Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ പൊതുമാപ്പ് കാലം കഴിഞ്ഞു, ഇന്നു മുതൽ ‘പിടികൂടൽ’ യത്നം

saudi

ജിദ്ദ∙ അനധികൃത താമസക്കാരുടെ തിരിച്ചു പോക്കിന് വഴിയൊരുക്കി ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ    സൗദി അറേബ്യ ഏർപ്പെടുത്തിയ പൊതുമാപ്പ് കാലാവധി ചൊവാഴ്ച അവസാനിച്ചു. ഇനിയും, നിയമലംഘകരായി സൗദിയിൽ   തങ്ങുന്നവരെ കാത്തിരിക്കുന്നത് തടവും പിഴയും അടക്കമുള്ള ശിക്ഷകൾ. ഇതിനുള്ള പരിശോധനകൾ ഇന്നു മുതൽ ‍ഊർജിതമായി    ആരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. തൊഴില്‍, ഇഖാമ നിയമലംഘകരെ പിടികൂടാനുള്ള പരിശോധനാ യത്നത്തിൽ ആഭ്യന്തര,  തൊഴില്‍ മന്ത്രാലയങ്ങളോടൊപ്പം മറ്റു അനുബന്ധ മന്ത്രാലയങ്ങളും വകുപ്പുകളും പങ്കാളികളാകും.

കഴിഞ്ഞ മാർച്ച് 28നായിരുന്നു നിയമലംഘകരായി ഒരു പ്രവാസിയും രാജ്യത്തു തങ്ങുന്നില്ലെന്നു ഉറപ്പാക്കാനുള്ള ആദ്യഘട്ടം ആരംഭിച്ചത്.   അതായിരുന്നു പൊതുമാപ്പ് പ്രഖ്യാപനം. അനധികൃതരായിട്ടുള്ളവർക്കെല്ലാം പിഴയോ ശിക്ഷയോ നേരിടാതെ നിയമാനുസൃതമായി വീണ്ടും  സൗദിയിലേക്ക് തിരിച്ചു വരാനുള്ള അവസരം നിലനിർത്തികൊണ്ടുമായിരുന്നു പൊതുമാപ്പ്. പിന്നീട്, ഇതിന്റെ കാലാവധി രണ്ടു  സന്ദർഭങ്ങളിലായി നീട്ടുകയും ചെയ്യുകയുണ്ടായി. ഇതാണ് ചൊവാഴ്ച അവസാനിച്ചത്. തുടന്ന് രണ്ടാം ഘട്ടമെന്ന നിലയിൽ    നിയമലംഘകരെ പിടികൂടാനുള്ള കർശന പരിശോധന ഇന്നു മുതൽ ആരംഭിക്കുകയും ചെയ്തു.

പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി ഇന്ത്യക്കാരുൾപ്പെടയുള്ള പതിനായിരങ്ങളാണ് സ്വദേശത്തേയ്ക്ക് മടങ്ങിയത്.  തങ്ങളുടെ പൗരന്മാർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി സൗദിയിൽ നിന്ന് മടങ്ങുന്നുവെന്നു ഉറപ്പു വരുത്താൻ വിവിധ രാജ്യങ്ങളുടെ  നയതന്ത്ര കേന്ദ്രങ്ങൾ ശ്രമിച്ചിരുന്നു. ഇക്കാര്യത്തിൽ വളരെയേറെ മുൻപന്തിയിലായിരുന്നു റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ  ഇന്ത്യൻ കോൺസുലേറ്റും. സാമൂഹ്യ പ്രവർത്തകരുടെ സഹകരണത്തോടെ വിജയകരമായിത്തീർന്ന ഉദ്യമത്തിലെ മലയാളി പങ്കാളിത്തം   വമ്പിച്ചതായിരുന്നു.

അനധികൃതമായി രാജ്യത്ത് തങ്ങുന്നതും അത്തരക്കാർക്കു താമസ, തൊഴിൽ, വാഹന സൗകര്യങ്ങൾ നൽകുന്നതും കുറ്റകരമാണ്​. ഇവർക്ക്   തടവും പിഴയും ശിക്ഷയായി ലഭിക്കും. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ 999 നമ്പറില്‍ ആഭ്യന്തര വകുപ്പിനെ വിവരം   അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. അതേസമയം, തൊഴിൽ, താമസ നിയമലംഘനങ്ങൾ തേടിയുള്ള   പരിശോധനകൾ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോൾ തന്നെ നടക്കുന്നുണ്ട്. ഇന്നു മുതൽ കൂടുതൽ വ്യാപകമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.