Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജ്യാൽ യൂത്ത് ഫിലിം ഫെസ്റ്റിവൽ 29 മുതൽ

film-fest

ദോഹ ∙ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അഞ്ചാമത് അജ്യാൽ യൂത്ത് ഫിലിം ഫെസ്റ്റിവൽ 29 മുതൽ ഡിസംബർ നാലു വരെ കത്താറ കൾച്ചറൽ വില്ലേജിൽ നടക്കും. ആറു ദിവസത്തെ മേളയിൽ 43 രാജ്യങ്ങളിൽ നിന്നായി 103 ചിത്രങ്ങളാണു പ്രദർശിപ്പിക്കുക. ആഞ്ജലിന ജോളി നിർമിച്ച ‘ദി ബ്രെഡ് വിന്നർ’ എന്ന ചിത്രമാണു മേളയുടെ ഉദ്ഘാടന ചിത്രം. എല്ലാ തലമുറയ്ക്കുമുള്ള ചലച്ചിത്രോൽസവമാണ് അജ്യാലെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ഫത്‌മ അൽ റെമെയ്ഹി പറ‍ഞ്ഞു.

നമ്മുടെ യുവാക്കളുടെ ഭാവനയെ ഉത്തേജിപ്പിക്കാൻ ചലച്ചിത്രോൽസവത്തിലൂടെ സാധിക്കുമെന്ന് അവർ പറഞ്ഞു. മേന പ്രീമിയർ ലുക്കിങ് ഫോർ ഓവും കുൽത്തും, ഖത്തർ പ്രീമിയർ ലവിങ് വിൻസെന്റ് തുടങ്ങിയവ ചലച്ചിത്രോൽസവത്തിലുണ്ട്. ഖത്തർ ഫിലിം ഫണ്ട് പദ്ധതികളിലുൾപ്പെട്ട ഐഷ അൽ ജെയ്ദായുടെ ‘1001 ഡേയ്സ്’, ഹമിദ ഈസ്സയുടെ ‘എലവേറ്റ്’ എന്നീ ചിത്രങ്ങളുമുണ്ട്. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഗ്രാന്റ് മുഖേന നിർമിച്ച 25 ചലച്ചിത്രങ്ങളും അജ്യാൽ 2017ൽ പ്രദർശിപ്പിക്കും. ബേർഡ്സ് ലൈക്ക് അസ്, ഡിസപ്പിയറൻസ്, വാലെ, ലിയാന, ഹൗസ് ഇൻ ദി ഫീൽഡ്സ് എന്നിവ അതിലുൾപ്പെടുന്നു.

‘മെയ്ഡ് ഇൻ കുവൈത്ത്’ ചിത്രങ്ങളാണ് ഇത്തവണത്തെ ചലച്ചിത്രോൽസവത്തിന്റെ മറ്റൊരു പ്രത്യേകത. മത്സര വിഭാഗത്തിൽ 12 ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളുമാണുള്ളത്. എട്ടു മുതൽ 21 വരെ പ്രായവിഭാഗത്തിലുള്ള 550 പേരുൾപ്പെട്ട ജൂറിയാണ് ഈ ചലച്ചിത്രങ്ങളെ വിലയിരുത്തുക. 45 രാജ്യങ്ങളിൽ നിന്നുള്ളവരാണ് അജ്യാൽ ജൂറി അംഗങ്ങൾ. ഇതിൽ 29 പേർ വിവിധ രാജ്യങ്ങളിൽ നിന്നു ചലച്ചിത്രോൽസവത്തിൽ പങ്കെടുക്കാനായി മാത്രം ദോഹയിലെത്തും. ടിക്കറ്റുകൾ ഓൺലൈനായും ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നിന്നു നാളെ മുതൽ ലഭ്യമാകും. 25 റിയാലാണു ടിക്കറ്റ് നിരക്ക്. 18 മുതൽ കത്താറയിലെ 12–ാം നമ്പർ കെട്ടിടത്തിലുള്ള അജ്യാൽ കത്താറ ബോക്സ് ഓഫിസിൽ നിന്നാണു ടിക്കറ്റുകൾ ലഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.