Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഘ് പരിവാറും ഇടതു സർക്കാരും ജനത്തെ അവഹേളിക്കുന്നു: സോഷ്യൽ ഫോറം

ദോഹ ∙ തീവ്ര ഹിന്ദുത്വ അജൻഡയുമായി രംഗത്തിറങ്ങിയ സംഘ് പരിവാറും അധികാരത്തിലേറിയതു മുതൽ സംഘ് പരിവാർ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന ഇടതുസർക്കാരും ജനങ്ങളെ അവഹേളിക്കുകയാണു ചെയ്യുന്നതെന്നു ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കണ്ണൂർ ജില്ലാ കൺവൻഷൻ ആരോപിച്ചു.

രാഷ്ട്രീയ മേൽക്കോയ്മയ്ക്കു വേണ്ടി ജില്ലയിൽ നിരന്തരം കൊലപാതകങ്ങൾ നടത്തി മൽസരിച്ച പാർട്ടികൾ പരസ്പരം ഭീകരത ആരോപിക്കുന്നത് ആരെ വിഡ്ഢികളാക്കാനാണെന്നു സോഷ്യൽ ഫോറം ചോദിച്ചു. ഐഎസ് പോലുള്ള ഭീകര സംഘടനകളെ കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെയുള്ള ഒരു മുസ്‌ലിം സംഘടനയും അംഗീകരിക്കുന്നില്ല. അതിനെതിരെ പ്രചാരണം നടത്തുകയും ചെയ്യുന്നു. എന്നാൽ, അത്തരം പ്രചാരണ, ബോധവൽക്കരണ ശ്രമങ്ങളെ കണ്ടില്ലെന്നു നടിച്ച് ഒരു സമുദായത്തിനുനേരെ വിഷം ചീറ്റുന്നതു സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനും അരക്ഷിത ബോധം സൃഷ്ടിക്കുന്നതിനുമാണെന്നു സംഘടന ആരോപിച്ചു.

ഇത്തരം കുപ്രചാരണങ്ങൾക്കു വളംവച്ചു കൊടുക്കുകയാണു കേരള സർക്കാർ ചെയ്യുന്നത്. കേരളത്തിൽ ചുവടുറപ്പിക്കുന്നതിനു വേണ്ടി സംഘ് പരിവാർ നടത്തുന്ന പ്രചാരണങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുകയാണു മതേതര സർക്കാർ ചെയ്യേണ്ടതെന്നു സോഷ്യൽ ഫോറം കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സോഷ്യൽ ഫോറം കണ്ണൂർ ജില്ലാ ഭാരവാഹികൾ: സി. അബ്ദുല്ല കണ്ണാടിപ്പറമ്പ് (പ്രസി), ഇസ്ഹാഖ് അമീൻ (വൈ. പ്രസി), റയീസ് ഉളിയിൽ (ജന. സെക്ര), സജീർ നടുവനാട് (സെക്ര). സംസ്ഥാന പ്രസിഡന്റ് അഹമദ് കടമേരി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഷ്‌റഫ് പള്ളത്ത് തിരഞ്ഞെടുപ്പിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.