെട്ടത്.

Adam-Mohammed-Amer-Etihad-12

കുട്ടിക്ക് വിമാനം പറത്തണമെന്നും വിമാനങ്ങളെക്കുറിച്ച് വളരെയധികം താൽപര്യമുണ്ടെന്നും ക്യാബിൻ ക്രൂ അംഗങ്ങൾ മനസിലാക്കി. അങ്ങനെയാണ് ആദമിനെ കോക്ക്പിറ്റിലേക്ക് ക്ഷണിച്ചത്. ഇതിന്റെ വിഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്– ഇത്തിഹാദ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഒരു ദിവസം നിങ്ങൾ ഒരു പൈലറ്റാകും. ‘ക്യാപ്റ്റൻ ആദം, നിങ്ങളുടെ സ്വപ്നങ്ങൾ കൂടുതൽ ഉയരത്തിലാകട്ടേ’.... ഇത്തിഹാദ് വിമാനത്തിലെ ജീവനക്കാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.