Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ സർട്ടിഫിക്കറ്റ്: മലയാളി നഴ്‌സുമാരുടെ മോചനത്തിന് ഇന്ത്യൻ കോൺസുലേറ്റ് ഇടപെടുന്നു

NURSE-sad

ജിദ്ദ∙ ജയിലിൽ  കഴിയുന്ന മലയാളി നഴ്‌സുമാരുടെ മോചനത്തിന്  ജിദ്ദ ഇന്ത്യൻ  കോൺസുലേറ്റ് ഇടപെടുന്നു.  വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുപയോഗിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ അനധികൃതമായി ജോലി നേടിയെടുത്ത കുറ്റത്തിന്  രണ്ടു മലയാളി നഴ്‌സുമാരാണ്  ജയിലിലുള്ളത്. സമാനമായ കേസില്‍പ്പെട്ട് ഒരു മാസത്തോളം തടവില്‍ കഴിഞ്ഞിരുന്ന മറ്റൊരു  മലയാളി നഴ്‌സിന്  ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. കേസ് അവസാനിച്ചാല്‍ മാത്രമേ അവർക്ക് നാട്ടിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ .

ആരോഗ്യമന്ത്രാലയത്തിന്റെ വ്യവസ്ഥപ്രകാരം നഴ്‌സുമാർ സൗദി  കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.  കമ്മീഷന്‍ നടത്തിയ വിശദമായ പരിശോധനയില്‍ പ്രവൃത്തി പരിചയ ‌സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. നാട്ടില്‍ നിന്നും ഏജന്റുമാരാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത്. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന മൂവരും കോട്ടയം പാലാ സ്വദേശിനികളാണ്.

കോണ്‍സുലര്‍ സംഘം ഒരു മണിക്കൂറോളം തടവില്‍ കഴിയുന്ന  നഴ്‌സുമാരുടെ വിഷയത്തിൽ തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. വൈസ് കോൺസൽ ശിവലാൽ മീണ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹമ്മദ് ഫൈസൽ എന്നിവരാണ് ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയത്.

തടവിലുള്ള രണ്ടു നഴ്‌സുമാരും വിചാരണയുടെ ഭാഗമായി ജിദ്ദ കോടതിയിൽ ഹാജരാകേണ്ടതിനാൽ ജിദ്ദയിലെ ജയിലിലാണിപ്പോഴുള്ളത്. വിചാരണ പൂർത്തിയായാൽ തായിഫ് ജയിലിലേക്ക് മാറ്റും. തടവിലുള്ള ഒരാളുടെ കേസിൽ ആയിരം റിയാൽ പിഴയും ഒരു വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റേയാളുടെ കേസിൽ അടുത്തയാഴ്ചയോടെ വിധി ഉണ്ടാകുമെന്നാണ് അറിയുന്നത്.

നഴ്‌സുമാരുടെ  മോചനത്തിന് വേണ്ട നടപടികളുമായി മുന്നോട്ടു പോകുമെന്ന് കോൺസുലർ സംഘം പറഞ്ഞു. റാനിയയിലും, അൽ ഖുർമയിലും, തായിഫ് കിങ് ഫൈസൽ ആശുപത്രിയിലും ജോലി ചെയ്‌ത നഴ്സുമാരാണ് പിടിയിലായവർ. ഏതാനും മാസം മുമ്പ് കോൺസുലർ സംഘം നഴ്‌സുമാരെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ജിദ്ദ ആരോഗ്യ മന്ത്രാലയം അധികൃതർ കോൺസുലേറ്റ് ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.