Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും എമിറേറ്റ്സ് റോ‍ഡിലും വേഗപരിധി കുറയ്ക്കുന്നു

road-speed ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്

ദുബായ്∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെയും എമിറേറ്റ്സ് റോഡിലെയും വേഗപരിധി കുറയ്ക്കുന്നു. മണിക്കൂറിൽ 110 കിലോമീറ്ററാണു പുതിയ വേഗപരിധി. അടുത്തമാസം 15 മുതൽ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ വേഗപരിധി 120 കിലോമീറ്ററാണ്. അപകടം കുറച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണു പുതിയ നടപടിയുടെ ലക്ഷ്യം. പുതിയ വേഗ പരിധി പാലിക്കുന്നുണ്ടെന്ന് ക്യാമറകളുടെ സഹായത്തോടെ ഉറപ്പുവരുത്തും.

നിയമലംഘകർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അപകട കാരണം അമിതവേഗം ഈ റോഡുകളിൽ മുൻ വർഷങ്ങളിലുണ്ടായ അപകടനിരക്ക് പഠനവിധേയമാക്കിയപ്പോൾ 60 ശതമാനം അപകടങ്ങൾക്കും കാരണം അമിത വേഗമാണെന്ന് കണ്ടെത്തിയിരുന്നു. ഈ വർഷം ആറു മാസത്തിനിടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ 99 അപകടങ്ങളിൽ ആറു പേർ മരിക്കുകയും 78 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞവർഷം 196 അപകടങ്ങളിൽ 33 പേർക്കാണ് ജീവൻ നഷ്ടമായത്. 249 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എമിറേറ്റ്സ് റോഡിൽ ആദ്യ ആറു മാസത്തിനിടെ 40 അപകടങ്ങളിൽ പത്തു പേർ മരിക്കുകയും 75 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞവർഷം 86 അപകടങ്ങളിൽ 29 പേർ മരിച്ചു. 147 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

വലിയ വാഹനങ്ങളുടെ ബാഹുല്യവും അമിത വേഗവും ഇരു റോഡുകളിലും അപകട നിരക്ക് ഉയർത്തുന്നതായാണു കണ്ടെത്തിയത്. വേഗം കുറയ്ക്കുന്നതോടെ അപകടനിരക്ക് പിടിച്ചു നിർത്താനാകുമെന്നാണ് ആർടിഎ വിലയിരുത്തൽ. നിലവിൽ ഈ റോഡുകളിൽ ഒരു ദിശയിലേക്ക് മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷിയുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബുദാബി ദിശയിലേക്ക് മണിക്കൂറിൽ 7009 വാഹനങ്ങളാണ് പോകുന്നത്. ഇതിൽ ആറു ശതമാനം ട്രക്കുകളാണ്. 12 ശതമാനം ട്രക്കുകളടക്കം ഷാർജയിലേക്ക് മണിക്കൂറിൽ 7821 വാഹനങ്ങൾ കടന്നുപോകുന്നു.

എമിറേറ്റ്സ് റോഡിൽ അബുദാബി ദിശയിലേക്ക് മണിക്കൂറിൽ 6442, ഷാർജ ഭാഗത്തേക്ക് 3416 വാഹനങ്ങളും പോകുന്നുണ്ട്. ആറു മുതൽ 14 ശതമാനം ട്രക്കുകളുടെ സഞ്ചാരവും ഇതിൽപെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.