Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യക്കടത്ത്: മറ്റൊരു ഇന്ത്യൻ വേലക്കാരി കൂടി നാട്ടിലെത്തി

saudi-women

ജിദ്ദ ∙ മനുഷ്യക്കടത്തിലൂടെ സൗദിയിലെത്തിയ മറ്റൊരു ഇന്ത്യൻ വീട്ടുവേലക്കാരി കൂടി ഇന്ത്യൻ എംബസിയുടെ ശ്രമഫലമായി നാടണഞ്ഞു.   പഞ്ചാബ് സ്വദേശിനിയായ സോണിയ ലാൽ ചാന്ദ് ദമാമിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച രാവിലെയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ മാസം പതിമൂന്നിന് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച സോണിയ ലാലിന്റെ കേസ് ശ്രമകരമായ ഇടപെടലിലൂടെ ചുരുങ്ങിയ കാലം കൊണ്ട് വിജയകരമായി പൂർത്തിയാക്കിയതിന്റെ ചാരിതാർഥ്യത്തിലാണ് റിയാദിലെ ഇന്ത്യൻ എംബസി.

ഇന്ത്യയിൽ നിന്ന് നേരിട്ടല്ല സോണിയ ലാൽ സൗദിയിലേയ്‌ക്ക്‌ തൊഴിൽ വീസയിൽ എത്തിയത്. തൊഴിൽ വീസയിൽ വരുന്നതിന്  ഏർപ്പെടുത്തിയ ഇ–മൈഗ്രെഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നുമില്ല. സോണിയ ലാലിന് അറ്റസ്റ്റ് ചെയ്ത വർക്ക് കോൺട്രാക്ട്, ബാങ്ക്  ഗ്യാരണ്ടി തുടങ്ങിയവയും ഉണ്ടായിരുന്നില്ല. ഇവയുടെയൊക്കെ അഭാവത്തിൽ സമീപത്തുള്ള മറ്റൊരു രാജ്യം വഴിയാണ് ഇവരെ സൗദിയിൽ  എത്തിച്ചത്. ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തുന്ന ഏജന്റുമാർ ഒപ്പിച്ചെടുക്കുന്ന സൂത്രം ആണിത്. ഇത്തരം അനുഭവങ്ങൾ പഞ്ചാബിൽ  നിന്ന് പ്രത്യേകിച്ചു വർധിച്ചു വരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇതുപോലുള്ള പതിനഞ്ചോളം കേസുകൾ  ഉണ്ടായതായും റിയാദ്   എംബസിയിലെ കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം കോൺസൽ അനിൽ നോട്ടിയാൽ പറഞ്ഞു. 

ഏതാനും മാസങ്ങൾക്കു മുമ്പ് ദമാമിൽ വീട്ടുവേലയ്ക്കു എത്തിയതായിരുന്നു സോണിയ ലാൽ. ഇവർക്ക് തൊഴിലുടമയിൽ നിന്ന്   അസഹ്യമായ അനുഭവങ്ങളാണ് നേരിടേണ്ടി വന്നതെന്ന് നാട്ടിലെ കുടുംബം കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട്  പരാതിപ്പെടുകയായിരുന്നു. ശമ്പളം ലഭിക്കാതെയും ഭക്ഷണമോ മറ്റു അവശ്യ സൗകര്യങ്ങളോ ലഭിക്കാതെയും സോണിയ ലാൽ സൗദിയിൽ   ദുരിതത്തിലാണെന്നാണ് പരാതി. സ്പോൺസർ മർദനങ്ങൾ ഏൽപ്പിച്ചിരുന്നതായും പരാതിയിലുള്ളതായി എംബസി വൃത്തങ്ങൾ പറഞ്ഞു. 

പരാതി കൈപ്പറ്റിയ വിദേശകാര്യ മന്ത്രാലയം സോണിയ ലാലിനെ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിക്കാൻ വേണ്ടത് ചെയ്യണമെന്ന് റിയാദിലെ  എംബസിയോട് ആവശ്യപ്പെടുകയും അംബാസഡർ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തിൽ എംബസി അധികൃതർ വിഷയത്തിൽ   സത്വരമായി നടത്തിയ ഇടപെടൽ വിജയം കാണുകയുമായിരുന്നു എന്ന് കോൺസൽ അനിൽ നോട്ടിയാൽ വിവരിച്ചു. സോണിയാ ലാലിന്  വീസ നൽകിയ ഏജന്റിനെ കണ്ടെത്തി മുന്നറിയിപ്പ് നൽകുകയും സ്‌പോൺസറെ കളിപ്പിച്ചു വിഷയം അറിയിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.