Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെസേർട്ട്‌ ക്യാംപിലെ ഹീറ്റർ ഉപയോഗം; തീപിടിത്തമൊഴിവാക്കാൻ ശ്രദ്ധ വേണം

UAE-FIRE

ദോഹ ∙ ശൈത്യകാലത്തു ഹീറ്ററുകളും മറ്റും ഉപയോഗിക്കുന്നവർ അശ്രദ്ധമൂലം തീപിടിത്തം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ ആഭ്യന്തരമന്ത്രാലയം. വീടുകളിലും ശൈത്യകാല തമ്പുകളിലും നെരിപ്പോടും ഹീറ്ററുകളും ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധവേണം. മികച്ച ഗുണനിലവാരമുള്ള ഹീറ്ററുകളേ ഉപയോഗിക്കാവൂ.

ഇവ സോക്കറ്റുകളോടു കഴിയുന്നത്ര അടുപ്പിച്ചുവയ്‌ക്കണം. എക്‌സ്‌റ്റൻഷൻ കോർഡുകൾ ഉപയോഗിച്ച്‌ ഒന്നിലധികം ഹീറ്ററുകൾ ഒന്നിച്ച്‌ ഉപയോഗിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം ഓർമപ്പെടുത്തുന്നു. നെരിപ്പോടുകൾ ഉപയോഗിക്കുമ്പോൾ പുക പുറത്തുകളയാൻ ആവശ്യമായ സൗകര്യമുറപ്പാക്കണം. കിടപ്പുമുറിയിൽ പുക തിങ്ങിയാൽ ഉറക്കത്തിൽ അറിയില്ല. ക്രമേണ ആളുകൾ അബോധാവസ്‌ഥയിലാകാനും ശ്വാസംമുട്ടി മരിക്കാനും ഇടയുണ്ടെന്നു മന്ത്രാലയം മുന്നറിയിപ്പു നൽകുന്നു. ഹീറ്ററുകൾ ഇടനാഴികളിലോ എളുപ്പം തീപിടിക്കുന്ന വസ്‌തുക്കൾക്കു സമീപത്തോ വയ്‌ക്കരുത്‌.

കുട്ടികൾ ഇവയ്‌ക്കടുത്തെത്തുന്നില്ലെന്ന്‌ ഉറപ്പാക്കണം. ഹീറ്ററുകൾ ഓൺചെയ്‌ത്‌ ഉറങ്ങുന്നത്‌ അപകടസാധ്യത കൂട്ടും. ഡെസേർട്ട്‌ ക്യാംപുകളിൽ അഗ്നിബാധയ്‌ക്കിടയാക്കുന്നതു തമ്പുകൾക്കും കാരവനും ഉള്ളിലെ നെരിപ്പോടാണ്‌. ഈ നെരിപ്പോടുകൾ ഉറങ്ങാൻ കിടക്കുംമുൻപ്‌ അണയ്‌ക്കണം. തമ്പുകളിലും കാരവനിലും ഫയർ എക്‌സ്‌റ്റിങ്ഗ്വിഷർ എപ്പോഴും കരുതണം. ഗ്യാസ്‌ ഹീറ്ററുകൾ ഉപയോഗിക്കുമ്പോഴാണ്‌ ഏറ്റവുമധികം കരുതൽ വേണ്ടത്‌. ഹീറ്ററിന്റെയോ കുഴലിന്റെയോ തകരാർമൂലം പ്രകതിവാതകമോ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്‌സൈഡോ ചോർന്നാൽ ശ്വാസംമുട്ടൽ മുതൽ വൻ അഗ്നിബാധയ്‌ക്കുവരെ സാധ്യതയുണ്ട്‌. ഗ്യാസ്‌ ഹീറ്ററുകളും സ്‌റ്റൗവുകളും തമ്പിനു പുറത്തുവച്ച്‌ ഉപയോഗിക്കുന്നതാണു സുരക്ഷിതം.

ഇവ ജനറേറ്ററുകളിൽനിന്നും ജനറേറ്ററിൽ ഉപയോഗിക്കാനുള്ള ഇന്ധനത്തിൽനിന്നും പരമാവധി അകലെ സൂക്ഷിക്കണം. ഇന്ധനപ്പാട്ടകൾ ചോരാത്തവിധം മുറുക്കിയടയ്ക്കണം. കുട്ടികൾ എടുക്കാത്ത സ്‌ഥലത്താവണം ഇവ സൂക്ഷിക്കേണ്ടത്‌. അപകടമുണ്ടായാലുടൻ 999ൽ വിളിച്ച്‌ ആംബുലൻസ്‌, സിവിൽ ഡിഫൻസ്‌ സഹായം ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.