Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക കേരള സഭ പ്രതീക്ഷയോടെ പ്രവാസിലോകം; തീരുമാനങ്ങളിൽ കണ്ണുനട്ട് മലയാളികൾ

doh-lokakerala-sabha-5-col

ദോഹ ∙ ഇന്നു തിരുവനന്തപുരത്ത് ആരംഭിക്കുന്ന ലോക കേരള സഭയെ ഏറെ പ്രതീക്ഷയോടെയാണു പ്രവാസികൾ നോക്കുന്നത്. പ്രവാസി പ്രതിനിധികളുടെ പങ്കാളിത്തത്തോടെയുള്ള സ്ഥിരം സംവിധാനം രൂപപ്പെടുന്നത് ആദ്യമായാണ് എന്നതാണ് അതിൽ ഏറെ പ്രധാനപ്പെട്ട കാര്യം.

നയപരമായി കൈക്കൊള്ളുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ കാലമേറെ എടുക്കുമെങ്കിലും പ്രതീക്ഷയുള്ള പ്രഖ്യാപനങ്ങളെങ്കിലും പ്രവാസികൾ പ്രതീക്ഷിക്കുന്നു. പ്രവാസികൾക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ടെന്നും അത് എത്രത്തോളം സഫലമാകുമെന്നു പറയാനാവില്ലെന്നും ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുന്നാസർ നാച്ചി പറഞ്ഞു. ഇത്തരമൊരു സംരംഭം ആദ്യമായാണു പ്രവാസികൾക്കുവേണ്ടി കേരള സർക്കാർ ആവിഷ്കരിക്കുന്നത്.

പ്രവാസികൾക്ക് ഒട്ടേറെ പ്രശ്നങ്ങൾ പറയാനുണ്ട്. അതിൽ യാത്രാപ്രശ്നം മുതൽ ഒട്ടേറെ കാര്യങ്ങളുണ്ടെന്നും അബ്ദുന്നാസർ നാച്ചി പറഞ്ഞു. ഖത്തറിൽനിന്നുള്ള പ്രമുഖ സംഘടനകളായ കെഎംസിസി, ഇൻകാസ്, സംസ്കൃതി എന്നിവയുടെ പ്രതിനിധികളെല്ലാം ലോക കേരള സഭയിൽ അംഗങ്ങളാണ്. കുവൈത്ത് ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിൽനിന്നും കെഎംസിസി പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുക്കുന്നുണ്ടെന്ന് അബ്ദുന്നാസർ നാച്ചി പറഞ്ഞു. ഉപജീവനത്തിനുവേണ്ടി പ്രവാസികളായ മലയാളികളെ ആ രീതിയിൽത്തന്നെ സർക്കാർ പരിഗണിക്കണമെന്നു ഖത്തറിലെ സാമൂഹിക പ്രവർത്തകനായ അബ്ദുറഊഫ് കൊണ്ടോട്ടി പറഞ്ഞു. താഴ്ന്ന വരുമാനത്തിൽ ജോലി ചെയ്യുന്ന ഒട്ടേറെപ്പേർ പ്രവാസലോകത്തുണ്ട്.

എന്നാൽ, അവരുടെ ചെറിയ സമ്പാദ്യത്തിനു സംരക്ഷണം ഉറപ്പു നൽകാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ കേരള സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉഡാൻ പദ്ധതി മാതൃകയിൽ താഴ്ന്ന വരുമാനക്കാർക്കു സബ്സിഡിയോടെയുള്ള വിമാനയാത്രാ പദ്ധതി വേണം. കേന്ദ്രസർക്കാരിന്റെ പല പെൻഷൻ പദ്ധതികളിലും നിലവിൽ പ്രവാസികൾക്കു പങ്കാളികളാകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

അടൽ പെൻഷൻ യോജന പോലെ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതികളിൽ നിലവിൽ പ്രവാസികൾക്കു ചേരാനാവില്ല. ഈ രീതികളിൽ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷകൾക്കും ചർച്ചകൾക്കുമിടയിലും, ലോക കേരള സഭയെക്കുറിച്ച് അറിയാത്ത പ്രവാസികളും ഏറെയാണ്. ജീവിതത്തിലെ ഓട്ടത്തിനിടയിൽ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയാൻ എവിടെയാണു നേരമെന്നാണു ലോക കേരള സഭയെക്കുറിച്ചു ചോദിച്ചപ്പോൾ ഒരു മലയാളി ടാക്സി ഡ്രൈവർ പറഞ്ഞ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.