Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസാരിക്കുന്നത് ജനങ്ങൾക്കു വേണ്ടി: വീണാ ജോർജ്

veena സൗഹൃദ സംഗമത്തിൽ പങ്കെടുക്കാനെത്തിയ വീണ ജോർജ് എംഎൽഎ സന്ദർശക പുസ്തകതത്തിൽ കുറിപ്പെഴുതുന്നു

ദോഹ ∙ മാധ്യമപ്രവർത്തകയിൽനിന്ന് എംഎൽഎയായപ്പോൾ എന്തെങ്കിലും മാറ്റം സംഭവിച്ചതായി തോന്നുന്നില്ലെന്ന് ആറൻമുള എംഎൽഎ വീണാ ജോർജ്. മാധ്യമപ്രവർത്തകയെന്ന നിലയിൽ ജനങ്ങൾക്കുവേണ്ടിയാണു സംസാരിച്ചിരുന്നത്. അവർക്കു വേണ്ടിയാണു ചോദ്യങ്ങളുന്നയിച്ചിരുന്നത്. ഇപ്പോഴും അതുതന്നെയാണു ചെയ്യുന്നത്. മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടിയാണു സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ അത് ഒരു മാറ്റമല്ല, മറിച്ച് ഒരു തുടർച്ചയാണെന്ന് അവർ പറഞ്ഞു. ഇന്ത്യൻ മീഡിയ ഫോറം (ഐഎംഎഫ്) സംഘടിപ്പിച്ച സൗഹൃദസംഗമത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. കേരളത്തിൽ കഴിഞ്ഞ 17 മാസത്തെ ഇടതുമുന്നണി ഭരണത്തിലൂടെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നു വീണാ ജോർജ് പറഞ്ഞു.

ഹരിതകേരള മിഷൻ പദ്ധതിയിലൂടെ വരട്ടാറിന്റെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതെക്കുറിച്ച് ഒരു എംഎൽഎ എന്ന നിലയിൽ അഭിപ്രായം പറയാൻ താനായിട്ടില്ലെന്നായിരുന്നു പ്രതികരണം. അത് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ അഭിപ്രായം പറയാനില്ല. സോളർ വിഷയത്തിൽ മുൻ യുഡിഎഫ് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ പരാമർശമുള്ളത്.

ആ റിപ്പോർട്ടുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന മലർന്നുകിടന്നു തുപ്പുന്നതാണ്. എംഎൽഎമാർ കല്യാണവീടുകളും മരണവീടുകളും കയറിയിറങ്ങി സമയം കളയേണ്ടെന്നാണു പാർലമെന്ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുള്ളത്. അതിനു പ്രാദേശിക നേതാക്കളുണ്ട്. അവർ പോകട്ടെ. എംഎൽഎമാർ മണ്ഡലത്തിലെ വികസനത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.

പക്ഷേ, ക്ഷണിച്ചിട്ട് പോയില്ലെങ്കിൽ അടുത്ത മണ്ഡലത്തിലെ എംഎൽഎമാർ അവിടെ പോകുന്ന തരത്തിലാണു കാര്യങ്ങളെന്നും ചോദ്യത്തിനു മറുപടിയായി വീണാ ജോർജ് തമാശരൂപേണ പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടി ‘നാം മുന്നോട്ട്’ എന്ന ടെലിവിഷൻ ഷോയുടെ അവതാരക എന്ന നിലയിലുള്ള വിശേഷങ്ങളും വീണാ ജോർജ് പങ്കുവച്ചു. ഐഎംഎഫ് ഭാരവാഹികളായ മുജീബ്റഹ്മാൻ കരിയാടൻ, ആർ.റിൻസ്, മുജീബ്റഹ്മാൻ ആക്കോട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.