Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവിങ് ലൈസൻസില്ല: പൊലിഞ്ഞത് 11 ജീവനുകൾ; കടുത്ത ശിക്ഷ

dubai-accident

അബുദാബി∙ യുഎഇയിൽ  ഡ്രൈവിങ് ലൈസൻസില്ലാത്തവർ വാഹനമോടിച്ചതു മൂലമുണ്ടായ അപകടങ്ങളിൽ മരിച്ചത് 11 പേർ.ആറുമാസത്തിനിടെയുണ്ടായ അപകടങ്ങളിലാണ് ഇവർ മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.

പരിഷ്ക്കരിച്ച ഫെഡറൽ ട്രാഫിക് നിയമത്തിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് നിശ്ചയിച്ചത്. ഒരു മാസം മുതൽ മൂന്നുമാസം വരെ തടവോ 5,000 ദിർഹം പിഴയോ അടയ്ക്കണം. ഗതാഗത വകുപ്പ് നിശ്ചയിച്ചതും ലൈസൻസിൽ അടയാളപ്പെടുത്തിയതുമായ വാഹനങ്ങൾ ആയിരിക്കണം ഓടിക്കേണ്ടത്. ലഘു വാഹനങ്ങളുടെ ലൈസൻസുമായി ഭാരവാഹനം ഓടിക്കുന്നത് കണ്ടെത്തിയാലും ഇതേ ശിക്ഷയായിരിക്കും ലഭിക്കുക. നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ മെക്കാനിക് വാഹനങ്ങള്‍ നിരത്തില്‍ ഇറക്കണമെങ്കില്‍ അതാത് ഗതാഗത വകുപ്പുകള്‍ നല്‍കിയ പ്രത്യേക പെര്‍മിറ്റുകള്‍ വാഹനമോടിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ഇതില്‍ വീഴ്ച വരുത്തിയാലും തടവും പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരും. കൗമാരക്കാര്‍ രക്ഷിതാകളുടെയും ബന്ധുക്കളുടെയും വാഹനവുമായി റോഡില്‍ ഇറങ്ങുന്നത് ഗുരുതരമായ അപകടങ്ങള്‍ വരുത്തി വയ്ക്കുന്നതായി ആഭ്യന്തര വകുപ്പ് ഓര്‍മിപ്പിച്ചു.

ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനു വ്യവസ്ഥകൾ

പുതിയതും പുതുക്കുന്നതുമായി ഡ്രൈവിങ് ലൈസൻസുകൾക്ക് അപേക്ഷിക്കാൻ വ്യവസ്ഥകൾ വയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. അപേക്ഷകന്റെ പ്രായപരിധി, ഡ്രൈവിങിനു പ്രയാസമുണ്ടാക്കുന്ന രോഗങ്ങളിൽ നിന്നു മുക്തമാവുക, രാജ്യത്തെ ആരോഗ്യ മന്ത്രാലയ കാര്യാലയങ്ങളിൽ നിന്നും ശാരീരിക ക്ഷമത തെളിയിക്കുന്ന സാക്ഷ്യപത്രം, ഗതാഗത വകുപ്പുകൾ വഴി നടത്തുന്ന പരിശീലനം എന്നിവയാണ് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനു ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവച്ച വ്യവസ്ഥകൾ.

സ്വദേശികളും ജിസിസി പൗരന്മാരുമല്ലാത്തവർ കാലാവധിയുള്ള വിസ പതിച്ച പാസ്പോർട്ടും കാണിക്കണം. ജോലിക്ക് തടസ്സമുണ്ടാക്കുന്ന രോഗങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ ഗതാഗത വകുപ്പ് ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചു നടപടികൾ പൂർത്തിയാക്കണമെന്നാണ് നിര്‍ദേശം. പുതിയ ഫെഡറൽ ട്രാഫിക് നിയമം 85 അനുഛേദത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരണമുള്ളത്.

 ശാരീക പ്രയാസമുള്ളവർ വാഹനം ഓടിക്കുന്നത് മൂലം കഴിഞ്ഞ കാലങ്ങളിൽ നിരവധി വാഹന അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന പൊലീസ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ട്രാഫിക് പരിഷ്ക്കരണത്തിൽ ഡ്രൈവിങ് ലൈസൻസിന് പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നതെന്ന് അധികൃതർ വ്യക്തമാക്കി. അനുസരിച്ച് പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിൽ മൂലം ബോധക്ഷയം ഉണ്ടാവുക, ക്ഷീണം  തുടങ്ങിയവ മൂലം അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട് .

കാലാവധി കുറച്ചു

സ്വദേശികൾക്ക് പത്തുവർഷ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് നൽകുമെങ്കിലും പുതിയ നിയമപ്രകാരം വിദേശികൾക്ക് 5 വര്‍ഷം കാലാവധിയുള്ള ലൈസന്‍സാണ് നല്‍കുക. ആദ്യ ഡ്രൈവിംഗ് ടെസ്റ്റ് വഴി കന്നിക്കാര്‍ക്ക് കിട്ടുന്നത് രണ്ടു വര്‍ഷം മാത്രം കാലാവധിയുള്ളതായിരിക്കും.

വാഹനങ്ങള്‍ പെരുകുന്നു അപകടങ്ങള്‍ കുറയുന്നു.

ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ട് പ്രകാരം യുഎഇയിലെതാമസക്കാരില്‍ 45ശതമാനത്തിനും ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ട്. രാജ്യത്തെ ഗതാഗത കാര്യാലയങ്ങള്‍ ഇതിനകം 45ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിതരണം ചെയ്തതായാണ്‌ കണക്ക്. മൊത്തം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ 34 ലക്ഷം വരും. വാഹനപെരുപ്പം കൂടുന്നുണ്ടെങ്കിലും മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വാഹനാപകടങ്ങള്‍ കുറഞ്ഞതായാണ് ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ട് .  





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.