Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ 25 ലക്ഷത്തിന്റെ ‘ദംഗൽ കേക്ക്' (വിഡിയോ)

dangal-cake

ദുബായ് ∙ ഇന്ത്യയുടെ 71–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ദുബായിലെ ബ്രോഡ് വേ ബേക്കറി ഒരുക്കിയത് 1,46,921 ദിർഹം മുതൽമുടക്കുള്ള കൂറ്റൻ 'ദംഗൽ കേക്ക്'. സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രമായ ദംഗലിലെ ആമിർഖാന്റെ കഥാപാത്രത്തിന്റെ രൂപത്തിലുള്ള, ലോകത്തെ ഏറ്റവും ചെലവേറിയ ഇൗ വിസ്മയ കേക്കിന് ഒാർഡർ നൽകിയത് പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയാണെന്ന് ബേക്കറി അധികൃതർ പറഞ്ഞു. 

ബേക്കറിയിലെ കലാകാരന്മാർ ചേർന്നാണ് 54 കിലോ തൂക്കമുള്ള കേക്ക് ഒരുക്കിയത്.  ഗീത, ബബിത എന്നീ പെൺമക്കളെ ഗുസ്തി ചാംപ്യന്മാരാക്കാൻ പ്രയത്നിച്ച മഹാവീർ സിങ് ഫൊഗാട്ട് എന്ന അഭിമാന കഥാപാത്രത്തെയാണ് ആമിർ ഇൗ ചിത്രത്തിൽ അവതരിപ്പിച്ചത്. സൂപ്പർതാരം തോളത്ത് തോർത്തുമിട്ട് കൈകൾ പിണച്ച് നിൽക്കുന്ന ചിത്രത്തിലെ പ്രശസ്തമായ പോസാണ് കേക്കിലൂടെ ഒരുക്കിയത്. ഗീതയുടെയും ബബിതയുടെയും രൂപവും രണ്ട് സ്വർണ മെഡലുകളും കേക്കിലൂടെ ചിത്രീകരിച്ചു. മെഡലുകൾക്ക് 75 ഗ്രാം സ്വർണവും പൂശി. 

മൂന്ന് ആഴ്ചയിലേറെ സമയമെടുത്താണ് കേക്ക് തയ്യാറാക്കിയതെന്ന് ബേക്കറി ഉടമ പറഞ്ഞു. പഞ്ചസാര, ചോക്കലേറ്റ് സ്പോഞ്ച്, ബെൽജിയം ചോക്കലേറ്റ് തുടങ്ങിയവ കേക്കുണ്ടാക്കാൻ ഉപയോഗിച്ചു. 240 അതിഥികൾക്ക് ഇൗ കേക്ക് വിളമ്പാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ബേക്കറി കലാകാരന്മാർ ഒരാഴ്ചയിലേറെ ആമിർഖാന്റെ വ്യക്തിത്വ പഠനം നടത്തിയ ശേഷമാണ് കേക്ക് നിർമാണം ആരംഭിച്ചത്. ബേക്കറി ഉടമകൾ തങ്ങളുടെ ഫേസ് ബുക്ക് പേജിൽ കേക്ക് നിർമാണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.