Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിട നിർമാണ നടപടികൾ സുഗമമാക്കാൻ ദുബായിൽ ഏകീകൃത സംവിധാനം

development

ദുബായ് ∙ ദുബായിൽ കെട്ടിട നിർമാണത്തിനുള്ള നടപടി ക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി. ഏകീകൃത സംവിധാനത്തിലൂടെ സ്‌ഥലപരിശോധന ഉൾപ്പെടെ അഞ്ചുതലങ്ങളിലുള്ള നടപടികൾ സുഗമമായി പൂർത്തിയാക്കാൻ കഴിയും. അപേക്ഷകൾക്കു മൂന്നു ദിവസത്തിനകം മറുപടി നൽകിയിരിക്കണമെന്നാണു വ്യവസ്‌ഥ.

ഇതിനായി ‘ബിൽഡിങ് പെർമിറ്റ് പ്രൊസീജീയേഴ്‌സ് ഡവലപ്‌മെന്റ് കമ്മിറ്റി’ രൂപീകരിച്ചു. കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ടീമുകൾക്കാകും ചുമതല. ദുബായ് മുനിസിപ്പാലിറ്റി, ആർടിഎ, ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഡിപ്പാർട്‌മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്‌മെന്റ്, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, സിവിൽ ഡിഫൻസ്, ഇൻവെസ്‌റ്റ്‌മെന്റ് കോർപറേഷൻ, മിറാസ് ഹോൾഡിങ്, ഇത്തിസലാത്ത്, ഡു, ദുബായ് ഇന്റർനാഷനൽ ഫൈനാൻഷ്യൽ സെന്റർ, ദുബായ് ക്രിയേറ്റീവ് ക്ലസ്‌റ്റേഴ്‌സ് അതോറിറ്റി, പോർട്‌സ്, കസ്‌റ്റംസ് ആൻഡ് ഫ്രീസോൺ കോർപറേഷൻ പ്രതിനിധികൾ ഉൾപ്പെടുന്നതാണു സമിതി.

പുതിയ നടപടി ക്രമങ്ങൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം അംഗീകാരം നൽകി. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമായ തീരുമാനമാണിത്. കെട്ടിടനിർമാണത്തിന് അനുമതി കിട്ടാൻ അപേക്ഷ നൽകുന്നതുൾപ്പെടെയുള്ള നടപടികൾ ഏകോപിപ്പിച്ചു നടപ്പാക്കാൻ കഴിയുന്നതാണു പുതിയ സംവിധാനം. കാലതാമസമില്ലാതെ നിർമാണം ആരംഭിക്കാൻ ഇതു സഹായകമാകും. സ്‌മാർട് സംവിധാനങ്ങളിലൂടെ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ സൗകര്യമൊരുക്കും.

ഏകജാലക സംവിധാനവും ഇതിന്റെ ഭാഗമാണ്. കൺസൽറ്റൻസികൾക്കും കോൺട്രാക്‌ടർമാർക്കും ഉടമകൾക്കും നടപടികളുടെ പുരോഗതി യഥാസമയം മനസ്സിലാക്കാൻ കഴിയുകയും ചെയ്യും. ഓഫിസുകൾ കയറിയിറങ്ങാതെ നടപടികൾ പൂർത്തിയാക്കാമെന്നതാണു മറ്റൊരു നേട്ടം. ദുബായിൽ നിക്ഷേപാനുകൂല സാഹചര്യമൊരുക്കാൻ ഇതു സഹായകമാകുമെന്നു മുനിസിപ്പാലിറ്റി അസിസ്‌റ്റന്റ് ഡയറക്‌ടർ ജനറൽ ദാവൂദ് അബ്‌ദുൽ റഹ്‌മാൻ അൽ ഹജ്‌രി പറഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളിൽ കെട്ടിട നിർമാണ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും. ഇടപാടുകാരെയും കോൺട്രാക്‌ടർമാരെയും കൺസൽറ്റൻസികളെയും ബന്ധിപ്പിച്ചുള്ള ശൃംഖല യാഥാർഥ്യമാക്കും. കെട്ടിടനിർമാണ സാമഗ്രികളുടെ നിലവാരം, സാങ്കേതിക മികവുകൾ തുടങ്ങിയവ ഉറപ്പാക്കാൻ ഇതു സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.