Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികളിൽനിന്ന് അധികപണം വാങ്ങൽ; ഷാർജ വിദ്യാഭ്യാസ വകുപ്പിൽ രക്ഷിതാക്കളുടെ പരാതി

uae-dirham

ഷാർജ∙ വിദ്യാർഥികളിൽനിന്ന് അധികപണം ഈടാക്കുന്നതിനെതിരെ ഷാർജ വിദ്യാഭ്യാസ വകുപ്പിലും രക്ഷിതാക്കളുടെ പരാതിയെത്തി. സ്‌കൂളിന്റെ ഓൺലൈൻ സേവനങ്ങൾക്കു കുട്ടികളിൽനിന്നു പണം വാങ്ങുന്നതിനെതിരെയാണു രക്ഷിതാക്കൾ പരാതിപ്പെട്ടത്. ക്ലാസ് വർക്ക് ഷീറ്റുകളും പഠനസംബന്ധിയായ കാര്യങ്ങളും കുട്ടികൾക്കു വെബ് സൈറ്റിൽനിന്നാണു ലഭിക്കുന്നത്.

ഇതിൽ പങ്കാളികളാകാനുള്ള രഹസ്യനമ്പരുകൾ കുട്ടികൾക്കു നൽകും. സ്കൂൾ അറിയിപ്പുകളും മറ്റു പഠനകാര്യങ്ങളും കുട്ടികളെ അറിയിക്കുന്നതും ഇതുവഴിയാണ്. ഈ ഓൺലൈൻ സേവനത്തിന് ഒരു കുട്ടിക്കു നൂറു ദിർഹം വീതം അധികം നൽകണമെന്നാണ് എമിറേറ്റിലെ ഒരു സ്കൂൾ ആവശ്യപ്പെട്ടത്. ഓരോ വർഷവും സേവനം ലഭിക്കണമെങ്കിൽ ഈ തുക അടയ്ക്കണം. ഇതിനെതിരെയാണു രക്ഷിതാക്കൾ അധികൃതരെ സമീപിച്ചത്.

പല കാരണങ്ങൾ പറഞ്ഞ് അധികപണം ഈടാക്കുന്ന രീതി സ്കൂളുകൾക്കുണ്ടെന്നു രക്ഷിതാക്കൾ പരാതിയിൽ പറയുന്നു. പണം ഈടാക്കാനുള്ള സ്വകാര്യ സ്‌കൂളുകളുടെ 'ഔദ്യോഗിക ബ്ളാക്ക്മെയിൽ ' എന്നാണു ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ വകുപ്പുകളുടെയും ശക്തമായ നടപടി വേണമെന്നു രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നിർബന്ധ സംഭാവനയും യാത്രകൾ സംഘടിപ്പിച്ചു പണം വാങ്ങുന്ന കാര്യവും രക്ഷിതാക്കൾ ഉന്നയിച്ചു. നിലവിൽ വെബ്സൈറ്റുകൾ സ്‌കൂളുകളുടെ പേരിൽ നിലവിലുണ്ട്. ഇതു പ്രയോജനപ്പെടുത്താനും വിപുലീകരിക്കാനും രക്ഷിതാക്കളുടെ പണം വാങ്ങുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പഠനനിലവാരം ഉയർത്താൻ പ്രത്യേക പരിശീലനത്തിന് അയയ്ക്കണമെന്നാണ് ഒരു രക്ഷിതാവിനു കിട്ടിയ നിർദേശം.

രാജ്യാന്തര നിലവാരത്തിലുള്ള ഈ പഠനത്തിൽ പങ്കെടുക്കാനും പണം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ സ്‌കൂളിൽ അയയ്ക്കുന്നതു വൻതുക ഫീസ് നൽകിയാണ്. പണം നൽകി മറ്റിടങ്ങളിലേക്കു പരിശീലനത്തിനു വിടുകയാണെങ്കിൽ സ്‌കൂളുകളുടെ ദൗത്യം എന്താണെന്നും രക്ഷിതാക്കൾ സംശയം പ്രകടിപ്പിച്ചു. ഒരുകുട്ടിക്കു പത്ത് ദിർഹം വീതം നൽകിയാൽ യൂണിഫോം ധരിക്കാതെ സ്കൂളിൽ പോകാൻ അനുവദിക്കുന്ന അധ്യാപകരുണ്ടെന്നും ആക്ഷേപമുണ്ട്. ഇത്തരം പണപ്പിരിവുകൾ തടയാൻ മന്ത്രാലത്തിന്റെ കടുത്തനിയമവും നിരീക്ഷണവും വേണമെന്നു രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

നിയമലംഘനം  വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും

വിവിധ പേരുകളിൽ രക്ഷിതാക്കളിൽനിന്നു പണം ഈടാക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഷാർജ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ സ്‌കൂളുകൾക്കു താക്കീതു നൽകി. കുറുക്കുവഴികളിലൂടെ അധികനിരക്ക് ഈടാക്കുന്നതു നിയമലംഘനമാണ്. ഏതെങ്കിലും രക്ഷിതാക്കൾക്കു സ്‌കൂളുകൾ അനധികൃതമായി പണം ഈടാക്കുന്നതായി വ്യക്തമായാൽ രേഖാമൂലം പരാതി നൽകണമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

യാത്ര, സംഭാവന തുടങ്ങിയപേരിൽ രക്ഷിതാക്കളിൽനിന്നു പണം വാങ്ങാൻ എമിറേറ്റിലെ സ്കൂളുകൾക്ക് അധികാരം നൽകിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ കുട്ടികളിൽനിന്നു പണം സ്വരൂപിച്ചാൽ സ്‌കൂളുകൾ നടപടി നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.