Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യക്കടത്തിന് ഇരയായ ഇന്ത്യക്കാരിയെ നാട്ടിലെത്തിച്ചു

saba-fatima

ജിദ്ദ∙മനുഷ്യക്കടത്തിൽ ഉൾപ്പെട്ട ഹൈദരാബാദുകാരി പെൺകുട്ടി ഇന്ത്യൻ എംബസ്സിയുടെ  ഇടപെടലിനെ  തുടർന്ന് സ്വദേശത്ത് തിരിച്ചെത്തി. ഒരു വർഷം  മുൻപു സൗദിയിൽ എത്തിയ 24 വയസ്സുകാരി സബാ ഫാത്തിമയെയാണ് റിയാദിലെ ഇന്ത്യൻ  എംബസിയുടെ  ശ്രമഫലമായി ചൊവാഴ്ച നാട്ടിലേയ്ക്ക് തിരിച്ചയച്ചത്. ഒമാൻ  എയർവെയ്‌സ്  വിമാനത്തിൽ ചൊവാഴ്ച രാത്രി  റിയാദിൽ നിന്നു പുറപ്പെട്ട സബാ  ഫാത്തിമ്മ  ബുധനാഴ്ച കാലത്തു  ഹൈദരാബാദിൽ എത്തുമെന്ന് എംബസി കുറിപ്പ് അറിയിച്ചു.

കുട്ടിയുടെ  മാതാവ് മിഹ്‌റാജുന്നിസ  ഇന്ത്യൻ വിദേശകാര്യ  മന്ത്രി സുഷമാ സ്വരാജിനോട്  മകളെ  രക്ഷപ്പെടുത്താൻ  ഇടപെടണമെന്ന്  അഭ്യർത്ഥിച്ചിരുന്നു.  ബ്യൂട്ടിഷ്യൻ  ജോലി  വാഗ്‌ദാനത്തിൽ ഒരു പ്രാദേശിക  ഏജന്റ് മുഖേന  ഒരു  വര്ഷം  മുമ്പാണ് സബാ  ഫാത്തിമ സൗദിയിൽ എത്തിയത്. എന്നാൽ, ഇവിടെ എത്തിയപ്പോൾ സബായ്ക്കു  ലഭിച്ചത് വീട്ടിലെ  വേലയായിരുന്നു. നാട്ടിൽ  നിന്ന് പറഞ്ഞ ശമ്പളം  ലഭിച്ചതുമില്ലെന്നും പരാതി ഉയർന്നു.  അതിനിടെ തൊഴിലുടമയായ സ്പോൺസർ  സബായുടെ  ദേഹത്ത് പൊള്ളുന്ന എണ്ണ ഒഴിച്ചതായി  സബായുടെ  മാതാവ് പറഞ്ഞിരുന്നു.  

വിഷയത്തിൽ ഇടപെട്ട റിയാദിലെ  ഇന്ത്യൻ എംബസ്സി സ്‌പോൺസറെ കണ്ടെത്തുകയും സബായെ നാട്ടിലേയ്ക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വീട്ടുവേലയ്ക്ക്  ഇന്ത്യ പൗരന്മാരെ  അയക്കുന്നതിന് വച്ചിട്ടുള്ള പ്രായപരിധി  മുപ്പതു  വയസ്സാണെന്നും അതുസംബന്ധിച്ച നിയമങ്ങൾ പാലിക്കപ്പെട്ടിരുന്നില്ലെന്നും ഇന്ത്യൻ എംബസിയിലെ ക്ഷേമകാര്യ  വിഭാഗം കോൺസൽ  അനിൽ  നോട്ടിയാൽ പറഞ്ഞു.

അതേസമയം,  തൊഴിലുടമയായ സ്പോൺസർ കുട്ടിയുടെ ദേഹത്തു പൊള്ളുന്ന എണ്ണ  ഒഴിച്ച്  പരുക്കേൽപ്പിച്ചു എന്ന ആരോപണം ശരിയല്ലെന്ന് കോൺസൽ  തുടർന്നു. ജോലിയുടെ  ഭാഗമായി എണ്ണ തന്റെ ശരീരത്തിൽ പതിഞ്ഞിരുന്നെന്നും എന്നാൽ അത് ഉപദ്രവമേൽപിക്കാനായി സ്‌പോൺസറുടെ  കുടുംബം  ചെയ്തതായിരുന്നില്ലെന്നും  സബാ  ഫാത്തിമ്മ  തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്  ഇക്കാര്യം  പറയുന്നതെന്നും  അദ്ദേഹം  വിശദീകരിച്ചു. സബായെ നാട്ടിലേയ്ക്ക്  തിരിച്ചയക്കുന്നതിൽ  സ്പോൺസർ നല്ല  സഹകരണമാണ്  നൽകിയതെന്നും കോൺസൽ അനിൽ  നോട്ടിയാൽ പറഞ്ഞു.

വ്യാജ വാഗ്ദാനങ്ങൾ നൽകിയും നിയമ  നിയന്ത്രണങ്ങൾ പാലിക്കാതെയും തൊഴിലന്വേഷകരെ വിദേശങ്ങളിലേയ്ക്ക് കയറ്റിവിടുന്ന  വീസ  ഏജന്റുമാരാണ്  ഇവിടെ  യഥാർത്ഥ പ്രതികളെന്നാണ് നിരീക്ഷണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.