Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിങ് ഫഹദ് ഖുർആൻ കോംപ്ലെക്‌സിൽ 29.8 കോടി ഖുർആൻ വിതരണം ചെയ്‌തു

KING-FAHAD-QURAN-PRESS-1

മദീന ∙ കിങ് ഫഹദ് ഖുർആൻ കോംപ്ലെക്‌സിൽ ഇതുവരെ 29.8 കോടി ഖുർആൻ പ്രതികൾ വിതരണം ചെയ്‌തതായി അധികൃതർ അറിയിച്ചു. 33 വർഷത്തിനിടെ 298906630 കോപ്പികളാണ് വിതരണം ചെയ്‌തത് .  ലോകത്ത് ഏറ്റവും കൂടുതൽ ഖുർആൻ അച്ചടിച്ച്‌ വിതരണം ചെയ്യുന്ന സ്ഥാപനമാണ്‌ സൗദി അറേബ്യയിലെ മദീനയിൽ സ്ഥിതി ചെയ്യുന്ന കിങ്  ഫഹദ് ഖുർആൻ അച്ചടിശാല.

ഖുർആന്റെ അച്ചടിയും പ്രചാരണവും ലക്ഷ്യമാക്കി 1984-ൽ അന്നത്തെ സൗദി ഭരണാധികാരി  ആയിരുന്ന ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌ രാജാവാണ്   അദ്ദേഹത്തിന്റെ പേരിലുള്ള ഈ സ്ഥാപനം തുടങ്ങിയത്. ഓരോ വർഷവും  വിവിധ വലിപ്പത്തിലുള്ള 10 മില്യൻ മുസ്ഹഫുകൾ ഇവിടെ അച്ചടിക്കുന്നുണ്ട്. കൂടാതെ മലയാളം ഉൾപ്പെടെ 40-ലധികം ലോകഭാഷകളിൽ ഖുർആൻ തർജമകളും ഖുർആൻ പാരായണത്തിന്റെ ആറ് രൂപങ്ങളിലുള്ള കസെറ്റുകളും സിഡികളും ഖുർആൻ അച്ചടി ശാലയിൽ  പുറത്തിറക്കുന്നുണ്ട്.

മദീന കിങ്  ഫഹദ് ഖുർആൻ അച്ചടി കേന്ദ്രം ഖുർആൻ അച്ചടിക്കുന്നതിനും  വിതരണത്തിനും നൽകുന്ന പരിഗണനയുടെ ഭാഗമായി ഖുർആൻ കാലിഗ്രഫി തയാറാക്കുന്നവരുടെ രാജ്യാന്തര  സംഗമവും വിവിധ പ്രദർശനങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ഖുർആൻ അച്ചടി ആസ്പദമാക്കി തയാറാക്കപ്പെട്ട പ്രബന്ധങ്ങളുടെ അവതരണം, അച്ചടി രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളുടെ പ്രദർശനം തുടങ്ങിയവയും നടക്കുന്നു.

കൂടാതെ അറബി കൈയെഴുത്ത് കലയുടെ ചാരുത വ്യക്തമാക്കുന്ന അറബി കാലിഗ്രഫിയുടെ പ്രദർശനവും നടത്താറുണ്ട്‌. ഖുർആൻ അച്ചടി രംഗത്തെ ശാസ്ത്രീയ നിരീക്ഷണങ്ങൾ, ചരിത്രം, സാങ്കേതികവഴികൾ, അസംസ്‌കൃത വസ്തുക്കൾ തുടങ്ങി വിവിധ സെമിനാറുകളും ഇവിടെ നടക്കാറുണ്ട്. മദീനയിലെത്തുന്ന തീർഥാടകർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലൊഴികെ രാവിലെ 9.30 മുതൽ 11.30 വരെ ഖുർആൻ അച്ചടിശാല കാണാൻ സൗകര്യമുണ്ട്. സന്ദർശകർക്ക് ഒരു മുസ്ഹഫ് ഇവിടെ നിന്ന് സൗജന്യമായി നൽകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.