Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശികൾക്ക് ഒരു വർഷത്തേക്ക് 1000 ദിർഹം; സ്വദേശികൾക്ക് 800

parking

അൽ ഐൻ ∙ നഗര മധ്യ മേഖലകളിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ താമസക്കാർക്ക് ഒരുവർഷത്തെ പെർമിറ്റിനുള്ള നിരക്ക് നിശ്ചയിച്ചു. 800, 1000 ദിർഹം നിരക്കിലാണ് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ പാർക്കിങ് പെർമിറ്റ് ഒരുവർഷത്തേക്ക് നൽകുക.


ഒരു പാർക്കിങ് ലഭിക്കണമെങ്കിൽ വിദേശികളായ താമസക്കാർക്ക് ആയിരം ദിർഹമാണു നിരക്ക്. സ്വദേശികൾക്ക് ഇത് 800 ദിർഹം. ഓരോ താമസസ്ഥലത്തും സ്വദേശികൾക്കു നാലു പാർക്കിങ്ങുകൾവരെ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
കാലാവധിയുള്ള വീസ പതിച്ച പാസ്പോർട്ട് പകർപ്പ്, കെട്ടിട വാടക കരാർ, അല്ലെങ്കിൽ കെട്ടിട ഉടമാവകാശ രേഖ, അവസാനം അടച്ച ജല-വൈദ്യുതി ബിൽ, വാഹന ലൈസൻസ് പകർപ്പ് എന്നിവയാണു താമസക്കാരനാണെന്നു തെളിയിക്കുന്നതിനു സമർപ്പിക്കേണ്ടത്.


കെട്ടിട വാടക കരാറിലെ പേരും വാഹന ഉടമയുടെ പേരും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഇവർ തമ്മിലുള്ള  ബന്ധം തെളിയിക്കുന്ന രേഖയും അനുബന്ധമായി നൽകേണ്ടിവരും. സ്വദേശികൾ താമസിക്കുന്നതു ഫ്ലാറ്റിൽ ആയാലും വില്ലയിലായാലും കാലാവധിയുള്ള കെട്ടിട കരാർ, വൈദ്യുതി ബിൽ, കാലാവധിയുള്ള തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ബന്ധുക്കൾ ഉണ്ടെങ്കിൽ പൗരത്വരേഖ (ഖുലാസ ഖൈദ്), വാഹന ഉടമാവകാശ രേഖ എന്നിവയാണു പെർമിറ്റിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ടത്.


പേ പാർക്കിങ് മേഖലകളിൽ താമസിക്കുന്നവർക്കു സൗകര്യപ്രദമായ പാർക്കിങ് ലഭ്യമാക്കുന്നതിനാണു ട്രാൻസാഡ് മുന്തിയ പരിഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അൽ ഐൻ നഗരത്തിലെ അഞ്ചു പ്രധാന മേഖലകളാണു പേ പാർക്കിങ് പരിധിയിലാക്കുന്നത്.


ഇതനുസരിച്ച് 5691 പാർക്കിങ്ങുകളിൽ വാഹനം നിർത്താൻ നിരക്കു നൽകേണ്ടിവരും. അബുദാബി മാതൃകയിൽത്തന്നെ ആയിരിക്കും അൽഐൻ മേഖലകളിലെയും പാർക്കിങ് നിരക്കിനു സമയം നിശ്ചയിക്കുക. ആദ്യഘട്ടത്തിൽ അൽ ഐനിലെ അൽ ഖസീദ, അൽ റബീന, അൽ നവാസ്, അൽ ഹമീറ, അസ്സലാമ മേഖലകളിലെ 5691 പാർക്കിങ്ങുകൾക്കു നിരക്കു നൽകണമെന്നാണ് അറിയിപ്പ്. പാർക്കിങ് പണം സ്വരൂപിക്കുന്നതിനുള്ള എല്ലാ നടപടികളും സെന്റർ പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ചു മേഖലകളിലായി 121 പാർക്കിങ് മെഷീനുകളാണു സ്ഥാപിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.