Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്തുവിനെയും മാക്ബത്തിനെയും അറിയാത്ത തലമുറ ആശങ്കപ്പെടുത്തുന്നു: ജയരാജ്

veeram വീരം സിനിമയെക്കുറിച്ച് സംവിധായകൻ ജയരാജ് വിശദീകരിക്കുന്നു. ചന്ദ്രമോഹൻപിള്ള, കുനാൽ കപൂർ എന്നിവർ സമീപം

ദോഹ ∙ പുതുതലമുറയ്ക്ക് ചന്തുവിനെയും മാക്ബത്തിനെയും അറിയാത്തത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് പ്രശസ്ത സംവിധായകൻ ജയരാജ്. വീരം സിനിമയുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ടു ദോഹയിലെത്തിയതായിരുന്നു അദ്ദേഹവും ചിത്രത്തിലെ നായകൻ കുനാൽ കപൂറും. സിനിമയുടെ പ്രമോഷനുമായി കോളജുകളിൽ പോയപ്പോൾ ചന്തുവിനെ അറിയാവുന്നവർ കൈപൊക്കാൻ പറഞ്ഞപ്പോൾ ആർക്കും അറിയില്ല.

ചിലർക്കു വടക്കൻ വീരഗാഥയിൽ നിന്നുള്ള ചില ഭാഗങ്ങൾ മാത്രമാണ് അറിയാവുന്നത്. ഇംഗ്ലിഷ് സാഹിത്യ വിദ്യാർഥികൾക്കു മാത്രമാണു മാക്ബത്തിനെ അറിയാവുന്നത്. നമ്മുടെ ചരിത്രവും നാടൻ കഥകളും അറിയാതെയാണു പുതുതലമുറ വളരുന്നത് എന്നത് ആശങ്കപ്പെടുത്തുന്നു. നല്ല വായനാസംസ്കാരമുള്ള പ്രവാസി സമൂഹത്തിൽ ചിത്രം നന്നായി സ്വീകരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികൾ സ്വീകരിക്കാൻ ഇഷ്ടമാണെന്നും വീരം എന്ന ചിത്രം അതിന്റെ പൂർത്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ വീരഗാഥയിലൂടെ പ്രേക്ഷക മനസ്സിൽ പതിഞ്ഞ ചന്തുവെന്ന കഥാപാത്രത്തെ എങ്ങനെ വ്യത്യസ്തമായി ചെയ്യും എന്നതായിരുന്നു വെല്ലുവിളി. മാക്ബത്തിനെ കഥാപാത്രമായി ഒട്ടേറെ പ്രമുഖ സംവിധായകർ സിനിമ ചെയ്തിട്ടുണ്ടെന്നുള്ളതും തുടക്കത്തിലെ വെല്ലുവിളിയായിരുന്നു. ചതിയുടെ പ്രതിരൂപമാണു മാക്ബത്ത്. മാക്ബത്തിനോടു ചേർന്നു നിൽക്കുന്ന കഥാപാത്രമാണ് ചന്തു. ഒരുപാട് സമാനതകൾ ഇവർ തമ്മിലുണ്ട്. ഇതു സമന്വയിപ്പിച്ചാണു കഥാപാത്രത്തിനു രൂപം നൽകിയത്. ആധികാരികതയ്ക്കു വേണ്ടി വടക്കൻ മലബാറിലെ പ്രാചീന മലയാളം അങ്ങനെ തന്നെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു.

സിനിമയുടെ കാലഘട്ടം ചിത്രീകരിക്കാൻ അജന്ത, എല്ലോറ ലൊക്കേഷനും സഹായകരമായി. ഗ്രാഫിക്സിനു മാത്രമായി ഗ്രാഫിക്സ് ചെയ്തിട്ടില്ല. പകരം സിനിമയോടു ചേർന്നു പോകുന്ന രീതിയിൽ ആവശ്യത്തിനു മാത്രം സാങ്കേതിക മികവോടെ ചെയ്യുക എന്നതാണു പരീക്ഷിച്ചത്. അതുകൊണ്ടു തന്നെ ഏതു ഭാഗത്താണു ഗ്രാഫിക്സ് ഉപയോഗിച്ചതെന്നു ചിത്രം കാണുന്നവർക്കു പെട്ടെന്നു മനസ്സിലാക്കാനാകില്ല.

ദോഹയിൽ നിന്നുള്ള നിർമാതാക്കളായ ചന്ദ്രമോഹൻ പിള്ളയും പ്രദീപ് രാജനും പൂർണ സഹകരണമാണു നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആയോധനകലകളുടെ മാതാവാണു കളരിയെന്നും എന്നാൽ അതിനെ വേണ്ടവിധം പ്രചരിപ്പിക്കാൻ നമ്മൾക്കു സാധിച്ചിട്ടില്ലെന്നും ചിത്രത്തിലെ നായകൻ കുനാൽ കപൂർ പറഞ്ഞു. അഭിനയ സ്കൂളിലും തന്നെ ആദ്യം പരിശീലിപ്പിച്ചത് കളരിയായിരുന്നു. ചിത്രത്തിനായി ആറു മാസം കളരി പരിശീലനം നടത്തി. ജപ്പാനിലെയും ചൈനയിലെയും ആയോധനകലകൾ ലോകം അറിയുമ്പോൾ കളരി പോലെയുള്ള മികവാർന്ന ആയോധന കലകൾ നമ്മൾ വിസ്മരിക്കുകയാണ്. വീരം പോലെയുള്ള സിനിമകൾ ഇത്തരം ആയോധന കലകൾക്ക് ഉണർവുണ്ടാക്കുമെന്നാണു പ്രതീക്ഷ. സിനിമയുടെ ഹിന്ദി, ഇംഗ്ലിഷ് പതിപ്പുകൾ അടുത്തു തന്നെ പുറത്തിറങ്ങും.

അതിനു വേണ്ടി പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലിഷ്, ഹിന്ദി പതിപ്പുകളുടെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ നടന്നു വരികയാണെന്നും അതിനു ശേഷമേ നിർമാണ ചെലവു സംബന്ധിച്ചു വ്യക്തത വരൂവെന്നും നിർമാതാവ് ചന്ദ്രമോഹൻ പിള്ള പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.