Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2018ൽ എണ്ണയാവശ്യം കൂടും: ഒപെക്

DOH-OPEC-dc

ദോഹ ∙ ആഗോള വിപണിയിൽ അടുത്തവർഷം എണ്ണയുടെ ആവശ്യം വൻതോതിൽ വർധിക്കുമെന്ന് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്. ഉൽപാദന നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ എണ്ണ ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നാണ് ഒപെക്കിന്റെ പ്രതിമാസ റിപ്പോർട്ടിലെ വിലയിരുത്തൽ.

ഒപെക്കിന്റെ ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം അടുത്തവർഷം പ്രതിദിനം 33.06 ദശലക്ഷം ബാരലിന്റെ ആവശ്യമാണുണ്ടാകുക. ജൂലൈയിലെ വിലയിരുത്തലിൽ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 2.30 ലക്ഷം ബാരൽ അധികമാണിത്. തുടർച്ചയായി മൂന്നാമത്തെ തവണയാണ് ഒപെക് രാജ്യങ്ങൾ കണക്കു കൂട്ടലിൽ മാറ്റം വരുത്തുന്നത്. ഒപെക്, ഒപെക് ഇതര എണ്ണയുൽപാദക രാജ്യങ്ങൾ സംയുക്തമായി തീരുമാനിച്ച ഉൽപാദന നിയന്ത്രണം ലക്ഷ്യം കാണുന്നുവെന്നതാണ് വിപണിയിൽനിന്നു ലഭ്യമാകുന്ന സൂചനകൾ.

ബാരലിന് 50 ഡോളറിനു താഴെയായിരുന്ന എണ്ണവില ഉയർന്ന് 60 ഡോളർ വരെ എത്തിയിരുന്നു. ശൈത്യകാലത്ത് എണ്ണ ശുദ്ധീകരണ പ്രക്രിയ കൂടുതൽ ദുഷ്കരമാകുമെന്നതിനാൽ ഇനി ലഭ്യതയിൽ കൂടുതൽ കുറവുണ്ടാകാനാണു സാധ്യത. അടുത്തവർഷം മാർച്ച് വരെ ഉൽപാദനത്തിൽ പ്രതിദിനം 12 ലക്ഷം ബാരലിന്റെ കുറവു വരുത്താനാണ് ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ തീരുമാനിച്ചിട്ടുള്ളത്. സെപ്റ്റംബറിലെ എണ്ണ ഉൽപാദനത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ടെങ്കിലും അത് 2018ൽ പ്രതീക്ഷിക്കുന്നതിനേക്കാൾ താഴെ നിൽക്കുകയാണ്. സെപ്റ്റംബറിൽ എണ്ണ ഉൽപാദനം പ്രതിദിനം 89,000 ബാരൽ ഉയർന്ന് 32.75 ദശലക്ഷം ബാരലിലെത്തിയിരുന്നു.

ഒപെക് ഇതര രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുൽപാദനത്തിൽ അടുത്തവർഷം 9.40 ലക്ഷം ബാരലിന്റെ വർധനയുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്. നേരത്തേ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 60,000 ബാരൽ കുറവാണിത്. റഷ്യയിൽ നിന്നുള്ള എണ്ണലഭ്യതയിലുണ്ടാകുന്ന കുറവാണ് ഇതിനു പ്രധാന കാരണം. അതേ സമയം, അടുത്തവർഷം യുഎസ് ഷെയ്‌ൽ ഗ്യാസ് കമ്പനികൾ ഉൽപാദനം വർധിപ്പിക്കാനുള്ള സാധ്യതയും ഒപെക് തള്ളിക്കളയുന്നില്ല.

അടുത്ത വർഷം എണ്ണവില ബാരലിന് 50–55 ഡോളറിൽ വരാനാണ് സാധ്യതയെന്നും ഒപെക് പറയുന്നു. ഒപെക്, ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങൾ ലക്ഷ്യമിട്ട ഉൽപാദന നിയന്ത്രണത്തിന്റെ 98% പാലിക്കുന്നുണ്ട്. ഒപെക്കിലെ പ്രാധാന എണ്ണയുൽപാദകരായ സൗദി അറേബ്യ സെപ്റ്റംബർ മാസത്തിൽ പ്രതിദിനം 9.973 ദശലക്ഷം ബാരലിന്റെ ഉൽപാദനമാണു നടത്തിയത്. ഓഗസ്റ്റിലേതിനേക്കാൾ 22,000 ബാരൽ കൂടുതലാണിത്. എന്നാൽ, ഒപെക് നിർദേശിച്ച 10.058 ദശലക്ഷം ബാരലിനേക്കാൾ കുറവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.