Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ ഇന്ത്യക്കാര്‍ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ ഫൗണ്ടേഷന് അഞ്ചു കോടി രൂപ നല്‍കി എം.എ. യൂസഫലി

ma-yusafali

ന്യൂഡല്‍ഹി∙ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അധ്യക്ഷയായ ഇന്ത്യ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ ഫോര്‍ ഓവര്‍സീസ് ഇന്ത്യന്‍സിന്  (ഐ.ഡി.എഫ്) പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലി അഞ്ചു കോടി രൂപ നല്‍കി. റമസാന്‍ മാസത്തിലെ പുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂസഫലി സംഭാവന നല്‍കിയ വിവരം ഫൗണ്ടേഷന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാതൃരാജ്യത്തിനു തിരികെ നല്‍കുകയെന്നതിനാണു ആദ്യ പരിഗണനയെന്നും ഐ.ഡി.എഫ് പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും യൂസഫലി വ്യക്തമാക്കി. 

മാര്‍ച്ചില്‍ ഐ.ഡി.എഫ് പുനസംഘടിപ്പിച്ച് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, യു.എസില്‍ നിന്നുള്ള ഡോക്ടര്‍ ഭരത് ഭരായ്, ബ്രിട്ടനില്‍ നിന്നുള്ള ജോഗീന്ദര്‍പാല്‍ സാങ്കര്‍ തുടങ്ങിയ പല പ്രമുഖരേയും മോദി സര്‍ക്കാര്‍ നിയമിച്ചിരുന്നു.

രാജ്യത്തിന്റെ വികസന കാര്യത്തിലും സംരംഭകത്വത്തിലും ക്രിയാത്മകമായ പങ്കാളിത്തം വഹിക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് സൗകര്യമൊരുക്കുക എന്നതാണ് വിദേശ ഇന്ത്യക്കാര്‍ക്കായുള്ള ഇന്ത്യ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷനിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്വച്ഛ ഭാരത് മിഷന്‍, ക്ലീന്‍ ഗംഗ പദ്ധതി, സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികള്‍ തുടങ്ങി രാജ്യത്തിന്റെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ വിദേശ ഇന്ത്യക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ഏകജാലക സംവിധാനമായിട്ടാകും ഐ.ഡി.എഫ് പ്രവര്‍ത്തിക്കുക. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഐ.ഡി.എഫ്.  ഇതിനകം തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി, നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് എന്നിവര്‍ ഉദ്യോഗസ്ഥ പ്രതിനിധികളായും പുന:സംഘടിപ്പിച്ച ബോര്‍ഡിലുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.