Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്തുനിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ പുതിയ കടമ്പ; 48 മണിക്കൂര്‍ മുമ്പു രേഖകള്‍ ഹാജരാക്കണം

airport

ദുബായ്∙ വിദേശത്തു മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ കടമ്പ. വിമാനമാര്‍ഗം ഇന്ത്യയിലേക്കയയ്ക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തുന്നതിന് 48 മണിക്കൂര്‍ മുമ്പു മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ ഹാജരാക്കണമെന്നാണ് പുതിയ ഉത്തരവ്. 

വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ദിവസങ്ങളോളം വൈകിക്കുന്നതാണ് പുതിയ ഉത്തരവ്. ഇതുവരെ ഒറ്റ ദിവസം കൊണ്ട് ഗള്‍ഫില്‍നിന്നും മറ്റും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് വന്നതോടെ കുറഞ്ഞത് മൂന്നു ദിവസം എങ്കിലും വേണ്ടി വരും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍.

നാട്ടിലെ വിമാനത്താവളത്തില്‍ മൃതദേഹം എത്തുന്നതിന് രണ്ട് ദിവസം മുമ്പു തന്നെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നാലു രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. മരണസര്‍ട്ടിഫിക്കറ്റിന് പുറമേ എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍.ഒ.സി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയാണ് നാട്ടിലെ വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടത്. മൃതദേഹം കൊണ്ടു വരുമ്പോഴും ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പമുള്ളവര്‍ വിമാനത്താവളത്തില്‍ ഹാജരാക്കണം. 

മരണ കാരണം എന്താണെന്ന് മരണ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമായി രേഖപ്പെടുത്തണം. അല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കില്ലെന്നും പുതിയ ഉത്തരവില്‍ പറയുന്നു. മരണകാരണം വ്യക്തമായി പറയാന്‍ സാധിക്കാത്ത കേസുകളില്‍ ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ മൂലമല്ല മരണമെന്ന് അതത് രാജ്യത്തെ ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തണം. രേഖകള്‍ ഇ-മെയില്‍വഴിയോ, വിമാനത്താവളങ്ങളിലെ പ്രീ ഇമിഗ്രേഷന്‍ കൗണ്ടര്‍ വഴിയോ സമര്‍പ്പിക്കാവുന്നതാണ്.

സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകൂ. പുതിയ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് വിമാനത്താവളങ്ങളിലെ ആരോഗ്യവിഭാഗം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച് വിവിധ വിമാനത്താവളങ്ങളിലെ ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.