Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോ സ്റ്റേഷനുകളുടെ ഇലക്ട്രിക്കൽ ജോലികളുടെ കരാർ ഇന്ത്യൻ കമ്പനിക്ക്

metro-dhoha

ദോഹ ∙ ദോഹ മെട്രോ സ്റ്റേഷനുകളുടെ ഇലക്ട്രിക്കൽ, ഓട്ടമേഷൻ ജോലികൾക്കായി ഇന്ത്യൻ കമ്പനിയായ ലാർസൺ ആൻഡ് ടൂബ്രോയ്ക്ക് (എൽആൻഡ്ടി) 500 കോടി രൂപയുടെ കരാർ. ദോഹ മെട്രോയുടെ ആദ്യഘട്ടത്തിലെ 37 സ്റ്റേഷനുകളുടെ പൂർണ ഇലക്ട്രിക്കൽ കരാറാണ് നൽകിയിരിക്കുന്നത്.

ഒൻപതു കരാറുകളിലായി സ്റ്റേഷന്റെ അഞ്ചുവർഷത്തെ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള ചുമതലയുണ്ട്. എൽആൻഡ്ടി കമ്പനിയുടെ യുഎഇയിലെ ഇലക്ട്രിക്കൽ ഓട്ടമേഷൻ വിഭാഗമാണു ജോലി നിർവഹിക്കുകയെന്നു കമ്പനി അറിയിച്ചു. രണ്ടു ഘട്ടങ്ങളായി നിർമിക്കുന്ന ദോഹ മെട്രോയുടെ ആദ്യഘട്ടത്തിൽ മൂന്നു പാതകളാണുള്ളത്. 111 കിലോമീറ്ററും 37 സ്റ്റേഷനുകളുമാണ് ആദ്യഘട്ടത്തിലുള്ളത്. 2018 ഓഗസ്റ്റിൽ പൂർത്തീകരിക്കുകയാണു ലക്ഷ്യം.

ദോഹ മെട്രോ ഗോൾഡ് ലൈനിന്റെ നിർമാണത്തിലും എൽആൻഡ്ടി കമ്പനി പങ്കാളികളാണ്. ഗോൾഡ് ലൈനിന്റെ ഡിസൈൻ, നിർമാണം എന്നിവയിലാണ് എൽആൻഡ്ടി കൂടി പങ്കാളികളായ സംയുക്ത സംരംഭം പ്രവർത്തിക്കുന്നത്. 270 കോടി ഖത്തർ റിയാലിന്റേതാണു (4510 കോടി രൂപ) ഈ കരാർ. ഗ്രീക്ക് കമ്പനിയായ അക്തറാണു സംയുക്ത സംരംഭത്തിനു നേതൃത്വം നൽകുന്നത്. എൽആൻഡ്ടിക്കു പുറമെ തുർക്കിയിലെ യപി മെർകെസി, എഫ്ടിഎഫ്എ, ഖത്തറിലെ അൽ ജാബർ എൻജിനീയറിങ് കമ്പനി എന്നിവയാണു കൺസോർഷ്യത്തിലുള്ളത്. എൽആൻഡ്ടിയുടെ ഹെവി സിവിൽ ഇൻഫ്രാസ്ട്രക്ചർ ബിസിനസ് യൂണിറ്റാണു കരാറിലുള്ളത്. ഈ കരാർ ജോലികൾ അന്തിമ ഘട്ടത്തിലാണ്.

ലോകകപ്പിനായി പുനർനിർമിക്കുന്ന റയ്യാൻ സ്റ്റേഡിയത്തിന്റെ നിർമാണ കരാറും കഴിഞ്ഞവർഷം എൽആൻഡ്ടി നേടിയിരുന്നു. 49 കോടി റിയാൽ ചെലവിലാണു 40,000 പേർക്കു കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയം നിർമിക്കുന്നത്. ഇതിന്റെ പണി പുരോഗമിക്കുകയാണ്. ഖത്തറിലെ വിവിധ സബ് സ്റ്റേഷൻ നിർമാണത്തിലും എൽആൻഡ്ടി പങ്കാളികളാണ്.

മെട്രോ 70 ശതമാനം ഈ വർഷം തന്നെ

ദോഹ മെട്രോയുടെ 70 ശതമാനം ജോലികളും ഈ വർഷം തന്നെ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണു ഖത്തർ റെയിൽ അധികൃതർ. സ്റ്റേഷനുകളുടെ നടത്തിപ്പും സൗകര്യമൊരുക്കലും സംബന്ധിച്ച മറ്റു കരാറുകളും ഈ വർഷം തന്നെ നൽകും. തുരങ്കനിർമാണം കഴിഞ്ഞവർഷം തന്നെ പൂർത്തിയാക്കിയിരുന്നു. പാളങ്ങൾ പാകുന്ന ജോലിയാണു പുരോഗമിക്കുന്നത്. ഈ വർഷം തന്നെ പാത നിർമാണം പൂർത്തിയാക്കും. ഇതിനായി 41,000 തൊഴിലാളികളെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇലക്‌ട്രിക്കൽ സബ്‌സ്‌റ്റേഷനുകൾ, കൺട്രോൾ സെന്റർ, സ്‌റ്റേഷനുകൾ എന്നിവയുടെ ജോലികളും പാതയൊരുക്കലിനു സമാന്തരമായി നടക്കുന്നുണ്ട്‌. ഒട്ടുമിക്ക സ്‌റ്റേഷനുകളുടെയും ഫൗണ്ടേഷൻ ജോലികൾ ഇതിനോടകം പൂർത്തിയായി. തറനിരപ്പിൽ നിന്ന്‌ ഏറെ ഉയർന്ന അഞ്ചു സ്‌റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്ലാബുകൾ സ്‌ഥാപിച്ചു കഴിഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.