Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി ട്രാഫിക് ചട്ടങ്ങളിൽ പൊളിച്ചെഴുത്ത് വരുന്നു: ലംഘനങ്ങൾ പിടികൂടാൻ സഞ്ചരിക്കുന്ന ക്യാമറകളും

camera2 representative image

ജിദ്ദ∙ ട്രാഫിക് നിയമ ലംഘനങ്ങൾ പിടികൂടാൻ സൗദി അറേബ്യയിലെ ട്രാഫിക് വിഭാഗം നൂതന വിദ്യകൾ ഉപയോഗപ്പെടുത്തി തുടങ്ങി. പുതിയ നടപടി    പ്രകാരം ട്രാഫിക് സിഗ്നലുകളിലും അതിവേഗ വീഥികളിലും ഉപയോഗത്തിലുള്ള സാഹിർ ക്യാമറകൾക്ക് പുറമെ ട്രാഫിക് വിഭാഗം സഞ്ചരിക്കുന്ന  നിരീക്ഷണ ക്യാമറക സ്ഥാപിച്ചു തുടങ്ങുകയാണ്. ട്രാഫിക് പൊലീസിന്റെ പട്രോളിംഗ് വാഹനങ്ങളിലാണ് ഇത്തരം ക്യാമറകൾ സ്ഥാപിക്കുന്നത്.   

നിരീക്ഷണ ക്യാമറകളുടെ സ്ഥാനം അറിയുന്നതിനാൽ റോഡുകളിലെ നിയമപാലനത്തിലെ കബളിപ്പിക്കലിന് അറുതി വരുത്തികൊണ്ട് ക്യാമറ കണ്ണുകളിൽ എവിടെ വച്ചും അകപ്പെടാം എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. അമിതവേഗത, അശ്രദ്ധ, സുരക്ഷാ കരുതലിന്റെ അഭാവം      എന്നിവ മൂലമുള്ള റോഡപകടങ്ങൾ പരമാവധി തടയുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ട്രാഫിക് വിഭാഗത്തിന്റെ പുതിയ നീക്കങ്ങൾ.

ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവ കൂടി നിരീക്ഷിച്ചു കൊണ്ടുള്ള ക്യാമറകൾ    പരീക്ഷണാടിസ്ഥാനത്തിൽ ഇതിനകം തന്നെ സ്ഥാപിച്ചു തുടങ്ങിയിരുന്നു. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മായ്ക്കുകയോ മറച്ചു വയ്ക്കുകയോ    ചെയ്യുന്നത് പോലുള്ള കൃത്രിമങ്ങൾ കണ്ടുപിടിക്കാനുള്ള സാങ്കേതികത സ്ഥാപിക്കുന്നതിനുള്ള നീക്കത്തെ കുറിചച്ച് ട്രാഫിക് അധികൃതർ ഇതിനകം വെളിപ്പെടുത്തിയിരുന്നു.    

Car

സൗദിയിലെ ട്രാഫിക് ചട്ടങ്ങളിൽ സമൂലമായ പുനഃപരിശോധന അധികൃതരുടെ സജീവ പരിഗണയിലുള്ള വിഷയമാണ്. ട്രാഫിക് പൊലീസുകാരുടെ  ഉത്തരവാദിത്തം, കൃത്യനിർവഹണം സംബന്ധിച്ച ചട്ടങ്ങൾ നവീകരിക്കുക, പുതിയ സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗപ്പെടുത്തുക, ഡ്രൈവിങ്  സ്‌കൂളുകളുടെ നിയമാവലി പരിഷ്കരിക്കുക തുടങ്ങിയ ട്രാഫിക് രംഗത്തെ സ്ട്രാറ്റജിക് പരിഷ്കരണം ഏറെ വൈകാതെ പൂർത്തിയാകുമെന്നും ട്രാഫിക്  വിഭാഗം ഇതിനകം തന്നെ അറിയിച്ചിരുന്നു. ഗതാഗതനിയമ  ലംഘനങ്ങൾക്കുമുള്ള ശിക്ഷകൾ കൂടുതൽ കടുപ്പമാക്കാനും ട്രാഫിക് വിഭാഗം ഉദേശിക്കുന്നുണ്ട്. നിയമ ലംഘനങ്ങൾ പതിവാക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടയുള്ള ശിക്ഷ ഏർപ്പെടുത്തുന്ന കാര്യവും  പരിഗണനയിലാണ്. ഡ്രൈവിങ് സ്‌കൂൾ നിയമാവലിയും പരിഷ്‌കരിക്കുന്നുണ്ട്.    

സൗദിയിൽ ശരാശരി 20 പേർ ദിനംപ്രതി വാഹനാപകടത്തിൽ മരണപ്പെടുന്നതായും ഓരോ മിനിറ്റിലും ഒരപകടം വീതമുണ്ടാകുന്നുന്നതായും വർഷത്തിൽ ഏഴായിരം പേർ അപകടങ്ങളിൽ മരണപ്പെടുന്നതായും മണിക്കൂറിൽ നാലു പേർക്കു വീതം വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നതായും കണക്കുകൾ    കാണിക്കുന്നു. അതേസമയം, സാഹിർ ക്യാമറകൾ നിലവിൽ വരികയും ലംഘനങ്ങൾക്കുള്ള ശിക്ഷയുടെ കടുപ്പം കൂട്ടുകയും ചെയ്തതോടെ ശ്രദ്ധേയമായ  വിധത്തിൽ അപകട നിരക്കിൽ  കുറവ്  വന്നതായും കണക്കുക  സൂചിപ്പിക്കുന്നുണ്ട്.

സ്ത്രീകൾക്കുള്ള ഡ്രൈവിങ് അനുമതി നടപ്പാക്കുനനതിനു മുന്നോടിയായി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. സ്ത്രീകൾക്കായി  പ്രത്യേക ഡ്രൈവിങ് സ്‌കൂളുകൾ,  ലേഡീസ് പരിശീലകർ തുടങ്ങിയവ ഏർപ്പെടുത്തും.  ക്യാമ്പസുകൾക്കകത്ത് ലേഡീസ് ഡ്രൈവിങ് സ്‌കൂളുകൾ  ആരംഭിക്കുന്നതിന് ഏതാനും യൂണിവേഴ്‌സിറ്റികളുമായി ട്രാഫിക് വിഭാഗം കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.