Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാവകാശ സംരക്ഷണത്തിന്‌ പ്രതിജ്‌ഞാബദ്ധമെന്നു ഖത്തർ

woman

ദോഹ ∙ സ്‌ത്രീകളുടെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച്‌ പ്രാദേശിക, രാജ്യാന്തര തലങ്ങളിലുള്ള എല്ലാ കരാറുകളും നടപ്പാക്കാൻ പ്രതിജ്‌ഞാബദ്ധമെന്നു ഖത്തർ. സ്‌ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും നിർമാർജനം ചെയ്യാനുള്ള യുഎൻ കൺവൻഷൻ അന്തഃസത്ത ചോരാതെ നടപ്പാക്കുന്നതിനു വലിയ പ്രാധാന്യമാണ്‌ നൽകുന്നതെന്നും വനിതാശാക്‌തീകരണം സംബന്ധിച്ചു യുഎന്നിൽ നടന്ന യോഗത്തിൽ ഖത്തര്‍ പ്രതിനിധി സാറാ മുഹമ്മദ്‌ കമാൽ അൽ ഇമാദി പറഞ്ഞു.

വനിതാ ശാക്‌തീകരണത്തിനു ഖത്തറിന്റെ നയപരിപാടികളിൽ പ്രമുഖ സ്‌ഥാനമുണ്ട്. ഖത്തറിലെ സാമൂഹിക ജീവിതത്തിന്റെ സമസ്‌തമേഖലകളിലും വനിതകൾ നിർണായക സ്‌ഥാനത്താണ്‌. സ്‌ത്രീകൾക്ക്‌ എല്ലാമേഖലയിലും തുല്യത ഉറപ്പാക്കുന്നതാണ്‌ ഖത്തറിന്റെ ഭരണഘടന. സർക്കാർ ജോലികളിൽ വനിതകൾക്ക്‌ ഏറെ പങ്കാളിത്തമുണ്ട്‌. ഇതിനൊപ്പം വ്യാപാര, രാഷ്‌ട്രീയ രംഗങ്ങളിലും വനിതകളുടെ സാന്നിധ്യം ശക്‌തമാക്കാൻ നയപരിപാടികൾ ആവിഷ്‌കരിക്കുകയാണെന്നും അവർ അറിയിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യസത്തിന്‌ മുൻകയ്യെടുത്ത അറബ്‌, ഇസ്‌ലാമിക രാജ്യങ്ങളിൽ പ്രഥമസ്‌ഥാനത്താണ്‌ ഖത്തർ. 1938-ൽ അറബ്‌ മേഖലയിലെ ആദ്യ പെൺപള്ളിക്കൂടം ആരംഭിച്ചതു ഖത്തറിലാണെന്നും മഅൽ ഇമാദി അനുസ്‌മരിച്ചു.

സ്‌ത്രീകൾക്ക്‌ രാജ്യത്തു വോട്ടവകാശമുണ്ട്. സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്കു വനിതാപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടുന്നു. മന്ത്രിസഭയിലും ജുഡീഷ്യറിയിലും പൊലീസിലും സുരക്ഷാസേനയിലും വനിതകളുണ്ട്‌. സർവകലാശാല പ്രസിഡന്റ് പദവിയിലും പബ്ലിക്‌ പ്രോസിക്യൂട്ടർ പദവിയിലും അംബാസഡർ പദവിയിലുമെല്ലാം ഖത്തരി വനിതകളുണ്ടെന്നും അവർ എടുത്തുകാട്ടി. യുഎൻ പൊതുസഭയുടെ 72-ാം സമ്മേളനത്തിന്റെ ഭാഗമായാണ്‌ ന്യൂയോർക്കിൽ സ്‌ത്രീശാക്‌തീകരണയോഗം സംഘടിപ്പിച്ചത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.