Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി നാടകോൽസവത്തിൽ ഖത്തറിൽ നിന്നുള്ള നാടകവും

KTM17D34559_MED_DOH2

ദോഹ ∙ ലോക കേരള സഭയോട് അനുബന്ധിച്ചു ജനുവരി ഒന്നു മുതൽ ഏഴുവരെ കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന പ്രവാസി നാടകോൽസവത്തിൽ ഖത്തറിൽ നിന്നുള്ള നാടകവും. കേരള സർക്കാരും കേരള സംഗീത നാടക അക്കാദമിയും ചേർന്നു സംഘടിപ്പിക്കുന്ന നാടകോൽസവത്തിൽ ഖത്തറിലെ ‘കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ‘തോടിനപ്പുറം പറമ്പിനപ്പുറം’ എന്ന നാടകമാണ് അവതരിപ്പിക്കുക.

നാലിനു വൈകിട്ട് 6.30നാണു ‘തോടിനപ്പുറം പറമ്പിനപ്പുറം’ നാടകം അവതരിപ്പിക്കുക. 2015 ൽ കേരള സംഗീത നാടക അക്കാദമി നടത്തിയ പ്രവാസി നാടക മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകമാണു ‘തോടിനപ്പുറം പറമ്പിനപ്പുറം’. നാടകത്തിലെ അഭിനയത്തിനു പി.പി.എം.ഫിറോസിന് ഏറ്റവും മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. അജയ് വേൽ സംവിധാനം ചെയ്യുന്ന നാടകത്തിൽ പി.പി.എം.ഫിറോസ്, കമാൽ കൂറ്റനാട്, ജംഷിദ് കേച്ചേരി, സ്മിജാൻ, ഷാഹുൽ, നിഹാരിക പ്രദോഷ്, ഫൈസൽ തുടങ്ങിയവരാണ് വേഷമിടുന്നത്.

കഥാകൃത്ത് ആർ.ഉണ്ണിയുടെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കി അരുൺലാലാണു സ്ക്രിപ്റ്റ് നിർവഹിച്ചിട്ടുള്ളത്. ഷറഫുദ്ദീൻ സാങ്കേതിക നിർവഹണവും ഫൈസൽ ഫാസി സംഗീതവും കൈകാര്യം ചെയ്യുന്നു. ഷമീർ ഹസൻ, പി.എ.നാസർ, വി.പി.സക്കീർ, കാദർ വട്ടപ്പറമ്പിൽ, കൃഷ്ണൻ കുട്ടി, എ.വി.ജലീൽ, വി.പി.ഷമീർ, ബുക്കാർ എന്നിവർ അണിയറയിലും പ്രവർത്തിക്കുന്നു. ഏഴു പ്രവാസി നാടകങ്ങളാണു നാടകോൽസവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഒന്നിന് മുംബൈ പൻവേൽ മലയാളി സമാജത്തിന്റെ ‘ഇഡിയറ്റ്’, രണ്ടിനു ന്യൂഡൽഹിയിലെ വൃക്ഷ് ദി തിയറ്ററിന്റെ ‘മേഘങ്ങളെ കീഴടങ്ങുവിൻ’, മൂന്നിനു കൊൽക്കത്തയിലെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ‘കടൽ സഞ്ചാരം’, അഞ്ചിനു ബഹ്റൈൻ കേരളീയ സമാജത്തിന്റെ ‘ഗോദോയെ കാത്ത്’, ആറിനു കുവൈത്ത് ഫ്യൂച്ചർ ഐ തിയറ്ററിന്റെ ‘ഉഷ്ണമേഖലയിലെ പെൺകുട്ടി’, ഏഴിനു ഹൈദരാബാദ് ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ‘വവ്വാലുകളുടെ നൃത്തം’ എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.