Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിദ്ദ ജയിലിൽ കഴിയുന്ന മുജീബ്‌ റഹ്മാനെ സഹായിക്കാൻ ദമാമിലും പൊതുകമ്മിറ്റി

mumbai-jail

ദമാം ∙ വാഹനാപകടത്തെ തുടർന്ന് വൻതുക നഷ്ടപരിഹാരം നൽകാൻ കഴിയാതെ ജിദ്ദയിലെ  ജയിലിൽ കഴിയുന്ന കോഴിക്കോട് മുക്കം കാരമൂല സ്വദേശി  മുജീബ്‌റഹ്മാനെ സഹായിക്കാൻ ദമാമിലും പൊതുകമ്മിറ്റി നിലവിൽ വന്നു.

സാമൂഹ്യപ്രവർത്തകരും  സംഘടനാ പ്രതിനിധികളും യോഗത്തിൽ  പങ്കെടുത്തു. 2016 ഫെബ്രുവരിയിൽ ജിദ്ദയിൽ വെച്ച് മുജീബ് ഓടിച്ചിരുന്ന കൊറോള കാർ ഒരു രാജകുടുംബാംഗത്തിന്റെ ആഡംബര കാറായ ആസ്റ്റൺ മാർട്ടിനിൽ ഇടിക്കുകയും അപകടത്തിന്റെ ഉത്തരവാദിത്തം മുജീബിന്റെ  പേരിൽ ചുമത്തപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് മുജീബ് ജയിലിലകപ്പെട്ടത്. രാജകുമാരന്റെ കാറിന്  സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിന് 10,85,000 റിയാൽ (ഏകദേശം 1.9 കോടി ഇന്ത്യൻ രൂപ) നൽകണമെന്നാണ് ഇൻഷുറൻസ് കമ്പനിയുടെ നിർദ്ദേശം. 

മുജീബിന്റെ വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് മുഴുവൻ തുകയും മുജീബ് വഹിക്കേണ്ട അവസ്ഥയാണ്. നിർധന കുടുംബത്തിന്റെ ആശ്രയമായ മുജീബിന് ഈ തുക സ്വയം നൽകാനുള്ള ശേഷിയില്ല. ഉദാരമതികളുടെ സഹായത്തിലാണ് ഇനി മുജീബിന്റെ പ്രതീക്ഷ. ജിദ്ദയിലും റിയാദിലും ഇതിനകം ആക്ഷൻ കമ്മിറ്റികൾ നിലവിൽ വന്നിട്ടുണ്ട്. ദമാമിലും കമ്മിറ്റി രൂപീകരിച്ചതോടെ വിവിധ പ്രവിശ്യകളിലെ സാമൂഹ്യ പ്രവർത്തകരെ ഏകോപിപ്പിച്ച് മുജീബിനെ സഹായിക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും ഇനിയുണ്ടാവുക. 

യോഗത്തിൽ അഹ്മദ് പുളിക്കൽ (മുഖ്യരക്ഷാധികാരി), മുഹമ്മദ് നജാത്തി (ചെയർമാൻ), അൻവർ മുക്കം (ജനറൽ കൺവീനർ), മുജീബ് കളത്തിൽ (ജോ: കൺവീനർ) എന്നിവർ ഭാരവാഹികളായി മുജീബ് സഹായ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മൻസൂർ പള്ളൂർ, ഇ.എം. കബീർ, ആലിക്കുട്ടി ഒളവട്ടൂർ, ഷാജി മതിലകം, റഹ്മാൻ കാരയാട്, റഹീം മാടത്തറ, അസീസ് റോസ്, സുനീർ ചെറുവാടി, നമീർ ചെറുവാടി, സഹൽ നീലിയത്ത്, ജാഫർ കൊണ്ടോട്ടി, അബൂബക്കർ കല്ലടി, ഹമീദ് വടകര, ഉമ്മർ ഓമശ്ശേരി, റഫീക്ക് കൂട്ടിലങ്ങാടി എന്നിവരെ തിരഞ്ഞെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.