Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശരണർക്ക് കൈത്താങ്ങാകാൻ ‘ആസ്‌റ്റർ വൊളന്റിയർ’ പ്രോഗ്രാം

aster ആസ്‌റ്റർ വൊളന്റിയർ പ്രോഗ്രാമിന് ആരോഗ്യമന്ത്രാലയ പ്രതിനിധികൾ ഔപചാരികമായി തുടക്കം കുറിച്ചപ്പോൾ. ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ഡോ.ആസാദ് മൂപ്പൻ, ഡോ.സേബ എന്നിവർ സമീപം.

ദുബായ് ∙ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ ‘ആസ്‌റ്റർ വൊളന്റിയർ’ പ്രോഗ്രാം പ്രഖ്യാപിച്ചു. സഹായമാവശ്യമായവർക്കും നിസ്വാർഥ സേവനത്തിനു സന്നദ്ധരായവർക്കുമിടയിൽ മധ്യവർത്തിയായി പ്രവർത്തിക്കുന്നതാണ് വൊളന്റിയർ പ്രോഗ്രാം. ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയറിനു സാന്നിധ്യമുളള ഒൻപതു രാജ്യങ്ങളിലും ഈ സേവന പദ്ധതി ഏകോപിപ്പിച്ചു നടപ്പാക്കും.

വെബ്സൈറ്റ്: www.astervolunteers.com യുഎഇ ആരോഗ്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഉവൈസിന്റെ പ്രതിനിധികളായ പബ്ലിക് ഹെൽത്ത് പോളിസി ആൻഡ് ലൈസൻസിങ് അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമിരി, ഹെൽത്ത് ആൻഡ് ക്ലിനിക്‌സ് അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്‌ദുൽ റഹ്‌മാൻ അൽ റന്ദ്, ആരോഗ്യമന്ത്രാലയം ഉപദേശകൻ ഡോ. സാലെം അൽ ദർമാക്കി എന്നിവർ ചേർന്ന് ലോഞ്ചിങ് നിർവഹിച്ചു.

ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ജോർദാൻ കോൺസൽ ജനറൽ ഡോ. സയിദ് റദെയ്‌ദേ, സൊമാലിയൻ കോൺസൽ ജനറൽ ഒമർ അബ്‌ദുൽ അസീസ് നൂർ, ഔഖാഫ്, മൈനർ അഫയേഴ്‌സ് സെക്രട്ടറി ജനറൽ ത്വയിബ് അൽ റഈസ്, സൽമ ഇനീഷ്യേറ്റീവ് ഡയറക്‌ടർ അബ്‌ദുൽ അഹബ് സൗഫേൻ, ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ സ്‌ഥാപക ചെയർമാനും എംഡിയുമായ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ജോർദാനിലെ സിറിയൻ അഭയാർഥി ക്യാംപുകളിൽ ചികിൽസാ സഹായമെത്തിക്കും. ഇന്ത്യയിലും ആഫ്രിക്കയിലും മധ്യപൂർവദേശത്തുമായി 5000 സൗജന്യ ശസ്‌ത്രക്രിയകൾ നടത്തും.

ഭിന്നശേഷിക്കാർക്ക് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയറിൽ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും. ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയറും ദുബായ് ഔഖാഫ്, മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷനും സഹകരിച്ച് സൊമാലിയയിൽ വരൾച്ചനേരിടുന്ന മേഖലകളിൽ സഹായമെത്തിക്കാനുള്ള കരാറിൽ ഒപ്പുവയ്‌ക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ചു നടന്നു. 15 ലക്ഷം ദിർഹം വരുന്ന 1,56,217 ഹലാൽ ഭക്ഷ്യസാധന കിറ്റുകൾ സൊമാലിയയിൽ വിതരണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.