Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയരങ്ങളിലെ തീകെടുത്താൻ ‘പറക്കും പോരാളികൾ’

drone

ദുബായ് ∙ അഗ്നിശമന ദൗത്യങ്ങളിൽ മുഖ്യപങ്കാളിയാകാൻ ദുബായിൽ ഡ്രോണുകൾ പറന്നുയരാനൊരുങ്ങുന്നു. തീപിടിത്തമുണ്ടായ കെട്ടിടങ്ങളുടെ മുകൾ നിലകളിൽ അഗ്നിശമന ഉപകരണങ്ങളും മറ്റും അതിവേഗത്തിൽ എത്തിക്കാൻ ഇതു സഹായകമാകും. ഇതിനായി 15 ഡ്രോണുകളിൽ നടത്തിയ പരീക്ഷണം വിജയമായതോടെ പ്രത്യേക സിവിൽ ഡിഫൻസ് യൂണിറ്റ് രൂപവൽകരിക്കാനാണു തീരുമാനം.

അടുത്തവർഷം ആദ്യം ഇതിനു തുടക്കമാകുമെന്നു ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ദുബായ് പൊലീസിനു നിലവിൽ ജെറ്റ് സ്‌കീ, ജെറ്റ് പായ്‌ക്ക് ഉൾപ്പെടുന്ന ഡോൾഫിൻ എന്ന ദ്രുത കർമവിഭാഗമുണ്ട്. വിവിധ രക്ഷാദൗത്യങ്ങളിൽ ഡ്രോണുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകും. മനുഷ്യർക്ക് എത്തിപ്പെടാനാവാത്ത മേഖലകളിൽ പോലും ഡ്രോണുകൾക്കു കടന്നു ചെല്ലാനാകും. റിമോട്‌കൺട്രോൾ സംവിധാനം വഴി പ്രവർത്തിക്കുന്ന ഇവയിൽ ഘടിപ്പിച്ച നൂതന ക്യാമറകൾ നിശ്‌ചല–വിഡിയോ ചിത്രങ്ങൾ പകർത്തി അപകടമേഖലയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്നും മറ്റും അറിയാനാകും.

അപകടത്തിന്റെ വ്യാപ്‌തി എത്രമാത്രമുണ്ടെന്നു മനസ്സിലാക്കാനും രക്ഷാപ്രവർത്തനങ്ങൾക്കു വ്യക്‌തമായ രൂപം നൽകാനും കഴിയും. കാടുകളിൽ തീപിടിത്തമുണ്ടാകുമ്പോഴും മറ്റും ഇത്തരം ഡ്രോണുകളുടെ സേവനം യുഎസിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

നിരീക്ഷണത്തിനും ഡ്രോണുകൾ

drone-camera

ഗതാഗതമേഖലയിൽ നിരീക്ഷണം ശക്‌തമാക്കാൻ നൂതനഡ്രോണുകൾ ഉപയോഗപ്പെടുത്താൻ ആർടിഎയും പദ്ധതി തയാറാക്കിയിട്ടുണ്ട്. മെട്രോ ഉൾപ്പെടെയുള്ള സർവീസുകൾ നിരീക്ഷിക്കാനും കാലാവസ്‌ഥാ വ്യതിയാനം കണ്ടെത്താനുമെല്ലാം കഴിയും. മരുഭൂമിയും നിരീക്ഷണ പരിധിയിലാക്കാൻ ഉദ്ദേശിക്കുന്നു.

ഡെസർട്‌സഫാരി, ക്വാഡ് ബൈക്കുകളുടെ പ്രകടനം തുടങ്ങിയവ നിരീക്ഷിക്കാനും മരുഭൂമിയിൽ ഒറ്റപ്പെട്ടു പോകുന്നവരെയും വഴി തെറ്റുന്നവരെയും കണ്ടെത്താനും കഴിയുമെന്നത് ഡ്രോണുകളുടെ സാധ്യത വർധിപ്പിക്കുന്നു. ചരക്കുനീക്കവും മറ്റും സൂക്ഷ്‌മമായി നിരീക്ഷിക്കാൻ ഡിപി വേൾഡും ഡ്രോണുകളെ രംഗത്തിറക്കിയിട്ടുണ്ട്. ചരക്കുകയറ്റുന്നതും ഇറക്കുന്നതും നിരീക്ഷിക്കുന്നതിനു പുറമെ തുറമുഖത്ത് വാഹനങ്ങൾ കൃത്യമായ അകലം പാലിച്ചാണോ പോകുന്നതെന്നും കണ്ടെത്താൻ ഡ്രോണുകൾക്കു കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.