Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി സഹോദരങ്ങൾക്ക് ഡയാന പുരസ്‌കാരം

aman-johan അമാൻ, ജെഹാൻ

ദുബായ് ∙ സമൂഹത്തിൽ ക്രിയാത്മക മാറ്റത്തിനു ചാലകശക്തിയാകുന്ന വിദ്യാർഥികൾക്കു നൽകുന്ന ഡയാന പുരസ്കാരം മലയാളി സഹോദരങ്ങൾക്ക്. ഷാർജ അവർ ഓൺ ബോയ്സ് ഇംഗ്ലിഷ് ഹൈസ്കൂൾ വിദ്യാർഥി അമാൻ ഇക്ബാൽ ഇബ്രാഹിം (16) ഡയാന ലെഗസി പുരസ്കാരം നേടിയപ്പോൾ സഹോദരി ഷാർജ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർഥി ജെഹാൻ ഇക്ബാൽ ഇബ്രാഹിം (9) ഡയാന പുരസ്കാരവും സ്വന്തമാക്കി.

ഷാർജ ഇസ്‍ലാമിക് ബാങ്ക് വൈസ് പ്രസിഡന്റ് തലശേരി സ്വദേശി ഡോ.സംഗീത് ഇബ്രാഹിമിന്റെയും കൊച്ചി സ്വദേശി ഡോ. സുനയ്ന ഇക്ബാലിന്റെയും മക്കളാണ്. ഡയാന ലെഗസി പുരസ്കാരം ലണ്ടൻ സെന്റ് ജയിംസ് പാലസിൽ ഡ്യൂക്ക് ഓഫ് കേംബ്രിജ് വില്യം രാജകുമാരനും സഹോദരൻ ഹാരി രാജകുമാരനും ചേർന്ന് അമാനു സമ്മാനിച്ചു.

ലണ്ടൻ ഇൻസ്റ്റഗ്രാം ഓഫിസിൽ ഡയാന അവാർഡ് കോഓർഡിനേറ്റർ ഡാനിയൽ ഗോതാർഡ് ആണു ജെഹാനു സമ്മാനിച്ചത്. ഡയാന രാജകുമാരിയുടെ ഇരുപതാം ചരമവാർഷികത്തോട് അനുബന്ധിച്ചു പ്രത്യേകമായി ഏർപ്പെടുത്തിയതാണു ലെഗസി അവാർഡ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതു പേരാണ് ഈ അവാർഡിന് അർഹരായത്. ഇരുന്നൂറു പേർക്ക് നൽകുന്ന ഡയാന അവാർഡ് ആണ് ജെഹാൻ നേടിയത്. ഗൾഫ് മേഖലയിൽനിന്നുള്ള ഏക ലെഗസി അവാർഡ് ജേതാവാണ് അമാൻ. ലേബർ ക്യാംപുകളിൽ തൊഴിലാളികളുടെയിടയിലേക്കു സ്നേഹവും സന്തോഷവും ഭക്ഷണവും പങ്കിട്ട് എത്തുന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതാണു അമാനെ പുരസ്കാരത്തിന് അർഹനാക്കിയത്.

ഇതിനായി യുവാക്കളുടെ കർമസേന രൂപീകരിച്ച് ലേബർ ക്യാംപുകളിലെത്തി ഭക്ഷണം വിതരണം ചെയ്തു. ആറായിരത്തോളം തൊഴിലാളികൾക്കാണു കഴിഞ്ഞ മൂന്നുവർഷത്തിനിടെ സഹായമെത്തിച്ചത്. കടലാസുകൊണ്ടു മനോഹരമായ കമ്മലുകളുണ്ടാക്കി സഹപാഠികൾക്കും ബന്ധുക്കൾക്കു നൽകി ലഭിക്കുന്ന വരുമാനം ഇന്ത്യയിലെ തെരുവുകുട്ടികൾക്കു പ്രയോജനപ്പെടാനായി സാമൂഹിക സംഘടനകൾക്കു നൽകുകയാണു ജെഹാൻ. മാതാപിതാക്കളുടെ മാതൃകയാണ് ഇരുവരുടെയും പ്രവർത്തനം.

ജീവിതകാലത്ത് 10 ലക്ഷം പേർക്കു സഹായമെത്തിക്കണമെന്ന ലക്ഷ്യവുമായി ഡെസ്റ്റിനേഷൻ സക്സസ് യുഎഇ എന്ന സംഘടന മാതാവ് ഡോ. സുനയ്നയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം മികച്ച കുടുംബത്തിനുള്ള ഷെയ്ഖ് ഹംദാൻ ഫാമിലി പുരസ്കാരവും ഇവർ നേടിയിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ ക്യാംപെയ്നുകളിലും ഇവർ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.